വാങ്ങാനാളുണ്ട്; മാഞ്ചസ്റ്റർ യുണൈറ്റഡിനെ സ്വന്തമാക്കാനൊരുങ്ങി ഖത്തറും സൗദിയും, വില 60,000 കോടി
ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമുകളിലൊന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇതിഹാസ താരങ്ങളായ ഡേവിഡ് ബെക്കാം, ക്രിസ്റ്റ്യാനോ റൊണാൾഡോ തുടങ്ങിയവരൊക്കെ പന്ത് തട്ടിയ ക്ലബ്ബ് നിരവധി നേട്ടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. സർ അലക്സ് ഫെർഗൂസൻ എന്ന ലോകപ്രശസ്ത പരിശീലകന്റെ കീഴിൽ ഒരു കാലത്ത് ലോകത്തെ തന്നെ ഏറ്റവും മികച്ച ക്ലബ്ബായി മാഞ്ചസ്റ്റർ മാറിയിരുന്നു. ഫെർഗൂസൻ വിരമിച്ചതോടെ ക്ലബ്ബിന് പഴയ പ്രതാപകാലം നഷ്ടമായെങ്കിലും ഇപ്പോഴും ആരാധകർക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു വികാരം തന്നെയാണ്.
എന്നാൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ക്ലബ്ബ് ഇപ്പോൾ വിൽപനയ്ക്ക് വെച്ചിരിക്കുകയാണ്. ക്ലബ്ബിന്റെ ഇപ്പോഴത്തെ ഉടമസ്ഥരായ ഗ്ലെയ്സർ കുടുംബം കഴിഞ്ഞ വർഷം അവസാനമാണ് ക്ലബ്ബ് വിൽപനയ്ക്ക് വെച്ചതായി പ്രഖ്യാപിച്ചത്. ക്ലബ്ബിനെ സ്വന്തമാക്കാനായി ഖത്തർ രാജകുടുംബാംഗവും സൗദിയിൽ നിന്നുള്ള ഗ്രൂപ്പും രംഗത്തുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. ബ്രിട്ടനിൽ നിന്നുള്ള കോടീശ്വരനായ ജിം റാറ്റ്ക്ലിഫും ക്ലബ്ബിനെ സ്വന്തമാക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 60,000 കോടിയാണ് ഗ്ലെയ്സർ കുടുംബം ക്ലബ്ബിനായി ആവശ്യപ്പെടുന്നത്.
Read More: സിസിഎൽ; തുടക്കം പിഴച്ചു, തെലുഗു വാരിയേഴ്സിനോട് കനത്ത പരാജയം ഏറ്റുവാങ്ങി C3 കേരള സ്ട്രൈക്കേഴ്സ്
അതേ സമയം മാഞ്ചസ്റ്റർ യുണൈറ്റഡും ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള പ്രശ്നങ്ങൾ ഏറെ വിവാദമായി മാറിയിരുന്നു. ഒരു അഭിമുഖത്തിൽ ക്രിസ്റ്റ്യാനോ മാഞ്ചസ്റ്ററിനെതിരെ രംഗത്ത് വന്നിരുന്നു. “ക്ലബിൽ നിന്ന് ചിലർ എന്നെ പുകച്ച് പുറത്തുചാടിക്കാൻ ശ്രമിക്കുന്നു. പരിശീലകൻ മാത്രമല്ല, മറ്റ് ചിലർ കൂടിയുണ്ട്. ഞാൻ ചതിക്കപ്പെട്ടതുപോലെ തോന്നുന്നു. ചിലർക്ക് എന്നെ അവിടെ ആവശ്യമില്ല. കഴിഞ്ഞ വർഷവും ഇങ്ങനെ ആയിരുന്നു. എന്താണ് നടക്കുന്നതെന്നറിയില്ല. സർ അലക്സ് ഫെർഗൂസൻ പോയതിനു ശേഷം ക്ലബിന് ഒരു പുരോഗതിയുമില്ല. എനിക്ക് ടെൻ ഹാഗിനോട് ബഹുമാനമില്ല. കാരണം അദ്ദേഹം എന്നെ ബഹുമാനിക്കുന്നില്ല. അതുകൊണ്ട് ഞാൻ ഒരിക്കലും അദ്ദേഹത്തെ ബഹുമാനിക്കില്ല. ക്ലബിന് നല്ലതുവരാനാണ് ഞാൻ ഇവിടെയെത്തിയത്. എന്തുകൊണ്ടാണ് വെയിൻ റൂണി എന്നെ ഇത്ര വിമർശിക്കുന്നതെന്ന് എനിക്കറിയില്ല. ചിലപ്പോൾ അദ്ദേഹം കളി നിർത്തിയിട്ടും ഞാൻ കളി തുടരുന്നതിനാലാവാം. അദ്ദേഹത്തെക്കാൾ മികച്ചവനാണ് ഞാനെന്ന് പറയുന്നില്ല, അത് സത്യമാണെങ്കിലും.”- ക്രിസ്റ്റ്യാനോ പറഞ്ഞു.
Story Highlights: Manchester United for sale