താരലേലത്തിൽ ഏറ്റവും വിലപിടിപ്പുള്ള താരമായി സ്‌മൃതി മന്ഥാന ബാംഗ്ലൂരിലേക്ക്; പ്രഥമ വനിത ഐപിഎൽ മാർച്ച് 4 മുതൽ

February 13, 2023

പ്രഥമ വനിത ഐപിഎൽ താരലേലത്തിൽ ഏറ്റവും വിലപിടിപ്പുള്ള താരമായിരിക്കുകയാണ് സ്‌മൃതി മന്ഥാന. 3.40 കോടിക്ക് സ്‌മൃതിയെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരാണ് സ്വന്തമാക്കിയത്. അവസാന റൗണ്ട് വരെ സ്‌മൃതിക്കായി മുംബൈ ഇന്ത്യന്‍സ് രംഗത്തുണ്ടായിരുന്നെങ്കിലും ഒടുവില്‍ 3.40 കോടിക്ക് ആര്‍സിബി മന്ഥാനയെ ടീമിലെത്തിക്കുകയായിരുന്നു. അടിസ്ഥാന വിലയായ 50 ലക്ഷം രൂപക്കായിരുന്നു ലേലം.

സ്‌മൃതിയോടൊപ്പം ഇന്ത്യന്‍ ടീം ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗറിനായും ടീമുകൾ ശക്തമായി രംഗത്ത് ഉണ്ടായിരുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തുടക്കത്തില്‍ ഹര്‍മന്‍പ്രീതിനെ സ്വന്തമാക്കാൻ രംഗത്തുവന്നു. എന്നാല്‍ ഒരു കോടി കടന്നതോടെ ബാംഗ്ലൂര്‍ പിന്‍മാറി. തുടർന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് ഹര്‍മന്‍പ്രീതിനായി മുംബൈക്കൊപ്പം മത്സരിച്ചു. ഒടുവില്‍ 1.80 കോടി രൂപക്ക് മുംബൈ താരത്തെ ടീമിലെത്തിച്ചു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഓസ്‌ട്രേലിയന്‍ താരം എല്‍സി പെറിയെ 1.7 കോടിക്ക് സ്വന്തമാക്കി. ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ആഷ്ലി ഗാര്‍ഡൻറെ 3.20 കോടി മുടക്കി ഗുജറാത്ത് ജയന്റ്‌സ് ടീമിലെത്തിച്ചു. ന്യൂസിലന്‍ഡ് താരം സോഫി ഡിവൈനിനെ അടിസ്ഥാന വിലയായ 50 ലക്ഷം രൂപയ്ക്ക് ആര്‍സിബി ടീമിലെത്തിച്ചു. ഇംഗ്ലണ്ട് താരം സോഫി എക്ലിസ്റ്റണെ 1.80 കോടി രൂപയ്ക്ക് യുപി വാരിയേഴ്‌സ് ടീമിലെത്തിച്ചു.

Read More: ഭാര്യയ്‌ക്കൊപ്പം വിവാഹവേദിയിൽ ചുവടുവെച്ച് അർജുൻ അശോകൻ- വിഡിയോ

അതേ സമയം 50 ലക്ഷം മാത്രം അടിസ്ഥാനവിലയുണ്ടായിരുന്ന ദീപ്‌തി ശർമ്മയെ 2.6 കോടിക്ക് യുപി വാരിയേഴ്‌സ് സ്വന്തമാക്കി. ഇന്ത്യന്‍ പേസര്‍ രേണുക സിംഗിനെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കി. 1.5 കോടിക്കാണ് രേണുക ആര്‍സിബിയിലെത്തിയത്. മാർച്ച് 4 മുതൽ 26 വരെയാണ് പ്രഥമ ഐപിഎൽ നടക്കുന്നത്. 22 മത്സരങ്ങളാണ് സീസണിലുള്ളത്. മുംബൈയിലെ മൂന്ന് സ്റ്റേഡിയങ്ങളിലായാണ് ടൂര്‍ണമെന്റ് നടക്കുക.ഇന്ത്യയുടെ ഇതിഹാസ താരങ്ങളായ മിതാലി രാജ് ഗുജറാത്ത് ജയന്റ്‌സിന്റെയും ജുലന്‍ ഗോസ്വാമി മുംബൈ ഇന്ത്യന്‍സിന്റെയും മെന്റര്‍മാരാണ്.

Story Highlights: Smriti mandhana got the highest amount in ipl auction