ഓസ്കാർ അവാർഡ് നിശയിലേക്ക് ചെരുപ്പിടാതെ വിമാനം കയറി രാം ചരൺ; കാരണം തേടി ആരാധകർ
അപ്രതീക്ഷിതമായ വമ്പൻ വിജയമാണ് രാജമൗലിയുടെ ‘ആർആർആർ’ നേടിയത്. ഇന്ത്യൻ സിനിമയെ ഓസ്കാർ വേദിയിൽ വരെ എത്തിച്ചിരിക്കുകയാണ് ചിത്രം. ഇത്തവണത്തെ ഓസ്കാർ അവാർഡിൽ മികച്ച ഗാനത്തിനുള്ള നോമിനേഷൻ ആർആർആറിലെ “നാട്ടു നാട്ടു” എന്ന ഗാനത്തിന് ലഭിച്ചിട്ടുണ്ട്. ഇതോടെ ചിത്രം കൂടുതൽ ലോക സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. സ്റ്റീവൻ സ്പിൽബെർഗ് അടക്കമുള്ള സംവിധായകർ ചിത്രത്തെ പുകഴ്ത്തി സംസാരിച്ചിരുന്നു.
ഇപ്പോൾ ഓസ്ക്കാർ അവാർഡ് നിശയ്ക്കായി ലോസ് ആഞ്ചലസിലേക്ക് പറക്കുന്നതിന് മുൻപുള്ള ചിത്രത്തിലെ നായകനായ രാം ചരണിന്റെ ചിത്രങ്ങളാണ് ചർച്ചാവിഷയമാവുന്നത്. കറുത്ത വസ്ത്രങ്ങളണിഞ്ഞ താരം ചെരുപ്പും ഇട്ടിരുന്നില്ല. ഇതോടെ കാരണം ആരായുകയായിരുന്നു ആരാധകർ. അയ്യപ്പഭക്തനായ രാം ചരൺ ശബരിമലയ്ക്ക് പോകാനായി വൃതത്തിലാണ്. അത് കൊണ്ടാണ് അദ്ദേഹം ചെരുപ്പിടാത്തതെന്നാണ് അറിയാൻ കഴിയുന്നത്.
അതേ സമയം ചിത്രത്തെയും രാം ചരണിന്റെ അഭിനയത്തേയും പുകഴ്ത്തി ലോക പ്രശസ്ത സംവിധായകൻ ജയിംസ് കാമറൂൺ പങ്കുവെച്ച കാര്യങ്ങൾ ഏറെ ശ്രദ്ധേയമായി മാറിയിരുന്നു. സിനിമ കാണുമ്പോൾ റാം എന്ന കഥാപാത്രത്തെ മനസ്സിലാക്കുന്നത് ഏറെ വെല്ലുവിളികൾ നിറഞ്ഞ കാര്യമായിരുന്നുവെന്നും ഒടുവിൽ ചിത്രത്തിന്റെ അവസാനം എങ്ങനെയാണ് എല്ലാം പ്രവർത്തിക്കുന്നതെന്ന് മനസ്സിലാക്കുന്നത് ഹൃദയഭേദകമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെയും ജയിംസ് കാമറൂൺ ആർആർആറിനെ പുകഴ്ത്തി സംസാരിച്ചിരുന്നു. ജയിംസ് കാമറൂൺ ആർആർആർ കണ്ടുവെന്നും ചിത്രത്തെ പറ്റി മികച്ച അഭിപ്രായം പങ്കുവെച്ചുവെന്നും ചിത്രത്തിന്റെ സംവിധായകനായ രാജമൗലി ട്വീറ്റ് ചെയ്തിരുന്നു. ചിത്രം ഏറെ ഇഷ്ടമായ സംവിധായകൻ രണ്ട് തവണ ആർആർആർ കണ്ടുവെന്നും അദ്ദേഹം പറഞ്ഞു. കാമറൂൺ ആദ്യം സിനിമ കണ്ട് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടെന്നും ഭാര്യയോടൊപ്പമിരുന്ന് രണ്ടാം തവണയും അദ്ദേഹം സിനിമ കണ്ടുവെന്നുമാണ് രാജമൗലി ട്വീറ്റ് ചെയ്തത്. ഗോൾഡൻ ഗ്ലോബ് പുരസ്കാരച്ചടങ്ങിൽ വച്ച് കാമറൂൺ തങ്ങളോട് 10 മിനിട്ട് സംസാരിച്ചുവെന്നും അദ്ദേഹം കുറിച്ചു. കാമറൂണിനൊപ്പം സംസാരിച്ച് നിൽക്കുന്ന ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു.
Story Highlights: Ram charan at airport photo