‘നിങ്ങളുടെ എല്ലാ സ്നേഹവും ഏറ്റുവാങ്ങിയ ആവേശം..’- വിഡിയോ പങ്കുവെച്ച് കീർത്തി സുരേഷ്

March 31, 2023

ശ്രീകാന്ത് ഒഡെല രചനയും സംവിധാനവും നിർവഹിച്ച ദസറ എന്ന തെലുങ്ക് ചിത്രത്തിലാണ് കീർത്തി സുരേഷ് ഏറ്റവും ഒടുവിൽ വേഷമിട്ടത്. തെലങ്കാനയിലെ കൽക്കരി നിറഞ്ഞ കുഗ്രാമമായ വീർലപ്പള്ളിയിൽ നടക്കുന്ന ഒരു സാങ്കൽപ്പിക കഥയാണ് ഈ ചിത്രം പങ്കുവയ്ക്കുന്നത്. നാനി , കീർത്തി സുരേഷ് , ദീക്ഷിത് ഷെട്ടി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ, സിനിമയ്ക്ക് ലഭിക്കുന്ന സ്നേഹത്തിന് നന്ദി അറിയിക്കുകയാണ് ഒരു രസകരമായ വീഡിയോയിലൂടെ കീർത്തി സുരേഷ്.

ആഘോഷത്തോടെ തുള്ളിചാടിപോകുന്ന തന്റെ വിഡിയോയാണ് നടി പങ്കുവെച്ചത്. ‘നിങ്ങളുടെ എല്ലാ സ്നേഹവും ഏറ്റുവാങ്ങി ആവേശത്തിൽ ചാടുന്ന വെണ്ണേല’ എന്നാണ് കീർത്തി കുറിക്കുന്നത്. കീർത്തിയുടെ കഥാപാത്രത്തിന്റെ പേരാണ് അത്.

സിനിമയുടെ റിലീസിന് മുമ്പ് തന്നെ നടി കീർത്തി സുരേഷ് 10 ഗ്രാം വീതമുള്ള സ്വർണ്ണ നാണയങ്ങൾ ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് സമ്മാനിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റിപ്പോർട്ട് അനുസരിച്ച്, ഷൂട്ടിംഗിന്റെ അവസാന ദിവസം കീർത്തി 130 നാണയങ്ങൾ ക്രൂവിന് സമ്മാനിച്ചു. 75 ലക്ഷത്തോളം വിലമതിക്കുന്ന സ്വർണ്ണനാണയങ്ങളാണ് നടി സമ്മാനിച്ചത്.

Read Also: മരിച്ചു കിടക്കുന്ന അമ്മയെ കെട്ടിപ്പിടിച്ചു കരയുന്ന കുഞ്ഞ് ലംഗൂർ; നൊമ്പരമായൊരു കാഴ്ച്ച-വിഡിയോ

തെന്നിന്ത്യൻ സിനിമയിൽ മികച്ച അഭിപ്രായം നേടി സജീവമാകുകയാണ് നടി കീർത്തി സുരേഷ്. മലയാളത്തിലാണ് തുടക്കമെങ്കിലും അന്യഭാഷയിലാണ് കീർത്തി കൂടുതലും തിളങ്ങിയത്. മരക്കാർ, അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. മറ്റു ഭാഷകളിൽ ‘സാനി കൈദം’, ‘അണ്ണാത്തെ’, ‘സർക്കാരു വാരി പാട്ട’ തുടങ്ങിയ ചിത്രങ്ങളിലും നടി വേഷമിട്ടിരുന്നു. 

Story highlights- keerthi suresh happy dance