അക്ഷയ് കുമാറിനെ വട്ടം കറക്കി പൃഥ്വിരാജ്; ഡാൻസ് വിഡിയോ വൈറലാവുന്നു

February 12, 2023

മോഹൻലാലും അക്ഷയ് കുമാറും ഒരുമിച്ച് ചുവടുകൾ വെയ്ക്കുന്ന ഒരു വിഡിയോ കഴിഞ്ഞ ദിവസം വൈറലായി മാറിയിരുന്നു. ജയ്‌പ്പൂരിൽ വെച്ച് നടന്ന ഒരു കല്യാണ ചടങ്ങിനിടെയാണ് ഇരുവരും ഒരുമിച്ച് ചുവട് വെച്ചത്. അക്ഷയ് കുമാറാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. “നിങ്ങളോടൊപ്പമുള്ള ഈ നൃത്തം ഞാൻ എന്നും ഓർത്തുവെയ്ക്കും മോഹൻലാൽ സാർ. തികച്ചും അവിസ്മരണീയമായ നിമിഷം” എന്ന് കുറിച്ച് കൊണ്ടാണ് അദ്ദേഹം വിഡിയോ പങ്കുവെച്ചത്.

ഇപ്പോൾ അക്ഷയ് കുമാർ പൃഥ്വിരാജിനൊപ്പം തകർപ്പൻ ഡാൻസ് കാഴ്ച്ചവെയ്ക്കുന്ന വിഡിയോയാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. അതേ വിവാഹ ചടങ്ങിൽ വെച്ച് തന്നെയാണ് ഇരുവരും ഒരുമിച്ച് ചുവടുകൾ വെച്ചത്. അക്ഷയ് കുമാറിന്റെ അടുത്ത ചിത്രമായ സെൽഫിയുടെ നിർമ്മാണത്തിൽ പൃഥ്വിരാജും പങ്കാളിയാണ്. മലയാളത്തിൽ വലിയ ഹിറ്റായ ഡ്രൈവിംഗ് ലൈസൻസിന്റെ ഹിന്ദി റീമേക്ക് കൂടിയാണ് ചിത്രം. അതോടൊപ്പം അക്ഷയ് കുമാറും ടൈഗർ ഷെറോഫും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ബഡേ മിയാൻ ചോട്ടെ മിയാൻ’ എന്ന ചിത്രത്തിൽ പൃഥ്വിരാജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Read More: “മോഹൻലാൽ സാർ, ഈ നൃത്തം ഞാൻ എന്നും ഓർത്തുവെയ്ക്കും..”; വിഡിയോ പങ്കുവെച്ച് അക്ഷയ് കുമാർ

അതേ സമയം കാപ്പയാണ് പൃഥ്വിരാജിന്റേതായി അവസാനമായി റിലീസ് ചെയ്‌ത ചിത്രം. വലിയ വിജയമാണ് ‘കാപ്പ’ നേടിയത്. കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി പൃഥ്വിരാജ് ചിത്രം മാറിയിരുന്നു. പ്രഖ്യാപിച്ച സമയം മുതൽ പ്രേക്ഷകർ ഏറെ കാത്തിരുന്ന ചിത്രമായിരുന്നു ‘കാപ്പ.’ കടുവ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഷാജി കൈലാസും പൃഥ്വിരാജ് സുകുമാരനും ഒന്നിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത് കഴിഞ്ഞ ജൂലൈ 15 നാണ്. ഡിസംബർ 22 നാണ് ‘കാപ്പ’ തിയേറ്ററുകളിലെത്തിയത്. ചിത്രം തിയേറ്ററുകളിൽ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. പ്രേക്ഷകരെയും നിരൂപകരെയും ഒരേ പോലെ തൃപ്‌തിപ്പെടുത്തുന്ന സിനിമാറ്റിക് അനുഭവമാണ് കാപ്പ നൽകിയത്.

Story Highlights: Prithviraj and akshay kumar viral dance video