പ്രണയദിനത്തിൽ അറിയാം, ചില പ്രണയ വിശേഷങ്ങൾ..
ജീവിതത്തിൽ ഒരിക്കൽ പോലും പ്രണയിക്കാത്തവരായി ആരുമുണ്ടാവില്ല… ചിലപ്പോൾ ഒരു ചെറു പുഞ്ചിരിയോ, ഒരു മിഴിയനക്കമോ മാത്രം മതി പ്രണയങ്ങള്‍ക്കൊരു ജീവിതകാലം മുഴുവന്‍ എരിഞ്ഞു കൊണ്ടേയിരിക്കാന്‍… പ്രണയം അത്രമേൽ മനോഹരമാണ്. പ്രണയിക്കാനും പ്രണയിക്കപ്പെടാനും ഇഷ്ടപ്പെടുന്നവരുടെ പ്രിയപ്പെട്ട ദിനമാണ് ഫെബ്രുവരി 14 വാലന്റൈൻസ് ഡേ.
പ്രണയ ദിനത്തിൽ പ്രാണ സഖിയെ പ്രണയ സമ്മാനങ്ങളും സ്നേഹചുംബനങ്ങളും കൊണ്ട് ആലിംഗനം ചെയ്യുന്നവർ നന്ദിയോടെ ഓർക്കേണ്ട ഒരാളുണ്ട്. ഈ പ്രണയ ദിനം നമുക്ക് സമ്മാനിച്ച സെന്റ് വാലന്റൈൻ…
‘ഫീസ്റ്റ് ഓഫ് ലൂപ്പർകാലിയ’ ഇവിടെ നിന്നാണ് വാലെന്റൈൻസ് ഡേയുടെ ആരംഭം. റോമാക്കാരുടെ ഒരു ഉത്സവമായിരുന്നു. ‘ഫീസ്റ്റ് ഓഫ് ലൂപ്പർകാലിയ’. റോമാക്കാർ വസന്ത ഋതുവിനെ വരവേൽക്കാനായി നടത്തിയിരുന്നൊരു ആഘോഷമായിരുന്നു ഇത്. ഈ ദിനത്തിൽ റോമക്കാർക്കിടയിൽ ഒരു ആചാരം നിലനിന്നിരുന്നു. വളരെ വിചിത്രമായ ഒരു ആചാരം. ഒരു ആടിനെ ദൈവങ്ങൾക്ക് ബലികൊടുക്കുക. അതിനുശേഷം അതിന്റെ തോലുരിഞ്ഞെടുത്ത് കൂട്ടത്തിലുള്ള സ്ത്രീകളെ പ്രതീകാത്മകമായി അടിക്കുക. അത് അവരുടെ പ്രത്യുത്പാദനശേഷി വർധിപ്പിക്കുമെന്നായിരുന്നു അവർക്കിടയിൽ നിലനിന്നിരുന്ന വിശ്വാസം.
അതിനൊപ്പം തന്നെ ആ കാലത്ത് നിലനിന്നിരുന്ന മറ്റൊരു വിശ്വാസമാണ് ബ്ലൈൻഡ് ഡേറ്റ്. ഒരു കുട്ടയിൽ അന്നാട്ടിലെ യുവതീയുവാക്കളുടെ പേരുകളെല്ലാം എഴുതിയിടും. എന്നിട്ട് അതിൽ നിന്നും നറുക്കെടുത്ത് അവരെ ജോഡികളാക്കും. ആ ജോഡികൾ ഉത്സവത്തിന്റെ അവധിക്കാലം ഒന്നിച്ചു ചെലവിടും. അവധിക്കാലം കഴിഞ്ഞിട്ടും പരസ്പരം ആകർഷണം നിലനിൽക്കുന്നവർ തമ്മിൽ വിവാഹം കഴിക്കണം.
വാലന്റൈൻ എന്ന പേര് കടന്നുവരുന്നത് AD അഞ്ചാം നൂറ്റാണ്ടോടെയാണ്….ക്ലോഡിയസ് ചക്രവർത്തി റോം ഭരിച്ചിരുന്ന കാലത്ത് വാലൻന്റൈൻ എന്നൊരാളായിരുന്നു. കത്തോലിക്ക സഭയുടെ ബിഷപ്പ്. വിവാഹം കഴിഞ്ഞാൽ പുരുഷന്മാർക്ക് കുടുംബം എന്നൊരു ചിന്ത മാത്രമേയുള്ളൂ എന്നും യുദ്ധത്തിൽ ഒരു വീര്യവും അവർ കാണിക്കുന്നില്ല എന്നും ചക്രവർത്തിക്ക് തോന്നി. അതിനാൽ ചക്രവർത്തി റോമിൽ വിവാഹം നിരോധിച്ചു.
പക്ഷേ, ബിഷപ്പ് വാലൻന്റൈൻ, പരസ്പരം സ്നേഹിക്കുന്നവരെ മനസ്സിലാക്കി അവരുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുക്കാൻ തുടങ്ങി. വിവരം അറിയാനിടയായ ക്ലോഡിയസ് ചക്രവർത്തി വാലൻന്റൈനെ ജയിലിൽ അടച്ചു. ബിഷപ്പ് വാലൻന്റൈൻ ജയിലറുടെ അന്ധയായ മകളുമായി സ്നേഹത്തിൽ ആയി.
Read Also: ‘ചലനമറ്റ് കിടക്കുന്ന പപ്പേട്ടനെ കാണുമ്പോൾ എന്റെ ഉള്ള് പിടഞ്ഞു..’- പത്മരാജന്റെ ഓർമ്മകളിൽ റഹ്മാൻ
ബിഷപ്പിന്റെ സ്നേഹവും വിശ്വാസവും കാരണം ആ പെൺകുട്ടിക്ക് പിന്നീട് കാഴ്ചശക്തി ലഭിച്ചു. അതറിഞ്ഞ ചക്രവർത്തി വാലന്റൈന്റെ തല വെട്ടാൻ ആജ്ഞ നൽകി. തലവെട്ടാൻ കൊണ്ടുപോകുന്നതിനുമുൻപ് വാലൻന്റൈൻ ആ പെൺകുട്ടിക്ക് “ഫ്രം യുവർ വാലൻന്റൈൻ” എന്നെഴുതി ഒരു കുറിപ്പ് വെച്ചു. അതിനു ശേഷമാണ് ബിഷപ്പ് വാലൻന്റൈന്റെ ഓർമ്മയ്ക്കായി ഫെബ്രുവരി 14 ന് വാലൻന്റൈൻ ദിനം ആഘോഷിക്കാൻ തുടങ്ങിയത്..
Story highlights- valentines day special