സിനിമാലയിൽ തുടങ്ങിയ സുബിയുടെ ചിരിയാത്ര; ഫ്‌ളവേഴ്‌സ് ഒരുകോടിയിൽ ഭാവി വരനെ പരിചയപ്പെടുത്തിഒരു മാസത്തിന് ശേഷം അപ്രതീക്ഷിത വിയോഗം

February 22, 2023

ചില വിടവാങ്ങലുകൾ അപ്രതീക്ഷിതമാണ്. ഉൾകൊള്ളാനും ആ ഞെട്ടൽ മാറാനും സമയമെടുക്കും. പ്രിയതാരം സുബി സുരേഷിന്റെ വിടവാങ്ങലും മലയാളികൾക്ക് സമ്മാനിക്കുന്നത് അമ്പരപ്പും നൊമ്പരവുമാണ്. കാലങ്ങളായി ടെലിവിഷൻ സ്‌ക്രീനിലൂടെ ഓരോ സ്വീകരണമുറിയിലെയും സ്വന്തം താരമായി മാറിയ ആളാണ് സുബി സുരേഷ്.

പുരുഷ കോമേഡിയന്മാർ അരങ്ങുവാണിരുന്ന മിമിക്രി വേദിയിലേക്ക് പെൺകരുത്തുമായി കടന്നുവന്ന സുബി സുരേഷ് വർഷങ്ങൾക്ക് ഇപ്പുറവും അറിയപ്പെടുന്നത് സിനിമാല എന്ന ജനപ്രിയ കോമഡി പരിപാടിയിലൂടെയാണ്. പിന്നീട്, നിരവധി സ്റ്റേജ് ഷോകളിലൂടെ ഹാസ്യതാരമായും നർത്തകിയായും സുബി സുരേഷ് അരങ്ങുവാണിരുന്നു.

കലയെ ജീവിതമായി കണ്ട സുബി, പിന്നീട് സിനിമകളിലും സീരിയലുകളിലും വേഷമിട്ടിരുന്നു. ഇരുപതോളം സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിൽ സുബി ഭാഗമായി. എങ്കിലും, നിരവധി ടെലിവിഷൻ ഷോകളിലൂടെയാണ് സുബി ജനപ്രിയയായി മാറിയത്. കുട്ടികൾക്കൊപ്പം വിശേഷങ്ങൾ പങ്കുവെച്ചെത്തിയ കുട്ടിപ്പട്ടാളം സുബിയെ സംബന്ധിച്ച് വലിയൊരു വഴിത്തിരിവായിരുന്നു.

Read also: ടെലിവിഷൻ താരം സുബി സുരേഷ് അന്തരിച്ചു

അതേസമയം, ഒരുമാസം മുൻപായിരുന്നു സുബി സുരേഷ് ഫ്‌ളവേഴ്‌സ് ഒരുകോടിയിൽ പങ്കെടുത്തത്. ഒട്ടേറെ വിശേഷങ്ങളാണ് സുബി അന്ന് വേദിയിൽ പങ്കുവെച്ചത്. പ്രധാനമായും ഭാവി വരനെ വേദിയിലൂടെ മലയാളികൾക്ക് പരിചയപ്പെടുത്തി. അദ്ദേഹം, എഴുപവന്റെ താലിമാലയ്ക്ക് ഓർഡർ കൊടുത്ത് ഫെബ്രുവരിയിൽ കല്യാണം കഴിക്കാൻ ഇരിക്കുകയാണ് എന്നായിരുന്നു സുബി വേദിയിൽ പങ്കുവെച്ചത്. സുബിയുടെ വാക്കുകളും ഫ്‌ളവേഴ്‌സ് ഒരുകോടിയുടെ 428-മത്തെ എപ്പിസോഡും ആളുകളെ നൊമ്പരത്തിലാഴ്ത്തുകയാണ്.

Story highlights- subi suresh flowers orukodi episode