മിമിക്രിയിൽ വന്ന കാലഘട്ടം മുതൽ കൂടെയുണ്ടായ സഹപ്രവർത്തക- സുബിയുടെ അപ്രതീക്ഷിത വിടവാങ്ങലിൽ നൊമ്പരത്തോടെ സുഹൃത്തുക്കൾ
അഭിനേത്രിയും മിമിക്രി കലാകാരിയുമായ സുബിയുടെ മരണം സഹപ്രവർത്തകർക്കിടയിലും മലയാളി പ്രേക്ഷകർക്കും ഒരുപോലെ നൊമ്പരമായിരിക്കുകയാണ്. ചടുലമായ നർമ്മത്തിന് പേരുകേട്ട സുബി വിവിധ സ്റ്റേജ് ഷോകളിൽ നർത്തകിയായും ഹാസ്യനടിയായുമാണ് കരിയർ ആരംഭിച്ചത്. നിരവധി പരിപാടികളിൽ അവതാരകയായി എത്തിയ സുബി സുരേഷ് കുട്ടിപ്പട്ടാളം എന്ന ഷോയിലൂടെയാണ് കൂടുതൽ ജനപ്രിയയായി മാറിയത്. മികച്ച സ്വീകാര്യതയാണ് മലയാളി പ്രേക്ഷകർ സുബി സുരേഷിന് നൽകിയിരുന്നത്. ഗൃഹനാഥൻ, തസ്കര ലഹള, എൽസമ്മ എന്ന ആൺകുട്ടി, ഡ്രാമ, കാര്യസ്ഥൻ തുടങ്ങി നിരവധി ജനപ്രിയ ചിത്രങ്ങളിലും അവർ അഭിനയിച്ചു.
മിമിക്രി വേദിയിൽ നിന്നും അഭിനയലോകത്തേക്ക് എത്തിയ നിരവധി താരങ്ങൾ സുബി സുരേഷിനൊപ്പമുണ്ടായിരുന്നു. ടിനി ടോം, കലാഭവൻ പ്രജോദ് തുടങ്ങിയവരെല്ലാം സുബിയുടെ അടുത്ത സുഹൃത്തുക്കളായിരുന്നു. ഇവർ പ്രിയ സഹപ്രവർത്തകയുടെ വിടവാങ്ങലിൽ നൊമ്പരം പങ്കുവെച്ചു. മിമിക്രിയിൽ വന്ന കാലഘട്ടം മുതൽ കൂടെയുണ്ടായ സഹപ്രവർത്തക എന്നാണ് ടിനി ടോം ഫേസ്ബുക്കിൽ കുറിച്ചത്. തുടക്കം മുതൽ ഒരുപാട് പ്രോഗ്രാമുകളിൽ ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട്. പെട്ടെന്ന് ഇങ്ങനെ ഒരു വിടവാങ്ങൽ പ്രതീക്ഷിച്ചില്ലെന്ന് ടിനി ടോം പറയുന്നു.
“ട്രീറ്റ്മെൻ്റിലായിരുന്നു. വളരെ ഷോക്കിംഗാണ്. ഇങ്ങനെ, പെട്ടെന്നൊരു വിടവാങ്ങൽ വളരെ ഷോക്കിംഗാണ്. തുടക്കം മുതൽ ഒരുപാട് പ്രോഗ്രാമുകളിൽ ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട്. ഇത്ര പെട്ടെന്ന്, ഇങ്ങനെ ഒരു വിടവാങ്ങൽ പ്രതീക്ഷിച്ചില്ല. ട്രീറ്റ്മെൻ്റിനൊക്കെ ഒരുപാട് പേർ സഹായിച്ച് മുന്നോട്ടുപോവുകയായിരുന്നു. കൂടെയുള്ള ആർട്ടിസ്റ്റുകളുമായി ഒരുപാട് വർഷം ഒരുപാട് വേദികൾ പങ്കിട്ട് കൂടപ്പിറപ്പുകൾ പോലെ മുന്നോട്ടുപോയവരാണ്. വേദികളിലായാലും ടിവി പരിപാടികളിലായാലും അങ്ങനെ തന്നെ.”- കലാഭവൻ പ്രജോദ് പറയുന്നു.
Read Also: ടെലിവിഷൻ താരം സുബി സുരേഷ് അന്തരിച്ചു
സുബിയയുടെ വിവാഹം ഏകദേശം ഉറപ്പിച്ചു വച്ചിരിക്കുകയായിരുന്നു. ഫ്ളവേഴ്സ് ഒരുകോടി വേദിയിൽ അതിഥിയായി എത്തിയപ്പോൾ ഭാവി വരനെ സുബി പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. പെട്ടെന്നാണ് കരൾ സംബന്ധമായ പ്രശ്നം ഉണ്ടാകുന്നത്. പിന്നീട് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു. പക്ഷെ അസുഖം പെട്ടന്ന് രൂക്ഷമായി. ഇന്ന് രാവിലെ 10 മണിക്ക് കൊച്ചി രാജഗിരി ആശുപത്രിയിലായിരുന്നു അന്ത്യം.
Story highlights- Subi Suresh breathed her last on February 22