തിരിച്ചുവരും; ഒരു മത്സരം പോലും ജയിക്കാനാവാതെ കേരള സ്ട്രൈക്കേഴ്സ് മടങ്ങുന്നു…
മലയാള സിനിമ താരങ്ങളുടെ ക്രിക്കറ്റ് ടീമായ C3 കേരള സ്ട്രൈക്കേഴ്സ് മടങ്ങുകയാണ്. ലീഗിൽ ഒരു മത്സരം പോലും ജയിക്കാനാവാതെയാണ് ടീം മടങ്ങുന്നത്. ഇന്ന് ഭോജ്പുരി ദബാംഗിസിനെതിരെ നടന്ന അവസാന മത്സരത്തിലും കനത്ത തോൽവിയാണ് കേരള സ്ട്രൈക്കേഴ്സ് ഏറ്റുവാങ്ങിയത്. 76 റണ്‍സിനാണ് കേരളം പരാജയപ്പെട്ടത്. നിശ്ചിത 10 ഓവറില്‍ കേരള സ്ട്രൈക്കേഴ്സിന് ജയിക്കാൻ 164 റണ്‍സ് വേണമായിരുന്നു. ഇത് പിന്തുടര്‍ന്ന കേരളം 9.5 ഓവറില്‍ 88 റണ്‍സിന് ഓൾ ഔട്ടാവുകയായിരുന്നു. മലയാളികളുടെ പ്രിയപ്പെട്ട ചാനലായ ഫ്ളവേഴ്സ് ടിവിയിലൂടെയാണ് മത്സരം സംപ്രേഷണം ചെയ്തത്. (Kerala strikers in ccl)
കുഞ്ചാക്കോ ബോബന്റെ അസാന്നിധ്യത്തിൽ സൈജു കുറുപ്പാണ് ഇന്ന് ടീമിന്റെ നായകനായി ഇറങ്ങിയത്. ആസിഫ് അലി, രാജീവ് പിള്ള, ഉണ്ണി മുകുന്ദൻ, അർജുൻ നന്ദകുമാർ, ഇന്ദ്രജിത്ത് സുകുമാരൻ, സിദ്ധാർഥ് മേനോൻ, മണിക്കുട്ടൻ, വിജയ് യേശുദാസ്, ഷഫീഖ് റഹ്മാൻ, വിവേക് ഗോപൻ, വിനു മോഹൻ, നിഖിൽ കെ മേനോൻ, പ്രജോദ് കലാഭവൻ, ആന്റണി വർഗീസ്, ജീൻ പോൾ ലാൽ, സഞ്ജു ശിവറാം, സിജു വിൽസൺ, പ്രശാന്ത് അലക്സാണ്ടർ എന്നിവരാണ് ടീമിലുള്ളത്.
Read More: ‘എന്റെ ഗാലറിയിൽ നിന്നുള്ള ഈ മനോഹരമായ ഓർമ്മകളിലൂടെ..’- കുട്ടിക്കാല ചിത്രവുമായി കീർത്തി സുരേഷ്
കഴിഞ്ഞ 3 മത്സരങ്ങളിലും കേരളത്തിന് ജയിക്കാൻ കഴിഞ്ഞിരുന്നില്ല. 8 വിക്കറ്റിന്റെ കനത്ത പരാജയമാണ് കേരളം കർണാടക ബുൾഡോസേഴ്സിനോട് ഏറ്റുവാങ്ങിയത്. ആദ്യ മത്സരത്തിൽ 64 റൺസിന്റെ തോൽവിയാണ് കേരളം തെലുഗു വാരിയേഴ്സിനോട് ഏറ്റുവാങ്ങിയത്. ലീഗിൽ ആകെ 19 മത്സരങ്ങളാണുള്ളത്. മാർച്ച് 19 ന് ഹൈദരാബാദിൽ വെച്ചാണ് ഫൈനൽ. സ്ട്രൈക്കേഴ്സിന് പുറമെ ബംഗാൾ ടൈഗേഴ്സ്, മുംബൈ ഹീറോസ്, പഞ്ചാബ് ദേ ഷേർ, കർണാടക ബുൾഡോസേഴ്സ്, ഭോജ്പുരി ദബാങ്സ്, തെലുഗു വാരിയേഴ്സ്,ചെന്നൈ റൈനോസ് എന്നീ ടീമുകളാണ് സിസിഎല്ലിൽ അണിനിരന്നിരിക്കുന്നത്. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ സിനിമ താരങ്ങൾ വീണ്ടും ക്രിക്കറ്റിനായി മൈതാനത്തേക്ക് ഇറങ്ങിയിരിക്കുന്നത്. കൊവിഡ് കാരണം 2020 മുതൽ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് നടന്നിരുന്നില്ല.
Story Highlights: Kerala strikers lost all matches in ccl