വനിത ഐപിഎൽ; മുംബൈ ഇന്ത്യൻസിനെ ഹർമൻപ്രീത് കൗർ നയിക്കും
വനിത ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെ ഇന്ത്യൻ ദേശീയ വനിത ടീമിന്റെ ക്യാപ്റ്റൻ കൂടിയായ ഹർമൻപ്രീത് കൗർ നയിക്കും. ഇന്നാണ് ഫ്രാഞ്ചൈസി ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. 150 രാജ്യാന്തര ടി-20കൾ കളിച്ച ഒരേയൊരു താരമാണ് ഹർമൻ. പുരുഷ ടീം ക്യാപ്റ്റൻ രോഹിത് ശർമ 148 ടി-20 മത്സരങ്ങളുമായി രണ്ടാമതുണ്ട്. താരം മുംബൈയുടെ ക്യാപ്റ്റനാവുമെന്ന് നേരത്തെ തന്നെ സൂചനകൾ ഉണ്ടായിരുന്നെങ്കിലും ഇന്നാണ് ഔദ്യോഗികമായ സ്ഥിരീകരണം ഉണ്ടായത്. (Women’s ipl mumbai indians)
ലേലത്തിൽ ഹർമൻപ്രീതിനായി മികച്ച മത്സരമാണ് ഫ്രാഞ്ചൈസികൾ തമ്മിൽ നടന്നത്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ തുടക്കത്തില്‍ ഹര്‍മന്‍പ്രീതിനെ സ്വന്തമാക്കാൻ രംഗത്തുവന്നു. എന്നാല്‍ ഒരു കോടി കടന്നതോടെ ബാംഗ്ലൂര്‍ പിന്മാറി. തുടർന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് ഹര്‍മന്‍പ്രീതിനായി മുംബൈക്കൊപ്പം മത്സരിച്ചു. ഒടുവില്‍ 1.80 കോടി രൂപക്ക് മുംബൈ താരത്തെ ടീമിലെത്തിക്കുകയായിരുന്നു.
അതേ സമയം സ്മൃതി മന്ഥാനയാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ നയിക്കുന്നത്. ആർസിബിയുടെ മുൻ നായകനായ വിരാട് കോലിയും ഇപ്പോഴത്തെ നായകൻ ഫാഫ് ഡുപ്ലെസിയും ചേർന്നാണ് പ്രഖ്യാപനം നടത്തിയത്. സ്മൃതിക്ക് എല്ലാ ആശംസകളും നേരുന്നുവെന്നും ഇരുവരും കൂട്ടിച്ചേർത്തു. താരലേലത്തിൽ ഏറ്റവും വലിയ തുക മുടക്കിയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സൂപ്പർ താരം സ്മൃതി മന്ഥാനയെ ടീമിലെത്തിച്ചത്. 3.40 കോടിക്കാണ് സ്മൃതിയെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കിയത്. അവസാന റൗണ്ട് വരെ സ്മൃതിക്കായി മുംബൈ ഇന്ത്യന്‍സ് രംഗത്തുണ്ടായിരുന്നെങ്കിലും ഒടുവില്‍ 3.40 കോടിക്ക് ആര്‍സിബി മന്ഥാനയെ ടീമിലെത്തിക്കുകയായിരുന്നു. അടിസ്ഥാന വിലയായ 50 ലക്ഷം രൂപയ്ക്കായിരുന്നു ലേലം.
മാർച്ച് 4 മുതൽ 26 വരെയാണ് പ്രഥമ വനിത ഐപിഎൽ നടക്കുന്നത്. 22 മത്സരങ്ങളാണ് സീസണിലുള്ളത്. മുംബൈയിലെ മൂന്ന് സ്റ്റേഡിയങ്ങളിലായാണ് ടൂര്‍ണമെന്റ് നടക്കുക.ഇന്ത്യയുടെ ഇതിഹാസ താരങ്ങളായ മിതാലി രാജ് ഗുജറാത്ത് ജയന്റ്സിന്റെയും ജുലന് ഗോസ്വാമി മുംബൈ ഇന്ത്യന്‍സിന്റെയും മെന്റര്‍മാരാണ്. ടെന്നീസ് ഇതിഹാസ താരം സാനിയ മിർസയാണ് ആർസിബിയുടെ മെൻറ്റർ.
Story Highlights: Harmanpreet Kaur appointed as mumbai indians captain