“ഷമ്മി ഹീറോയാടാ..”; കുമ്പളങ്ങി നൈറ്റ്സ് ഇറങ്ങിയിട്ട് നാല് വർഷങ്ങൾ, ഷമ്മിയുടെ ചിത്രം പങ്കുവെച്ച് ഫഹദ് ഫാസിൽ

February 7, 2023

ശ്യാം പുഷ്ക്കരൻ തിരക്കഥയെഴുതി മധു.സി.നാരായണൻ സംവിധാനം ചെയ്‌ത ചിത്രമാണ് ‘കുമ്പളങ്ങി നൈറ്റ്സ്.’ ഭാവന സ്‌റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഒരു ചിത്രമായി മാറുകയായിരുന്നു. 2019 ഫെബ്രുവരി 7 ന് തിയേറ്ററുകളിലെത്തിയ ചിത്രം ആ വർഷത്തെ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറി.

ഇപ്പോൾ കുമ്പളങ്ങി നൈറ്റ്സിന്റെ നാലാം വാർഷികമായ ഇന്ന് ഫഹദ് ഫാസിൽ ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു ചിത്രമാണ് ശ്രദ്ധേയമാവുന്നത്. തന്റെ കഥാപാത്രമായ ഷമ്മിയുടെ ചിത്രമാണ് ഫഹദ് പങ്കുവെച്ചത്. ‘കുമ്പളങ്ങി നൈറ്റ്സിന്റെ നാല് വർഷങ്ങൾ’ എന്ന് കുറിച്ച് കൊണ്ടാണ് അദ്ദേഹം ചിത്രം പങ്കുവെച്ചത്. ചിത്രത്തിലെ അദ്ദേഹത്തിന്റെ കഥാപാത്രത്തിന് ഏറെ പ്രശംസകൾ ലഭിച്ചിരുന്നു.

അതേ സമയം കുമ്പളങ്ങി നൈറ്റ്സിനും ഏറെ നിരൂപക പ്രശംസ ലഭിച്ച ജോജിക്കും ശേഷം ഭാവന സ്‌റ്റുഡിയോസ് നിർമ്മിച്ച ചിത്രമാണ് ‘തങ്കം.’ ബിജു മേനോനും വിനീത് ശ്രീനിവാസനും ഒന്നിച്ചെത്തിയ ‘തങ്കം’ തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ശ്യാം പുഷ്കരൻ തിരക്കഥയൊരുക്കിയ സിനിമയുടെ സംവിധാനം സഹീദ് അറാഫത്താണ് നിർവ്വഹിച്ചിരിക്കുന്നത്. ജനുവരി 26നാണ് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. തൃശൂരിലെ സ്വർണ്ണ കച്ചവടവുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരിലൂടെയാണ് സിനിമയുടെ കഥ വികസിക്കുന്നത്.

Read More: ‘ഡിബി നൈറ്റ്’ സംഗീതനിശയിലെ ഇഷ്ടപ്പെട്ട പെർഫോമറെ കമന്റ് ചെയ്യൂ; ടിക്കറ്റ് സ്വന്തമാക്കാം..

അപർണ്ണ ബാലമുരളി, ഗിരീഷ് കുൽക്കർണി, കൊച്ചുപ്രേമൻ, വിനീത് തട്ടിൽ ഡേവിഡ്, ശ്രീകാന്ത് മുരളി, കലൈയരസൻ തുടങ്ങി നിരവധി താരങ്ങളാണ് ‘തങ്ക’ത്തിൽ പ്രധാന വേഷങ്ങളിലുള്ളത്. കൂടാതെ നിരവധി മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ബിജി ബാല്‍ ആണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. കലാ സംവിധാനം ഗോകുൽ ദാസും സൗണ്ട് ഡിസൈൻ ഗണേഷ് മാരാരും മേക്കപ്പ് റോണക്സ് സേവ്യറുമാണ്. ഗൗതം ശങ്കറാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹണം. വസ്ത്രാലങ്കാരം മഷർ ഹംസ, സൗണ്ട് മിക്സിങ് തപസ് നായക്, വിഎഫ്എക്സ് എഗ് വൈറ്റ് വിഎഫ്എക്സ്, ഡി ഐ കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, കോ ഡയറക്ടർ പ്രിനീഷ് പ്രഭാകരൻ എന്നിവരാണ്.

Story Highlights; Fahad fazil shares shammi photo