ഗിറ്റാർ വായിച്ചുകൊണ്ട് അതിമനോഹരമായി പാടുന്ന പോലീസുകാരൻ- ഹൃദ്യമായ വിഡിയോ
തിരക്കേറിയ ജോലികളിലേക്ക് ചേക്കേറുന്നതോടെ കലാപരമായ കഴിവുകൾ ഉള്ളിൽ ഒതുക്കുന്നവരാണ് കൂടുതലും. ജോലിയുടെ സ്വഭാവമനുസരിച്ച് ചിലർ സർഗ്ഗവാസനകൾ ഒപ്പം കൂട്ടും. രാവും പകലുമില്ലാതെ നാടിന് കാവലാകുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ മുൻപൊന്നും വേദി ലഭിച്ചിരുന്നില്ല. എന്നാൽ സമൂഹ മാധ്യമങ്ങളുടെ കടന്നുവരവോടെ പോലീസ് സേനയിലെ ഒട്ടേറെ കലാകാരന്മാർ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി.
കാക്കിക്കുള്ളിലെ കലാഹൃദയം എന്ന വിശേഷണത്തിന് അനുയോജ്യരായ ഒട്ടേറെ ഉദ്യോഗസ്ഥർ കലാരംഗത്ത് ഇപ്പോൾ സജീവമാണ്. പാടാനുള്ള തന്റെ കഴിവ് പാഴാക്കാത്ത ഒരു ഡൽഹി പോലീസുകാരനാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരമാകുന്നത്. അർജിത് സിങ്ങിന്റെ മനോഹരമായ ഒരു ഗാനം ആലപിക്കുന്ന പോലീസുകാരന്റെ വിഡിയോ ഇൻസ്റ്റാഗ്രാമിലൂടെയാണ് ശ്രദ്ധനേടിയത്. അത് തീർച്ചയായും കാണേണ്ട ഒന്നാണ്.
രജത് റാത്തോർ പങ്കുവെച്ച വിഡിയോയിൽ, ഗിറ്റാർ വായിക്കുന്നതിനൊപ്പം അദ്ദേഹം റോകെ നാ റുകെ നൈന എന്ന ഗാനം പാടുന്നത് കാണാം. മറ്റ് ചില പോലീസുകാരും മറ്റ് ഉപകരണങ്ങൾ ഉപയോഗിച്ച് രജതിനെ സഹായിക്കുന്നതും കാണാം. റോകെ നാ രുകേ നൈന എന്ന ഗാനത്തിൽ ആലിയ ഭട്ടും വരുൺ ധവാനുമാണ് അഭിനയിച്ചിരിക്കുന്നത്. ‘ബദരീനാഥ് കി ദുൽഹനിയ’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം.
Read Also: ഐസിൽ പമ്പരം പോലെ ചുറ്റിക്കറങ്ങി ഒരു 62 കാരി; അമ്പരപ്പിക്കുന്ന സ്കേറ്റിംഗ് പ്രകടനം-വിഡിയോ
മുൻപും ഒട്ടേറെ പോലീസുകാർ ഇങ്ങനെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയരായിരുന്നു. കേരള പോലീസിന്റെ ഓർക്കസ്ട്രാ യൂണിറ്റ് ഹെഡ് ആയ കണ്ണൂർ സ്വദേശി ജോസഫ് കെ.എ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വിഡിയോയും അടുത്തിടെ ശ്രദ്ധനേടിയിരുന്നു. വയലിനിൽ മാന്ത്രികത തീർക്കുകയാണ് ഇദ്ദേഹം. നക്ഷത്ര ദീപങ്ങൾ തിളങ്ങി എന്ന പ്രസിദ്ധ മലയാള ചലച്ചിത്ര ഗാനമാണ് വയലിനിൽ വായിക്കുന്നത്. മറ്റു വാദ്യോപകരണങ്ങളുടെ സഹായവുമുണ്ട്. എന്തായാലും പോലീസ് സേനയിൽ നിന്നും വീണ്ടുമൊരു കലാകാരൻ ശ്രദ്ധിക്കപ്പെടുകയാണ്.
Story highlights- Delhi cop’s melodious rendition