അടുത്ത ലോകകപ്പ് കളിക്കുമോ; മെസിയുടെ മറുപടി ചർച്ചാവിഷയമാവുന്നു
ഖത്തർ ലോകകപ്പ് ലയണൽ മെസി എന്ന ഇതിഹാസ താരത്തിന്റെ അവസാന ലോകകപ്പ് ആയിരിക്കുമെന്ന് നേരത്തെ തന്നെ സൂചനകൾ ഉണ്ടായിരുന്നു. മെസി തന്നെ ലോകകപ്പ് ആരംഭിക്കുന്നതിന് മുൻപ് ഇതിനെ പറ്റിയുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകിയിരുന്നു. തന്റെ അവസാനത്തെ ലോകകപ്പ് ആയിരിക്കും ഖത്തറിലേത് എന്ന് മെസി പറഞ്ഞതോടെ ലോകകപ്പിന് ശേഷം താരം അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചേക്കുമെന്നും സൂചനയുണ്ടായിരുന്നു.
എന്നാൽ അർജന്റീന ലോകകപ്പ് നേടിയതോടെ തുടർന്നും ടീമിൽ കളിക്കാൻ താൽപര്യം ഉണ്ടെന്ന് മെസി തുറന്ന് പറഞ്ഞിരുന്നു. 2024 ൽ അമേരിക്കയിൽ നടക്കുന്ന കോപ്പ അമേരിക്കയിൽ മെസി അർജന്റീനയ്ക്കായി ഇറങ്ങുമെന്ന് ഏറെക്കുറെ ഉറപ്പാണ്. എന്നാൽ 2026 ൽ നടക്കുന്ന അടുത്ത ലോകകപ്പിൽ കളിക്കുന്ന കാര്യത്തിൽ ഉറപ്പില്ലെന്നാണ് മെസി പറയുന്നത്.
അതേ സമയം മെസിയുടെ വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ടാണ് അർജന്റീന ഇത്തവണത്തെ ലോക കിരീടത്തിൽ മുത്തമിട്ടത്. മെസിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ഫുട്ബോൾ കരിയറിന് പൂർണത നൽകിയ നിമിഷമായിരുന്നു ലോകകപ്പ് കിരീട നേട്ടം. നായകനായി മുൻപിൽ നിന്ന് ടീമിനെ നയിച്ചതിനൊപ്പം ലോകകപ്പിലെ ഏറ്റവും മികച്ച താരമായും മെസി തിരഞ്ഞെടുക്കപ്പെട്ടു. എല്ലാ രീതിയിലും സമ്പൂർണമായി മെസിക്കവകാശപ്പെട്ട ലോകകപ്പായിരുന്നു ഖത്തറിലേത്.
Read More: ‘ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’ സംഗീത നിശയിലേക്ക് ആസ്വാദകരെ സ്വാഗതം ചെയ്ത് ഗൗരി ലക്ഷ്മി-വിഡിയോ
ഡിസംബർ 18 ന് നടന്ന ഫൈനൽ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ തകർത്താണ് അർജന്റീന ലോകകിരീടത്തിൽ മുത്തമിട്ടത്. 80 മിനിറ്റ് വരെ പൂർണമായും അർജന്റീന നിറഞ്ഞാടിയ മത്സരം വെറും ഒന്നര മിനുട്ട് കൊണ്ട് കിലിയൻ എംബാപ്പെ ഫ്രാൻസിന്റെ ദിശയിലേക്ക് തിരിച്ചു വിട്ടു. അവിടുന്നങ്ങോട്ട് പിന്നെ കണ്ടത് ഫിഫ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്ന്. ഒരു പക്ഷെ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കലാശ പോരാട്ടം. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ 4-2 ന് തകര്‍ത്താണ് ലോകമെമ്പാടുമുള്ള അര്‍ജന്റീനിയന്‍ ആരാധകരുടെ പ്രാര്‍ത്ഥന മെസ്സി നിറവേറ്റിയത്.
Story Highlights: Messi about playing in next world cup