സച്ചിന്റെ ഇരട്ട സെഞ്ചുറി; ചരിത്ര നേട്ടത്തിന് ക്രിക്കറ്റ് ലോകം സാക്ഷിയായിട്ട് ഇന്ന് 13 വർഷം
ക്രിക്കറ്റിലെ ചരിത്ര നേട്ടമായിരുന്നു ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കറിന്റെ ഇരട്ട സെഞ്ചുറി. 13 വർഷങ്ങൾക്ക് മുൻപ് ഫെബ്രുവരി 24 നാണ് സച്ചിൻ ഏകദിന ക്രിക്കറ്റിലെ ആദ്യ ഇരട്ട സെഞ്ചുറി നേടുന്നത്. ഗ്വാളിയോറിൽ ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിൽ ഏറ്റുമുട്ടിയ മത്സരത്തിലായിരുന്നു ആരാധകർ അപൂർവ നേട്ടത്തിന് സാക്ഷിയായത്. ഇരട്ട സെഞ്ചുറികൾ പിന്നീട് നിരവധി താരങ്ങൾ നേടിയിട്ടുണ്ടെങ്കിലും ആദ്യ ഇരട്ട സെഞ്ചുറി എന്ന സുവർണ നേട്ടം എക്കാലവും സച്ചിന് മാത്രം അവകാശപ്പെട്ടതാണ്.
ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഇന്നിംഗ്സുകളിൽ ഒന്ന് കൂടിയായിരുന്നു സച്ചിന്റേത്. അത്രയും കാലം അപ്രാപ്യം എന്ന് കരുതിയിരുന്ന നേട്ടമാണ് ക്രിക്കറ്റ് ദൈവം നേടിയത്. തന്റെ ഇന്നിംഗ്സിലൂടെ സൗത്ത് ആഫ്രിക്കയ്ക്കെതിരെ ഇന്ത്യയെ മികച്ച വിജയത്തിലേക്ക് നയിക്കാനും താരത്തിന് കഴിഞ്ഞു. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഓപ്പണിങ്ങിലെ വിശ്വസ്തൻ സെവാഗ് 9 റൺസെടുത്ത് പുറത്തായിരുന്നു. പിന്നാലെ വന്ന ദിനേശ് കാർത്തിക്കിനെ കൂട്ടുപിടിച്ചാണ് ഗ്വാളിയോറിൽ സച്ചിൻ തകർപ്പൻ ബാറ്റിംഗ് പുറത്തെടുത്തത്. സച്ചിൻ നേടിയ 200 റൺസിന്റെ പിൻബലത്തിൽ മത്സരത്തിൽ ഇന്ത്യ 153 റൺസിനാണ് സൗത്ത് ആഫ്രിക്കയെ തകർത്തത്.
അതേ സമയം കുറച്ചു നാളുകൾക്ക് മുൻപ് സച്ചിൻ പറത്തിയ ഒരു സിക്സർ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായി മാറിയിരുന്നു. റോഡ് സേഫ്റ്റി സീരിസിൽ ഇന്ത്യൻ ലെജൻഡ്സും ഇംഗ്ലണ്ട് ലെജൻഡ്സും ഏറ്റുമുട്ടിയ മത്സരത്തിൽ സച്ചിൻ പറത്തിയ സിക്സറിനെ 1998 ൽ ഷാർജയിൽ സച്ചിൻ നേടിയ ഒരു കൂറ്റൻ സിക്സറുമായാണ് ആരാധകർ താരതമ്യം ചെയ്തത്. മത്സരത്തിൽ ഇന്ത്യൻ ലെജൻഡ്സിന്റെ നായകനായിരുന്നു സച്ചിൻ. 20 പന്തുകൾ മാത്രം നേരിട്ട സച്ചിൻ മൂന്ന് വീതം ബൗണ്ടറികളും സിക്സറുകളുമാണ് നേടിയത്.
Story Highlights: Sachin’s double century