“ചമ്പകമേട്ടിലെ എന്റെ മുളംകുടിലിൽ..”; മലയാളത്തിലെ അവിസ്മരണീയ ഗാനം ഏറെ ഹൃദ്യമായി ആലപിച്ച് ദേവനാരായണൻ
മലയാളി മനസ്സുകളിൽ പതിഞ്ഞു പോയ ചില ഗാനങ്ങളെ വീണ്ടും ഓർത്തെടുക്കുകയാണ് ഫ്ളവേഴ്സ് ടോപ് സിംഗർ വേദി. പാട്ടുവേദിയിലേക്ക് എത്തിയിരിക്കുന്ന പുതിയ തലമുറയിലെ കുഞ്ഞു ഗായകരൊക്കെ വർഷങ്ങൾക്ക് മുൻപ് മലയാളത്തിൽ വലിയ ഹിറ്റുകളായി മാറിയ, മലയാള സംഗീത ആസ്വാദകർ ഒരിക്കലും മറക്കാത്ത ഗാനങ്ങളാണ് ആലപിക്കാറുള്ളത്. അത് കൊണ്ട് തന്നെ പ്രായഭേദമന്യേ നിരവധി പ്രേക്ഷകർക്ക് ഫ്ളവേഴ്സ് ടോപ് സിംഗർ ആസ്വാദനത്തിന്റെ അനുഭൂതി പകരാറുണ്ട്. (Devanarayanan at flowers top singer)
ഇപ്പോൾ ദേവനാരായണൻ എന്ന കൊച്ചു ഗായകനാണ് വേദിയുടെ മനസ്സ് കവർന്ന ഒരു പ്രകടനം കാഴ്ച്ചവെച്ചത്. ‘വളയം’ എന്ന ചിത്രത്തിലെ “ചമ്പകമേട്ടിലെ എന്റെ മുളംകുടിലിൽ..” എന്ന ഗാനമാണ് ദേവനാരായണൻ വേദിയിൽ ആലപിച്ചത്. എസ്.പി വെങ്കടേഷ് സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് കൈതപ്രമാണ്. കെ.എസ് ചിത്രയാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്. വിധികർത്താക്കളുടെയും പ്രേക്ഷകരുടെയും മനസ്സിന് തണുപ്പ് പകർന്ന ഒരു ആലാപനമാണ് കൊച്ചു ഗായകൻ കാഴ്ച്ചവെച്ചത്.
അതേ സമയം അതിശയകരമായ ആലാപനത്തിനൊപ്പം മൂന്നാം സീസണിലെ ഈ കൊച്ചു ഗായകരുടെ കളിചിരി വർത്തമാനങ്ങളും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കവരുകയാണ്. കഴിഞ്ഞ ദിവസം കോഴിക്കോട് നിന്നുള്ള ധ്വനിക്കുട്ടിയുടെ വേദിയിലെ സംസാരം പ്രേക്ഷകരെയും വിധികർത്താക്കളെയും ഒരേ പോലെ പൊട്ടിച്ചിരിപ്പിച്ചിരുന്നു. വിധികർത്താക്കളുടെ ചോദ്യങ്ങൾക്കൊക്കെ രസകരമായ മറുപടികളാണ് ധ്വനി നൽകിയത്.
പാട്ട് പാടി കഴിഞ്ഞ് നമുക്ക് ഒരുമിച്ച് വീട്ടിലേക്ക് പോയാലോ എന്ന് ചോദിക്കുകയായിരുന്നു എം. ജി ശ്രീകുമാർ. തനിക്ക് ബൈക്ക് ഉണ്ടെന്നും അതിൽ പോകാമെന്നും ഗായകൻ കൂട്ടിച്ചേർത്തു. എന്നാൽ ഞങ്ങൾക്ക് കാറുണ്ടെന്നും അതിൽ മാത്രമേ വരുകയുള്ളുവെന്നും ധ്വനിക്കുട്ടി പറഞ്ഞതോടെ വേദിയിൽ പൊട്ടിച്ചിരി പടരുകയായിരുന്നു.
Story Highlights: Devanarayanan sings an evergreen malayalam song