കുടുംബസമേതം ഒരു ചങ്ങാടം തുഴച്ചിൽ- വിഡിയോ പങ്കുവെച്ച് ടൊവിനോ തോമസ്

മലയാളികളുടെ പ്രിയനായകനാണ് ടൊവിനോ തോമസ്. കുറഞ്ഞ കാലയളവിനുള്ളിൽ മികച്ച കഥാപാത്രങ്ങളിലൂടെ മുന്നേറിയ ടൊവിനോ ഇപ്പോൾ മറ്റു ഭാഷകളിലും സജീവമാണ്. സമൂഹമാധ്യമങ്ങളിലെ സ്ഥിരം സാന്നിധ്യമായ ടൊവിനോ തോമസ് ഇപ്പോൾ പങ്കുവെച്ച വിഡിയോയാണ് ശ്രദ്ധനേടുന്നത്.
കുടുംബസമേതം ചങ്ങാടത്തിൽ സഞ്ചരിക്കുകയാണ് നടൻ. ടൊവിനോ തോമസാണ് ചങ്ങാടം തുഴയുന്നത്. ‘ഇതാണ് ചിത്രം, സ്വപ്നങ്ങളുടെ നിറങ്ങൾ’ എന്നാണ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. അതേസമയം, ടൊവിനോ തോമസ് അവസാനമായി അഭിനയിച്ചത് ‘തല്ലുമാല’ എന്ന ചിത്രത്തിലാണ്. കല്യാണി പ്രിയദർശനൊപ്പമാണ് ടൊവിനോ വേഷമിട്ടത്. ഖാലിദ് റഹ്മാനാണ് ചിത്രം സംവിധാനം ചെയ്തത്.
അതേസമയം, ‘നാരദൻ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വീണ്ടും ആഷിഖ് അബുവും ടൊവിനോ തോമസും ഒന്നിക്കുന്ന ചിത്രമാണ് ‘നീലവെളിച്ചം.’ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ, ‘ബേപ്പൂർ സുൽത്താൻ’ എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’ എന്ന കഥയെ ആസ്പദമാക്കിയാണ് സംവിധായകൻ ആഷിഖ് അബു അതേ പേരിൽ സിനിമ ചെയ്യുന്നത്. ചിത്രത്തിന്റെ പശ്ചാത്തലവും 1960 കളാണ്.
അതേ സമയം നേരത്തെ ചിത്രം പ്രഖ്യാപിക്കുമ്പോൾ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാനിരുന്നത്. എന്നാൽ ഷൂട്ടിംഗ് നീണ്ട് പോയത് കാരണം ഡേറ്റിന്റെ പ്രശ്നം വന്നതോട് കൂടി ഇരു താരങ്ങളും ചിത്രത്തിൽ നിന്ന് പിന്മാറാൻ നിർബന്ധിതരാവുകയായിരുന്നു.
അതിന് ശേഷമാണ് ടൊവിനോ ചിത്രത്തിലേക്കെത്തുന്നത്. ടൊവിനോയ്ക്കൊപ്പം റോഷന് മാത്യൂസും ഷൈന്‍ ടോം ചാക്കോയും ചിത്രത്തിലേക്കെത്തിയിട്ടുണ്ട്. റിമ കല്ലിങ്കൽ നേരത്തെ തന്നെ ചിത്രത്തിന്റെ ഭാഗമായിരുന്നു. ഗിരീഷ് ഗംഗാധരൻ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുമ്പോൾ ബിജിബാലും റെക്സ് വിജയനും ചേര്‍ന്നാണ് സംഗീതം കൈകാര്യം ചെയ്യുന്നത്.
Story highlights- tovino thomas family time