ബിടെക് പൂർത്തിയാക്കി പാനി പൂരി വില്പനയ്‌ക്കിറങ്ങിയ ഇരുപത്തൊന്നുകാരി..

March 10, 2023

സ്വപ്‌നങ്ങൾ എപ്പോഴും സാക്ഷാത്കരിക്കാനുള്ളതാണ്. അത് യാഥാർത്ഥ്യമാക്കാനുള്ള പൂർണ്ണമായ നിശ്ചയദാർഢ്യവും മനോബലവും ഉണ്ടെങ്കിൽ ഏതു പ്രതിസന്ധിയിലും ഒന്നും അതിന് തടസമാകില്ല. തപ്‌സി ഉപാധ്യായ എന്ന പെൺകുട്ടിയുടെ ജീവിതം അതിന് ഉദാഹരണമാണ്. ബിടെക് പാനി പുരി വാലി എന്നാണ് ഈ 21കാരി അറിയപ്പെടുന്നത്.

ആർ യു ഹംഗ്‌രി എന്ന ഇൻസ്റ്റാഗ്രാം പേജ് പോസ്റ്റ് ചെയ്ത ഒരു വൈറൽ വിഡിയോയിൽ, തപ്‌സി, റോയൽ എൻഫീൽഡ് മോട്ടോർ ബൈക്കിൽ പാനി പൂരി സ്റ്റാളിട്ട് ഓടിക്കുന്നത് കാണാം. ഡൽഹിയിലെ തിലക് നഗറിലാണ് ഈ യുവസംരംഭകയുടെ ഗോൾഗപ്പ സ്റ്റാൾ സ്ഥിതി ചെയ്യുന്നത്.

ആരോഗ്യകരമായ ഇന്ത്യൻ തെരുവ് ഭക്ഷണം പൊതുജനങ്ങൾക്ക് വിളമ്പുകയാണ് അവളുടെ ലക്ഷ്യം. വൈറൽ വിഡിയോയിൽ, യുവതി എയർ-ഫ്രൈ ചെയ്ത പാനി പൂരി, ഇംലി, ഖജൂർ, ശർക്കര എന്നിവ ഉപയോഗിച്ച് ഉണ്ടാക്കിയ ചട്ണി എന്നിവയൊക്കെ കാണിക്കുന്നുണ്ട്.

ഇതുവരെ അഞ്ച് മില്യൺ കാഴ്ചക്കാരാണ് വിഡിയോ കണ്ടിരിക്കുന്നത്. ബിടെക്കിൽ ബിരുദം പൂർത്തിയാക്കിയ ഉടൻ തന്നെ തപ്‌സി തന്റെ ബിസിനസ്സ് ആരംഭിച്ചു. അതേസമയം, ജോലിയുടെ കാര്യത്തിലാണെങ്കിൽ പോലും ഉയർന്ന ശമ്പളം വേണ്ടെന്ന് വെച്ച് മനസിന് സന്തോഷം തരുന്നത് കണ്ടെത്തി വിജയം കൈവരിച്ചവരുടെ ധാരാളം കഥകൾ നമുക്ക് ചുറ്റുമുണ്ട്.

Read Also: മരിച്ചു കിടക്കുന്ന അമ്മയെ കെട്ടിപ്പിടിച്ചു കരയുന്ന കുഞ്ഞ് ലംഗൂർ; നൊമ്പരമായൊരു കാഴ്ച്ച-വിഡിയോ

അടുത്തിടെ ഹരിയാനയിലെ രണ്ടു എഞ്ചിനിയർമാർ ജോലി ഉപേക്ഷിച്ച് സ്വപ്നം നേടാൻ ഇറങ്ങിയിരുന്നു. ഭക്ഷണ ബിസിനസിലായിരുന്നു ഇരുവർക്കും താല്പര്യം. ബിസിനസ്സ് ആരംഭിക്കുന്നതിനായി അവർ ജോലി ഉപേക്ഷിച്ചു. ഹരിയാനയിലെ സോനിപത്തിൽ വെജിറ്റബിൾ ബിരിയാണി വിൽക്കുക്കുകയാണ് ഇവർ. രാവിലെ ഓഫീസിലെത്തി വൈകുന്നേരം വരെ ജോലി ചെയ്യുന്നതിനേക്കാൾ ഇത് ചെയ്യുന്നത് തങ്ങൾക്ക് സന്തോഷകരമാണെന്നാണ് ഇരുവരും പറയുന്നത്.

Story highlights-  BTech Pani Puri Wali