‘നന്ദി, തെറ്റ് തിരുത്തുന്നു’- ലോഗോ മാറ്റാനൊരുങ്ങി മമ്മൂട്ടി കമ്പനി

March 18, 2023

മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടിയുടെ സ്വന്തം പ്രൊഡക്ഷൻ കമ്പനിയാണ് ‘മമ്മൂട്ടി കമ്പനി’. തിയേറ്ററിലും നിരൂപകർക്കിടയിലും അതുപോലെ തന്നെ ഒടിടിയിലും ഹിറ്റായി മാറിയ ‘നൻപകൽനേരത്ത് മയക്കം’ എന്ന സിനിമയുടെ നിർമാണത്തോടെയാണ് മമ്മൂട്ടി കമ്പനി തുടക്കമിട്ടത്. ഒട്ടേറെ ചിത്രങ്ങൾ അണിയറയിൽ പുരോഗമിക്കുമ്പോൾ മമ്മൂട്ടി കമ്പനിയുടെ ലോഗോ മാറ്റാൻ ഒരുങ്ങുകയാണ്. [ mammootty kampany Logo will be undergoing a Re-Branding]

മമ്മൂട്ടി കമ്പനിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് കമ്പനി ലോഗോ മാറ്റുന്നതായി അറിയിച്ചത്. ‘സമയത്തിന് മുമ്പേ നിലകൊള്ളാനുള്ള ഞങ്ങളുടെ വിശാലമായ തന്ത്രത്തിന്റെ ഭാഗമായി ഞങ്ങളുടെ ലോഗോ ഒരു റീ-ബ്രാൻഡിംഗിന് വിധേയമാകും. ഞങ്ങളുടെ ഭാഗത്ത് നിന്ന് അശ്രദ്ധമായ ജാഗ്രതക്കുറവിനെക്കുറിച്ച് ഞങ്ങളെ അറിയിച്ചവരോട് വലിയ നന്ദി..’- പേജിൽ കുറിച്ചിരിക്കുന്നു.

ഒരു ക്യാമറയുടെ ചിത്രമാണ് കമ്പനിയുടെ നിലവിലെ ലോഗോ. ഇത് ഫ്രീപിക്ക് എന്ന സൈറ്റിൽ നിന്നുള്ളതാണെന്ന് ഒരു ഡിസൈനർ പങ്കുവെച്ച കുറിപ്പാണ് ഈ മാറ്റത്തിന് പിന്നിലെന്നാണ് സൂചന. ജോസ്മോൻ വാഴയിൽ എന്ന ഡിസൈനറാണ് കുറിപ്പ് പങ്കുവെച്ചത്. ഡിസൈനുകളിൽ നിന്നും പ്രചോദനം ഉൾകൊള്ളാമെങ്കിലും അത് അതേപടി കോപ്പിയടിക്കുന്നത് അംഗീകരിക്കാനാകില്ല എന്നാണ് ജോസ്മോൻ കുറിച്ചത്.

2021ൽ മങ്ങിയും തെളിഞ്ഞും ചില സിനിമാക്കാഴ്ചകൾ എന്ന പുസ്തകത്തിന്റെ കവറിലും ഈ ലോഗോ ഉപയോഗിച്ചിട്ടുള്ളതായി ജോസ്മോൻ കുറിക്കുന്നു. ഒരു പ്രൊഡക്ഷൻ ഹൗസിന്റെ ഐഡന്റിറ്റി പോയല്ലോയെന്ന് ഓർത്ത് സങ്കടമുണ്ടെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. എന്തായാലും ആരാധകർ ലോഗോ മാറ്റുന്നതിനായി കാത്തിരിക്കുകയാണ്. അതേസമയം, ഒരു പിടി മികച്ച ചിത്രങ്ങളാണ് നടൻ മമ്മൂട്ടിയുടെ നിർമ്മാണക്കമ്പനിയായ മമ്മൂട്ടി കമ്പനി മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിച്ചു കൊണ്ടിരിക്കുന്നത്. 

ആദ്യ ചിത്രമായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നൻപകൽ നേരത്ത് മയക്കം’ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് വലിയ പ്രശംസ ഏറ്റുവാങ്ങുമ്പോൾ തിയേറ്ററുകളിൽ സിനിമ പ്രേക്ഷകരുടെ കൈയടി ഏറ്റുവാങ്ങി വമ്പൻ വിജയത്തിലേക്ക് നീങ്ങിരുന്നു മമ്മൂട്ടി കമ്പനി നിർമ്മിച്ച മറ്റൊരു ചിത്രമായ ‘റോഷാക്ക്.’

Read Also: വിഷാദരോഗവും അൽസ്ഹൈമേഴ്‌സും ബാധിച്ച മുതിർന്നവർക്ക് ആശ്വാസമാവുന്ന മൃഗങ്ങൾ; ഹൃദയം തൊടുന്ന കാഴ്ച്ച-വിഡിയോ

ജിയോ ബേബി സംവിധാനം ചെയ്യുന്ന ‘കാതൽ’ എന്ന ചിത്രമാണ് ഇനി ഈ പ്രൊഡക്ഷൻ ഹൗസിൽ നിന്നും റിലീസിന് ഒരുങ്ങുന്നത്. തമിഴ് നടി ജ്യോതികയാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

Story highlights- mammootty kampany Logo will be undergoing a Re-Branding