കണ്ടത് കാന്താരയുടെ രണ്ടാം ഭാഗം, ആദ്യ ഭാഗം അടുത്ത വർഷമുണ്ടാവുമെന്ന് ഋഷഭ് ഷെട്ടി

February 7, 2023

ദൃശ്യവിസ്‌മയമൊരുക്കിയ കന്നട ചിത്രം കാന്താര കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറുകയായിരുന്നു. കന്നടയിൽ ചിത്രം വമ്പൻ ഹിറ്റായി മാറിയതോടെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി അടക്കമുള്ള ഭാഷകളിൽ ചിത്രം റിലീസ് ചെയ്‌തിരുന്നു. എല്ലാ ഇൻഡസ്ട്രിയിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ചെറിയ ബജറ്റിലൊരുങ്ങിയ ചിത്രം ചുരുങ്ങിയ സമയം കൊണ്ട് വമ്പൻ വിജയം നേടുകയായിരുന്നു.

ഇന്ത്യൻ സിനിമയിൽ ചരിത്രം സൃഷ്ടിക്കുകയായിരുന്നു ഋഷഭ് ഷെട്ടിയുടെ ‘കാന്താര.’ റിലീസ് ചെയ്‌ത്‌ ഏറെ നാളുകളായെങ്കിലും ഇപ്പോഴും കാന്താര വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. അഭിമുഖങ്ങളിലും സിനിമ ചർച്ചകളിലുമൊക്കെ പ്രേക്ഷകരും നിരൂപകരുമൊക്കെ കാന്താരയെ വാനോളം പുകഴ്ത്തുകയാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ പറ്റി ഏറെ ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ നടന്നിരുന്നെങ്കിലും ഋഷഭ് ഷെട്ടിയോ നിർമ്മാതാക്കളോ ഇതിനെ പറ്റി ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും നടത്തിയിരുന്നില്ല.

എന്നാലിപ്പോൾ ചിത്രത്തിന്റെ അടുത്ത ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് ഋഷഭ് ഷെട്ടി. കാന്താരയുടെ കഥയുടെ രണ്ടാം ഭാഗമാണ് ആദ്യ ചിത്രമായി എത്തിയതെന്നും പ്രീക്വലായ രണ്ടാം ഭാഗം അടുത്ത വർഷം എത്തുമെന്നും ഋഷഭ് ഷെട്ടി പറഞ്ഞു. ചിത്രത്തിന്റെ നൂറ് ദിനം ആഘോഷിക്കുന്ന വേളയിലാണ് സംവിധായകന്റെ പ്രഖ്യാപനം ഉണ്ടായത്.

Read More: ‘ഡിബി നൈറ്റ്’ സംഗീതനിശയിലെ ഇഷ്ടപ്പെട്ട പെർഫോമറെ കമന്റ് ചെയ്യൂ; ടിക്കറ്റ് സ്വന്തമാക്കാം..

നേരത്തെ ബാഹുബലി, ആർആർആർ അടക്കമുള്ള സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ എസ്.എസ് രാജമൗലി കാന്താരയുടെ വിജയത്തെ പറ്റി പങ്കുവെച്ച കാര്യങ്ങൾ ശ്രദ്ധേയമായി മാറിയിരുന്നു. വലിയ വിജയങ്ങൾ നേടാൻ നിങ്ങൾക്ക് വലിയ ബജറ്റിന്റെ ആവശ്യമില്ലെന്നും കാന്താരയുടെ വമ്പൻ വിജയം അതിനുദാഹരണമാണെന്നും പറയുകയാണ് സംവിധായകൻ. “വലിയ ബജറ്റുകൾ എന്തോ സംഭവമാണ് എന്ന അവസ്ഥയിലായിരുന്നു. പെട്ടെന്ന് കാന്താര വന്നു. അത് ഉണ്ടാക്കുന്ന പണത്തിന്‍റെ കണക്കുകള്‍ നോക്കുക. അതായത് വലിയ വിജയം നേടാന്‍ നിങ്ങള്‍ക്ക് വലിയ ബജറ്റ് സിനിമകള്‍ ആവശ്യമില്ല. കാന്താര പോലൊരു ചെറിയ ചിത്രത്തിന് പോലും അത് ചെയ്യാൻ കഴിയും”- ഒരു ഓൺലൈൻ ചാനലിനോട് അദ്ദേഹം തുറന്നു പറഞ്ഞു.

Story Highlights: Rishabh shetty about kantara 2