സംസ്ഥാനത്ത് ഇന്നു മുതൽ വൈദ്യുതി ചാർജ്ജ് വർധന പ്രാബല്യത്തിൽ
സംസ്ഥാനത്ത് ഇന്നു മുതൽ വൈദ്യുതി ചാർജ്ജ് വർധന പ്രാബല്യത്തിൽ വരും. യൂണിറ്റിന് 9 പൈസയാണ് വർധിക്കുക. ഇന്ധന സർചാർജ്ജ് ഈടാക്കാൻ കെഎസ്ഇബിക്ക് സംസ്ഥാന വൈദ്യുത റഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയതിനെ തുടർന്നാണിത്.
മെയ് 31 വരെ നാലുമാസ കാലത്തേക്കാണ് വർധന. കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നു മുതൽ ജൂൺ 30 വരെ കെഎസ്ഇബി പുറത്തു നിന്ന് വൈദ്യുതി വാങ്ങിയതിൽ റെഗുലേറ്ററി കമ്മീഷൻ അനുവദിച്ചതിനേക്കാൾ 87 കോടി രൂപ അധികമായി ചെലവായി. ഇതിനാണ് നിരക്കിൽ യൂണിറ്റിന് 9 പൈസ വർധിപ്പിക്കാൻ കമ്മിഷൻ അനുമതി നൽകിയത്. ആയിരം വാട്സ് വരെ കണക്റ്റഡ് ലോഡ് ഉള്ളതും പ്രതിമാസം 40 യൂണിറ്റിൽ കവിയാതെ ഉപഭോഗം ഉള്ളതുമായ ഗാർഹിക ഉപഭോക്താക്കളെ ഇന്ധന സർചാർജിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
രാജ്യത്ത് നിലനിന്ന കൽക്കരി ക്ഷാമം മൂലം വൈദ്യുതി ഉൽപ്പാദന രംഗത്ത് ഉണ്ടായ പ്രതിസന്ധിയാണ് കേരളത്തെയും ബാധിച്ചത്. താപവൈദ്യുത നിലയങ്ങളെല്ലാം ഇപ്പോഴും ഇറക്കുമതി ചെയ്ത കൽക്കരി ഉപയോഗിക്കുന്നതിനാൽ മേയ് കഴിഞ്ഞും നിരക്കിൽ വർധനയുണ്ടാകും.
Story highlights- Increase in electricity charges in the state from today