ആറുവർഷം സൂക്ഷിച്ച നാണയത്തുട്ടുകളുമായി ഷോറൂമിലേക്ക്; ഏകദേശം 90,000 രൂപ വിലയുള്ള സ്കൂട്ടർ സ്വന്തമാക്കി യുവാവ്..
ചെറുപ്പം മുതൽ നമ്മളെ മാതാപിതാക്കൾ പഠിപ്പിക്കുന്ന ഒന്നാണ് സമ്പാദ്യശീലം. ചെറിയ നാണയത്തുട്ടുകൾ മുതൽ വലിയ തുക പോലും ഇങ്ങനെ സൂക്ഷിക്കാൻ ശീലിച്ചവരാണ് നമ്മളിൽ പലരും. ചെറുപ്പത്തിൽ പല ആഗ്രഹങ്ങളും ഇങ്ങനെ സ്വയം സൂക്ഷിച്ചുവെച്ച നാണയത്തുട്ടുകളിലൂടെ സഫലമാക്കിയവരുണ്ട്. ഇപ്പോഴിതാ, കാലങ്ങളായി സൂക്ഷിച്ച നാണയത്തുട്ടുകൾകൊണ്ട് ഒരു സ്‌കൂട്ടർ സ്വന്തമാക്കിയിരിക്കുകയാണ് ആസ്സാം യുവാവ്.
ആസ്സാമിൽ നിന്നുള്ള ഈ യുവാവ് ദാരാംഗ് ജില്ലയിലെ സിപജാർ പ്രദേശത്തെ താമസക്കാരനാണ്. എംഡി സെയ്ദുൽ എന്ന ഈ യുവാവ് താൻ കഷ്ടപ്പെട്ട് സമ്പാദിച്ച പണം ഉപയോഗിച്ച് ഇരുചക്ര വാഹനം വാങ്ങുക എന്ന തന്റെ സ്വപ്നം ഒടുവിൽ സാക്ഷാത്കരിച്ചു.ഒരു ചാക്ക് നിറയെ നാണയങ്ങളുമായി ഇരുചക്ര വാഹന ഷോറൂമിലേക്ക് എത്തിയാണ് ഇയാൾ സ്‌കൂട്ടർ സ്വന്തമാക്കിയത്.
‘ഞാൻ ബോറഗാവ് പ്രദേശത്ത് ഒരു ചെറിയ കട നടത്തുന്നു, ഒരു സ്‌കൂട്ടർ വാങ്ങുക എന്നത് എന്റെ സ്വപ്നമായിരുന്നു. 5-6 വർഷം മുമ്പ് ഞാൻ നാണയങ്ങൾ ശേഖരിക്കാൻ തുടങ്ങി. ഒടുവിൽ, ഞാൻ എന്റെ സ്വപ്നം പൂർത്തീകരിച്ചു. ഇപ്പോൾ ഞാൻ ശരിക്കും സന്തോഷവാനാണ്’- സെയ്ദുൽ മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെയാണ്. ഏകദേശം 90,000 രൂപ വിലയുള്ള ഒരു സ്കൂട്ടർ ആണ് യുവാവ് വാങ്ങിയത്. ചാക്കുമായി ഇദ്ദേഹം എത്തിയതോടെ ഷോറൂമിലുള്ളവർക്കും കൗതുകമായി.
മുൻപും ഇങ്ങനെ നാണയങ്ങൾ ശേഖരിച്ച് ഒരു യുവാവ് വാഹനം സ്വന്തമാക്കിയിരുന്നു. ബാർപേട്ട ജില്ലയിൽ നിന്നുള്ള സ്റ്റേഷനറി കടയുടമയാണ് ഈ യുവാവ്. മാസങ്ങളോളം പണം സ്വരൂപിച്ച് ഒരു ബാഗ് നിറയെ നാണയങ്ങളുമായി ഷോറൂമിലേക്ക് എത്തുകയായിരുന്നു ഇദ്ദേഹം.
ഒരു ഇരുചക്ര വാഹനം വാങ്ങുക എന്ന തന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ ഏഴോ എട്ടോ മാസമായി ചില്ലറത്തുട്ടുകൾ സൂക്ഷിക്കുകയായിരുന്നു ഇദ്ദേഹം. പണം തികയുമെന്നായപ്പോൾ വാഹനം വാങ്ങാൻ ഹൗലിയിലെ ഒരു സ്കൂട്ടർ ഷോറൂമിലേക്ക് ഇദ്ദേഹം എത്തുകയായിരുന്നു. ഈ സംഭവവും ആസ്സാമിലാണ് അരങ്ങേറിയത്.
Story highlight- man reaches showroom with a sack of coins to buy Rs 90k scooter