ഒരു വര്‍ഷം വില്‍ക്കുന്നത് അഞ്ച് ലക്ഷത്തിലധികം ഷൂസുകള്‍; വിജയത്തിലെത്താന്‍ ഈ ദമ്പതിമാര്‍ താണ്ടിയ ദൂരം ചെറുതല്ല

March 10, 2023

പരിശ്രമത്തിലൂടെ വിജയം കൈവരിച്ച അനേകം മാതൃകകള്‍ പലപ്പോഴും നമുക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടാറുണ്ട്. പ്രതിസന്ധികളേയും വെല്ലുവിളികളേയുമെല്ലാം തരണം ചെയ്ത് ഇത്തരക്കാര്‍ നേടിയെടുക്കുന്ന വിജയങ്ങള്‍ക്ക് പത്തരമാറ്റിന്റെ പകിട്ടാണ്. ആത്മവിശ്വാസവും കഠിനാധ്വാനവുംകൊണ്ട് ജീവിത വിജയം കൈവരിച്ച ദമ്പതികളാണ് സിദ്രയും വഖാസ് അലിയും.

ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ആറ്റംസ് എന്ന ഫുഡ് വെയര്‍ ബ്രാന്‍ഡിന്റെ സ്ഥാപകരാണ് ഈ ദമ്പതികള്‍. ഒരു വര്‍ഷം ഏകദേശം അഞ്ച് ലക്ഷത്തോളം ഷൂസുകളാണ് കമ്പനി വില്‍ക്കുന്നത്. എന്നാല്‍ ഈ വിജയത്തിലെത്താന്‍ സിദ്ര ഖാസിമും വഖാസ് അലിയും താണ്ടിയ ദൂരം ചെറുതല്ല.

പാകിസ്താനിലെ ഒരു ചെറിയ പട്ടണത്തിലായിരുന്നു ഇരുവരുടേയും ജനനം. സ്‌കൂള്‍ പഠനം അവസാനിച്ചപ്പോള്‍ വിവാഹിതയാകാന്‍ സിദ്രയ്ക്ക് കുടുംബത്തില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായി. എന്നാല്‍ അവളുടെ ലക്ഷ്യങ്ങളും സ്വപ്‌നങ്ങളുമെല്ലാം വലുതായിരുന്നു. അങ്ങനെയിരിയ്‌ക്കെ ഒരു ദിവസം ആന്റിയുടെ വീട്ടില്‍ വെച്ചാണ് വഖാസിനെ സിദ്ര പരിചയപ്പെടുന്നത്. ആന്റിയുടെ സ്റ്റുഡന്റായിരുന്നു വഖാസ്. അവിടെവെച്ച് ഇരുവരും ഒരുപാട് സംസാരിച്ചു, ലോകത്തെപ്പറ്റിയും മനുഷ്യരെപ്പറ്റിയും ജീവിത ലക്ഷ്യങ്ങളെക്കുറിച്ചുമെല്ലാം. ഇരുവരും സുഹൃത്തുക്കളായി.

Read Also: വിഷാദരോഗവും അൽസ്ഹൈമേഴ്‌സും ബാധിച്ച മുതിർന്നവർക്ക് ആശ്വാസമാവുന്ന മൃഗങ്ങൾ; ഹൃദയം തൊടുന്ന കാഴ്ച്ച-വിഡിയോ

സ്‌കൂള്‍ പഠനത്തിന് ശേഷം നാട്ടില്‍തന്നെയുള്ള ഒരു കോളജില്‍ സിദ്ര ചേര്‍ന്നു. വഖാസ് ആകട്ടെ കൂടുതല്‍ പഠിക്കാനും ബിസിനസ് തുടങ്ങാനുമൊക്കെയായി ലാഹോറിലേയ്ക്ക് പോയി. സിദ്രയ്ക്കും ലാഹോറിലേയ്ക്ക് പോകണമെന്നുണ്ടായിരുന്നു. പക്ഷേ വീട്ടുകാര്‍ ആ തീരുമാനത്തെ ശക്തമായി എതിര്‍ത്തു. എന്നാല്‍ പട്ടിണികിടന്നും അപേക്ഷിച്ചുമെല്ലാം ഒടുവില്‍ വീട്ടുകാരുടെ തീരുമാനത്തെ സിദ്ര മാറ്റി. അങ്ങനെ ലാഹോറിലെത്തി.

ലാഹോറില്‍ വഖാസിനൊപ്പം സിദ്രയും ജോലി ചെയ്യാന്‍ ആരംഭിച്ചു. പലതരത്തിലുള്ള ബ്രാന്‍ഡുകള്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ പ്രൊമോഷന്‍ നല്‍കുന്ന ഒരു കമ്പനിയായിരുന്നു അത്. അങ്ങനെയിരിയ്‌ക്കെ ഒരുദിവസം ഇരുവരും കൊറിയയിലെ ഒരുകൂട്ടം തൊഴിലാളികളെ കണ്ടു. ഈ കണ്ടുമുട്ടലാണ് ഇവരുടെ ജീവിതത്തില്‍ വഴിത്തിരിവായതും. യന്ത്രസഹായമില്ലാതെ ഗുണനിലവാരമുള്ള ലെതര്‍ ഷൂസുകള്‍ നിര്‍മിയ്ക്കുകയായിരുന്നു തൊഴിലാളികള്‍. ഇത് ഒരു ബ്രാന്‍ഡ് ആക്കാമെന്ന് സിദ്രയ്ക്ക് തോന്നി. വഖാസും അനുകൂലിച്ചു. ഒരുപാട് കഷ്ടപ്പെട്ടാണ് തൊഴിവാളികളെക്കൊണ്ട് തങ്ങള്‍ക്കായി ഷൂസുകള്‍ നിര്‍മിക്കാന്‍ ഇരുവരും സമ്മതിപ്പിച്ചത്.

ഒരു വര്‍ഷംകൊണ്ട് തന്നെ ഈ ഷൂസുകള്‍ ശ്രദ്ധ നേടി. 50 ഷൂസുകളാണ് ആദ്യ വര്‍ഷം വിറ്റത്. പിന്നീട് ഒരു ക്രൗഡ് ഫണ്ടിങ് ക്യാംപെയിന്‍ നടത്തി. അതിലൂടെ ഒരു ലക്ഷം ഡോളറിലധികം ലാഭം നേടുകയും ചെയ്തു. ഇതിനിടെ ഇരുവരും ചെറിയ ചടങ്ങുകളോടെ വിവാഹം ചെയ്തു. പിന്നീട് അമേരിക്കയിലേയ്ക്ക് ചേക്കേറി. മികച്ച ഷൂസുകള്‍ വിപണിയിലെത്തിച്ച് ആറ്റംസ് എന്ന ബ്രാന്‍ഡ് ഉയരങ്ങള്‍ കീഴടക്കിക്കൊണ്ടിരിയ്ക്കുന്നു….

Story highlights: From Small Town In Pakistan To Shoe Empire In New York