‘കണ്ണുനിറയെ കണ്ടു ഞാൻ എന്റെ ലാലേട്ടനെ..’- ഷിജിലിയ്ക്ക് ഇത് സ്വപ്ന സാഫല്യം

February 21, 2023

ചില സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കപ്പെടേണ്ടതാണ്. അത്തരത്തിൽ ഒന്നായിരുന്നു കോഴിക്കോട് മാങ്കാവ് ജംഗ്ഷനിൽ ലോട്ടറി കച്ചവടം നടത്തി ജീവിക്കുന്ന ഷിജിലി കെ ശശിധരന്റേത്. ഒരിക്കലെങ്കിലും മോഹൻലാലിനെ നേരിൽ കാണണം എന്നതായിരുന്നു ഷിജിലയുടെ ആഗ്രഹം. ഇപ്പോഴിതാ, അത് സാധ്യമായിരിക്കുകയാണ്. മോഹൻലാൽ ഫാൻസ്‌ അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മറ്റിയാണ് കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയത്. മോഹൻലാലിനെ കാണുകയും ഒപ്പം ഫോട്ടോയെടുക്കുകയും ചെയ്തു ഷിജിലി.

‘സ്വപ്നം പോലെ ഒരു ദിവസമായിരുന്നു ഇന്നലെ. ഏത് വാക്കുകളിൽ വർണിക്കണമെന്നറിയാത്തത്രയും ഭംഗിയുണ്ടതിന്. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ എന്റെ ലാലേട്ടനൊപ്പം ഞാൻ ചിലവഴിച്ചു. എന്റെ ഏറ്റവും വലിയ ആഗ്രഹം, എത്രയോ കാലത്തെ പരിശ്രമം എല്ലാത്തിനും ഇന്നലെ ഫലമുണ്ടായി. കണ്ണുനിറയെ കണ്ടു ഞാൻ എന്റെ ലാലേട്ടനെ; ചേർത്ത് പിടിച്ചു എന്നെ ഏട്ടന്റെ കൈകൾ. കുറേ വിശേഷങ്ങൾ ചോദിച്ചു, മനസ് നിറയെ സ്നേഹം തന്നു. ഇനിയുള്ള കാലമത്രയും ഓർക്കാൻ എനിക്ക് ഈ നിമിഷങ്ങൾ മതി; എന്റെ ഏട്ടനെ ചേർന്ന് നിന്ന ഈ നിമിഷങ്ങൾ മാത്രം.

Read Also: വിദ്യാർത്ഥികൾക്കൊപ്പം ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് ഡൽഹി സർവ്വകലാശാല അധ്യാപികമാർ- വിഡിയോ

നന്ദി പറയാനുള്ളത് സർവ്വേശ്വരനോടാണ്. പിന്നെ കോഴിക്കോട്ടെ ലാലേട്ടൻ ഫാൻസിലെ എന്റെ പ്രിയപ്പെട്ട ഏട്ടൻമാരോടും. എന്റെ പ്രിയ സുഹൃത്ത് പ്രജിത്ത്, ടിന്റു ഏട്ടൻ, സുഗീതേട്ടൻ, സുഹാസേട്ടൻ, രാജൻ ചേട്ടൻ എല്ലാവർക്കും നൂറ് നൂറ് നന്ദി’.- ഷിജിലി കുറിക്കുന്നു. മുൻപ്, സിനിമാതാരം ബിനീഷ് ബാസ്റ്റിനെ കണ്ടപ്പോഴും മോഹൻലാലിനെ നേരിൽ കാണാനുള്ള ആഗ്രഹം ഷിജിലി പങ്കുവെച്ചിരുന്നു.

Story highlights- shijili k sasidharan with mohanlal