മഴവിൽ ചേലിൽ ഒരു നഗരം; ഉക്രൈനിലെ കീവ്
പേര് കേൾക്കുമ്പോൾ പല ദുരന്തങ്ങളും ആക്രമണങ്ങളുമെല്ലാം മനസിലേക്ക് ഓടിയെത്തുമെങ്കിലും സഞ്ചാരികൾക്ക് പ്രിയപ്പെട്ട ഒട്ടേറേ ഇടങ്ങൾ ഉക്രെയിനിലുണ്ട്. നിറപ്പകിട്ടാർന്ന കാഴ്ചകളാണ് ഉക്രെയ്ന്റെ പ്രത്യേകത. തലസ്ഥാനമായ കീവ് നഗരം പേരുകേട്ടിരിക്കുന്നത് തന്നെ പലനിറത്തിലുള്ള കെട്ടിടങ്ങളുടെ വർണാഭമായ കാഴ്ചകളിലൂടെയാണ്. ഇവിടുത്തെ ഏറ്റവും പ്രസിദ്ധമായ സ്ഥലമാണ് വോസ്ഡ്വിഷെങ്ക.
2000ൽ സമ്പന്നരുടെ കേന്ദ്രമായി മാറും എന്ന പ്രതീക്ഷയിൽ രൂപം മാറ്റിയെടുത്ത പ്രദേശമാണ് ഇത്. ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങൾ പകർത്താനാണ് ശ്രമിച്ചതെങ്കിലും ജനങ്ങൾ അത് പരിഹാസ രൂപേണയാണ് സമീപിച്ചത്. എന്നാൽ ബറോക്ക് ശൈലിയിൽ പണിത കെട്ടിടങ്ങൾക്ക് സഞ്ചാരികൾക്കിടയിൽ ശ്രദ്ധ ലഭിച്ചു. കല്ലുകൾ പാകിയ നിരത്തുകളും പച്ച, നീല, ഓറഞ്ച് നിറത്തിലുള്ള വീടുകളും ടൈൽ വിരിച്ച അവയുടെ മേൽക്കൂരകളും മനോഹരമായ കാഴ്ചയാണ്.
മറ്റൊരു പ്രധാന സ്ഥലമാണ് കംഫർട്ട് ടൗൺ. മഴവിൽ നിറത്തിൽ കളിപ്പാട്ടങ്ങൾ അടുക്കിയതുപോലെയുള്ള കെട്ടിടങ്ങളാണ് ഇവിടുത്തെ പ്രത്യേകത. ഇൻസ്റ്റാഗ്രാം ചിത്രങ്ങളിലൂടെ ഈ പ്രദേശം വളരെയധികം ശ്രദ്ധനേടിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കലയെയും സംസ്കാരത്തെയും ജനപ്രിയമാക്കുന്നതിനുള്ള ഒരു മാർഗമായി കിയെവിന്റെ ചുവരുകളിൽ ചുവർച്ചിത്രങ്ങൾ വരയ്ക്കാൻ ഒരു സന്നദ്ധ സംഘടന ഇവിടേക്ക് കലാകാരന്മാരെ ക്ഷണിക്കുന്നുണ്ട്. അതുകൊണ്ട് സോവിയറ്റ് ശൈലിയിലുള്ള ഭവനങ്ങളിൽ പോപ്പ് ആർട്ട് പാറ്റേണുകളും കാർട്ടൂണുകളും ഒട്ടേറെയുണ്ട്. ഓരോ സ്ഥലങ്ങളും വ്യത്യസ്തമായതാണെങ്കിലും എല്ലായിടത്തും നിറങ്ങളാണ് മുൻപന്തിയിൽ. വളരെ നിറപ്പകിട്ടാർന്നതാണ് ഈ നഗരത്തിന്റെ ഓരോ മുക്കും മൂലയും.
Story highlights- kiev town beauty