പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ
തിരക്കേറിയ ജീവിത സാഹചര്യത്തിൽ പലരും ഒഴിവാക്കുന്ന ഒന്നാണ് പ്രഭാത ഭക്ഷണം. രാവിലെ ആഹാരം കഴിച്ചില്ലെങ്കിലും പ്രശ്നമൊന്നുമില്ല എന്ന് കരുതുന്നവരാണ് ഇക്കൂട്ടർ. എന്നാൽ, ശാരീരിക ആരോഗ്യത്തിൽ ഇത്രയും അപകടം പിടിച്ച മറ്റൊരു ശീലമില്ല. ഒരുദിവസം ഒഴിവാക്കുന്നതല്ല, പതിവായി പ്രഭാതഭക്ഷണം വേണ്ടെന്നു വെക്കുന്നതാണ് അപകടം.
ഒന്നാമതായി, പ്രഭാതഭക്ഷണം പതിവായി ഒഴിവാക്കുന്നതിന്റെ ഫലമായി രക്ത സമ്മർദ്ദം ഉയരും. സ്ഥിരമായി പ്രഭാതഭക്ഷണം കഴിക്കുന്നവരുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരിൽ ചെറിയ തോതിൽ ഹൃദയാഘാതത്തിന് സാധ്യതയുണ്ട്. ഇങ്ങനെയുള്ളവരിൽ വളരെയധികം ക്ഷീണവും ഓർമ്മക്കുറവും അനുഭവപ്പെടും. മാത്രമല്ല, ഒരുദിവസം മുഴുവനുള്ള മാനസിക ആരോഗ്യത്തെയും ശാരീരിക പ്രവർത്തനങ്ങളെയും പ്രഭാത ഭക്ഷണം സ്വാധീനിക്കുന്നുണ്ട്.
പൊതുവെ സ്ത്രീകളാണ് പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത്. അതുകൊണ്ട് അവരിൽ ടൈപ്പ് -2 പ്രമേഹത്തിന് സാധ്യതയുണ്ട്.ആർത്തവം ക്രമരഹിതമാകാനും വേദനാജനകമാകാനും പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് നയിക്കുന്നു. മാത്രമല്ല, മലബന്ധവും അനുഭവപ്പെടും.
ശരീരഭാരം കുറയ്ക്കാൻ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരുണ്ട്. എന്നാൽ, ഇങ്ങനെ ചെയ്യുമ്പോഴുള്ള സത്യാവസ്ഥ ശരീരഭാരം കുറയ്ക്കുന്നതിനേക്കാൾ ഭാരം കൂടാനുള്ള സാധ്യത കൂടുതലാണ് എന്നതാണ്. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് മധുരം, കൊഴുപ്പ് ഇവയോടൊക്കെ ആസക്തി സൃഷ്ടിക്കും. മാത്രമല്ല, മനപ്പൂർവം ഭക്ഷണം ഒഴിവാക്കുമ്പോൾ പിന്നീടുള്ള സമയങ്ങളിൽ എന്തും കഴിക്കുന്ന പ്രവണതയുണ്ടാകും. ഇങ്ങനെ ഭാരം വർധിക്കാനുള്ള സാധ്യത കൂടുതലാണ്.
Read Also: കേരളത്തിൽ ചൂട് കൂടുന്നു, ഏഴ് ജില്ലകളിൽ സൂര്യാഘാത സാധ്യത-മുന്നറിയിപ്പ്
പ്രഭാതഭക്ഷണമെന്നല്ല, ഏത് സമയത്തെയും ഭക്ഷണം ഒഴിവാക്കുന്നത് ശരീരത്തിൽ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. ഇങ്ങനെ ഗ്ലുക്കോസ് ലെവൽ കുറയും. ഇതാണ് രക്തസമ്മർദ്ദത്തിന്റെ തോത് വർധിപ്പിക്കുന്നത്, മൈഗ്രെയ്ൻ, തലവേദന തുടങ്ങിയവയ്ക്ക് കാരണമാകുകയും ചെയ്യും.
Story highlights- importance of breakfast