സച്ചിനെ വിസ്‌മയിപ്പിച്ച് 14 കാരിയുടെ ബാറ്റിംഗ്; വിഡിയോ പങ്കുവെച്ച് താരം

February 15, 2023

സാക്ഷാൽ സച്ചിൻ തെൻഡുൽക്കറെ പോലും വിസ്‌മയിപ്പിച്ച ഒരു പെൺകുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. രാജസ്ഥാനിലെ ബാർമറിൽ നിന്നുള്ള എട്ടാം ക്ലാസുകാരിയായ മൂമൽ മെഹറാണ് തകർപ്പൻ ബാറ്റിംഗ് പ്രകടനം കാഴ്ച്ചവെച്ച് ഏവരേയും അമ്പരപ്പിച്ചിരിക്കുന്നത്. തകർപ്പൻ ഷോട്ടുകളിലൂടെ സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ഈ 14 വയസുകാരി.

സച്ചിൻ അടക്കമുള്ള നിരവധി പ്രമുഖരും വിഡിയോ പങ്കുവെച്ചിട്ടുണ്ട്. ‘‘ഇന്നലെയാണ് ലേലം (വനിത ഐപിഎൽ) നടന്നത്… ഇന്ന് ബാറ്റിംഗും തുടങ്ങിയോ? നന്നായി…നിങ്ങളുടെ ബാറ്റിംഗ് ശരിക്കും ആസ്വദിച്ചു”- വിഡിയോ പങ്കുവച്ചു കൊണ്ട് സച്ചിൻ ട്വിറ്ററിൽ കുറിച്ചു. കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയും ഇതേ ക്ലിപ്പ് ട്വിറ്ററിൽ പങ്കുവച്ചു. “അവിശ്വസനീയമായ ഷോട്ടുകൾ ! ബാർമറിൽ നിന്നുള്ള ഈ പെൺകുട്ടി ഗ്രൗണ്ടിലുടനീളം പന്ത് അനായാസം അടിക്കുന്നത് നോക്കൂ ! ഭാവി ചാമ്പ്യൻ! ബ്രാവോ..”- വിഡിയോ പങ്കുവെച്ചു കൊണ്ട് അദ്ദേഹം കുറിച്ചു.

അതേ സമയം കഴിഞ്ഞ ദിവസം നടന്ന വനിത ഐപിഎൽ താരലേലത്തിൽ ഇന്ത്യൻ സൂപ്പർ താരം സ്‌മൃതി മന്ഥാന ഏറ്റവും വിലപിടിപ്പുള്ള താരമായി മാറിയിരുന്നു. 3.40 കോടിക്ക് സ്‌മൃതിയെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരാണ് സ്വന്തമാക്കിയത്. അവസാന റൗണ്ട് വരെ സ്‌മൃതിക്കായി മുംബൈ ഇന്ത്യന്‍സ് രംഗത്തുണ്ടായിരുന്നെങ്കിലും ഒടുവില്‍ 3.40 കോടിക്ക് ആര്‍സിബി മന്ഥാനയെ ടീമിലെത്തിക്കുകയായിരുന്നു. അടിസ്ഥാന വിലയായ 50 ലക്ഷം രൂപയ്ക്കായിരുന്നു ലേലം.

സ്‌മൃതിയോടൊപ്പം ഇന്ത്യന്‍ ടീം ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗറിനായും ടീമുകൾ ശക്തമായി രംഗത്ത് ഉണ്ടായിരുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തുടക്കത്തില്‍ ഹര്‍മന്‍പ്രീതിനെ സ്വന്തമാക്കാൻ രംഗത്തുവന്നു. എന്നാല്‍ ഒരു കോടി കടന്നതോടെ ബാംഗ്ലൂര്‍ പിന്‍മാറി. തുടർന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് ഹര്‍മന്‍പ്രീതിനായി മുംബൈക്കൊപ്പം മത്സരിച്ചു. ഒടുവില്‍ 1.80 കോടി രൂപയ്ക്ക് മുംബൈ താരത്തെ ടീമിലെത്തിച്ചു.

Read More: ഭാര്യയ്‌ക്കൊപ്പം വിവാഹവേദിയിൽ ചുവടുവെച്ച് അർജുൻ അശോകൻ- വിഡിയോ

മാർച്ച് 4 മുതൽ 26 വരെയാണ് പ്രഥമ ഐപിഎൽ നടക്കുന്നത്. 22 മത്സരങ്ങളാണ് സീസണിലുള്ളത്. മുംബൈയിലെ മൂന്ന് സ്റ്റേഡിയങ്ങളിലായാണ് ടൂര്‍ണമെന്റ് നടക്കുക.ഇന്ത്യയുടെ ഇതിഹാസ താരങ്ങളായ മിതാലി രാജ് ഗുജറാത്ത് ജയന്റ്‌സിന്റെയും ജുലന്‍ ഗോസ്വാമി മുംബൈ ഇന്ത്യന്‍സിന്റെയും മെന്റര്‍മാരാണ്.

Story Highlights: Young girl who surprised sachin