ഹൗസ്‍ഫുൾ ഷോകളുമായി രണ്ടാം വാരവും മുന്നേറ്റം തുടർന്ന് ‘തങ്കം’

February 8, 2023

പ്രേക്ഷക പ്രീതിയിൽ ഹൗസ്ഫുൾ ഷോകളുമായി രണ്ടാം വാരവും മുന്നേറുകയാണ് ബിജു മേനോൻ, വിനീത് ശ്രീനിവാസൻ കൂട്ടുകെട്ടിൽ തിയേറ്ററുകളിലെത്തിയ തങ്കം. ഭാവന സ്റ്റുഡിയോയുടെ ബാനറിൽ ശ്യാം പുഷ്കരന്‍റെ തിരക്കഥയിൽ സഹീദ് അറാഫത്ത് സംവിധാനം ഒരുക്കിയ സിനിമയ്ക്ക് ഇതിനകം മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചിട്ടുള്ളത്.

അഭിനേതാക്കളുടെ വിസ്മയിപ്പിക്കുന്ന പ്രകടനവും തിരക്കഥയുടേയും സംവിധാനത്തിന്‍റേയും മികവും സിനിമയുടെ വിജയത്തിന് പിന്നിലുണ്ട്. ഉദ്വേഗം ജനിപ്പിച്ച് മുന്നേറുന്ന കഥ പറച്ചിലിനോടൊപ്പം നീങ്ങുന്ന ക്യാമറയും സംഗീതവും സിനിമയ്ക്ക് മുതൽക്കൂട്ടാണ്.

Read More: “ഷമ്മി ഹീറോയാടാ..”; കുമ്പളങ്ങി നൈറ്റ്സ് ഇറങ്ങിയിട്ട് നാല് വർഷങ്ങൾ, ഷമ്മിയുടെ ചിത്രം പങ്കുവെച്ച് ഫഹദ് ഫാസിൽ

ബിജു മേനോനും വിനീത് ശ്രീനിവാസനും പുറമെ അപർണ ബാലമുരളി, ഗിരീഷ് കുൽക്കർണി, ഇന്ദിര പ്രസാദ്, വിനീത് തട്ടിൽ ഡേവിഡ്, കൊച്ചുപ്രേമൻ, കലൈയരസൻ തുടങ്ങി നിരവധി അഭിനേതാക്കൾ മികച്ച പ്രകടനം തന്നെ സിനിമയിൽ കാഴ്ചവെച്ചിട്ടുണ്ട്. മനസ്സിൽ നിന്നു പോവാത്ത രീതിയിൽ ഓരോ ഫ്രെയിമും അനുഭവമാക്കിയ ഛായാഗ്രഹകൻ ഗൗതം ശങ്കറും അത് ചടുലമായി സംയോജിപ്പിച്ച എഡിറ്റർ കിരൺ ദാസും ബിജിബാലിന്‍റെ മനസ്സിലലിയുന്ന സംഗീതവും അൻവർ അലിയുടെ ചിന്തിപ്പിക്കുന്ന വരികളും സിനിമയെ ഏറെ മികച്ചൊരു അനുഭവമാക്കി മാറ്റിയിട്ടുണ്ട്.

Story Highlights: Thankam completes two weeks of houseful shows