‘ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’ ഇന്ന് വൈകുന്നേരം 4 മണി മുതൽ ഫ്ളവേഴ്സ് ടിവിയിൽ…
കോഴിക്കോടിന്റെ മണ്ണിൽ ആവേശം തീർത്ത സംഗീത നിശ ‘ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’ പ്രേക്ഷകരിലേക്ക് എത്തുകയാണ്. ഇന്ന് വൈകുന്നേരം 4 മണി മുതൽ പരിപാടി ഫ്ളവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യും. ഗൗരി ലക്ഷ്മി, ജോബ് കുര്യൻ, തൈക്കൂടം ബ്രിഡ്ജ്, അവിയൽ തുടങ്ങിയ മലയാളികളുടെ പ്രിയപ്പെട്ട ബാൻഡുകളുടെ സംഗീത വിസ്മയം ഇനി ഫ്ളവേഴ്സ് ടിവിയുടെ പ്രേക്ഷകർക്ക് ആസ്വദിക്കാം. (Db night by flowers telecast)
‘ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’ സംഗീത നിശയുടെ ആദ്യ ഭാഗത്തിന് കോഴിക്കോട് തിരി തെളിഞ്ഞപ്പോൾ സമാനതകളില്ലാത്ത വമ്പൻ വരവേൽപ്പാണ് ലഭിച്ചത്. പ്രേക്ഷകരുടെ ഇഷ്ട സംഗീതജ്ഞരൊക്കെ കോഴിക്കോട് ട്രേഡ് സെന്ററിൽ പ്രകടനങ്ങൾ കാഴ്ച്ചവെച്ചപ്പോൾ ആവേശത്തോടെയാണ് കോഴിക്കോട് അവരെ സ്വീകരിച്ചത്. വേദിയിൽ ആവേശത്തിന് അതിരുകൾ ഇല്ലാതായതോടെ ആസ്വാദകർക്കും മറക്കാനാവാത്ത ഒരനുഭവമായി ‘ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’ മാറി.
കോഴിക്കോട് നടന്ന പരിപാടിയിൽ പ്രേക്ഷകരുടെ ഇഷ്ട ഗായികയായ ഗൗരി ലക്ഷ്മിയാണ് ആദ്യം വേദിയിൽ ആവേശത്തിന് തിരി കൊളുത്തിയത്. സിനിമ ഗാനങ്ങളിലൂടെയും സ്വതന്ത്ര ആൽബങ്ങളിലൂടെയും മലയാളികളുടെ മനസ്സ് കവർന്ന ഗായികയാണ് ഗൗരി ലക്ഷ്മി. ഗായികയെ ഏറെ പ്രശസ്തയാക്കിയ ഗോദയിലെ “ആരോ നെഞ്ചിൽ” അടക്കം നിരവധി ഗാനങ്ങളിലൂടെ ഗൗരി ആഘോഷ രാവിന് തുടക്കം കുറിക്കുകയായിരുന്നു. മലയാളികൾ ഹൃദയത്തിലേറ്റിയ ഗായകൻ ജോബ് കുര്യനാണ് ശേഷം വേദി കൈയേറിയത്. വലിയ ഹിറ്റായ തന്റെ ഒറിജിനൽ ഗാനങ്ങളായ പദയാത്രയും, താളവും ഒപ്പം ജോബിന് വലിയ പ്രശസ്തി നേടിക്കൊടുത്ത ഇടുക്കി ഗോൾഡിലെ “മാണിക്യചിറകുള്ള..” എന്ന ഗാനവും ആലപിച്ചാണ് ഗായകൻ ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സിനെത്തിയ പ്രേക്ഷകരെ ആവേശത്തിലാക്കിയത്.
മലയാള സ്വതന്ത്ര സംഗീതത്തെ ലോകഭൂപടത്തിൽ അടയാളപ്പെടുത്തിയ തൈക്കൂടം ബ്രിഡ്ജും അവിയലുമാണ് പിന്നീട് വേദിയിലേക്കെത്തിയത്. അതിന് ശേഷമുള്ള രണ്ട് മണിക്കൂറുകൾ കോഴിക്കോട്ടെ സംഗീത പ്രേമികൾ സമാനതകളില്ലാത്ത സംഗീതാനുഭവത്തിനാണ് സാക്ഷ്യം വഹിച്ചത്. ഇന്ത്യ മുഴുവൻ വലിയ ഹിറ്റായി മാറിയ “നവരസം..”, “ഫിഷ് റോക്ക്..” അടക്കമുള്ള ഗാനങ്ങളിലൂടെ തൈക്കൂടം ബ്രിഡ്ജ് പ്രേക്ഷകരെ കൈയിലെടുത്തപ്പോൾ “നട നട..”, “ചെക്കേലെ..”, “ആനക്കള്ളൻ..” അടക്കമുള്ള ഗാനങ്ങൾ വേദിയിൽ അവതരിപ്പിച്ച് അവിസ്മരണീയമായ ഒരനുഭവമാണ് അവിയൽ കോഴിക്കോടുകാർക്ക് നൽകിയത്. ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സിന്റെ വരാനിരിക്കുന്ന രണ്ടാം ഭാഗത്തെ പറ്റിയുള്ള സൂചനകൾ കൂടി നൽകിയാണ് ഒന്നാം ഭാഗത്തിന് കോഴിക്കോട് കൊടിയിറങ്ങിയത്.
Story Highlights: Db night by flowers telecast today