‘ഐ സപ്പോർട്ട് ഇവാൻ’; കോച്ച് ഇവാൻ വുകോമനോവിച്ചിന് പിന്തുണയുമായി മഞ്ഞപ്പട, ക്യാമ്പയിൻ ഏറ്റെടുത്ത് ആരാധകർ

March 21, 2023
Manajappada support for ivan

ബെംഗളൂരു എഫ്‌സിക്കെതിരെയുള്ള മത്സരം ബഹിഷ്‌ക്കരിച്ചതിനെ തുടർന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ചിനെതിരെ എഐഎഫ്എഫ് നടപടിക്കൊരുങ്ങുന്നു എന്ന് വാർത്തകൾ ഉണ്ടായിരുന്നു. ഇവാനെ ഐഎസ്എല്ലിൽ നിന്നും വിലക്കുന്നത് അടക്കമുള്ള കടുത്ത നടപടികൾ എഐഎഫ്എഫ് സ്വീകരിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. (Manjappada’s campaign for ivan vukomanovic)

എന്നാലിപ്പോൾ തങ്ങളുടെ പ്രിയപ്പെട്ട പരിശീലകന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക ആരാധക കൂട്ടായ്‌മയായ ‘മഞ്ഞപ്പട.’ ‘ഐ സപ്പോർട്ട് ഇവാൻ’ എന്ന പേരിൽ ആരാധകർ ക്യാമ്പയിൻ ആരംഭിച്ചിരിക്കുകയാണ്. കോച്ചിന് പിന്തുണ നൽകേണ്ട സമയമിതാണെന്ന് അറിയിച്ചു കൊണ്ടാണ് മഞ്ഞപ്പട ഇൻസ്റ്റഗ്രാമിൽ ക്യാമ്പയിനെ പറ്റി അറിയിച്ചത്.

“റഫറിയിങ്ങിലെ പാളിച്ചകൾ മറയ്ക്കാനും ഇഷ്ടക്കാരെ സംരക്ഷിക്കാനുമായി അതിനെതിരേ പ്രതികരിച്ച കോച്ച് ഇവാനെതിരെ പ്രതികാരത്തിന്റെ വാൾത്തലപ്പു വീശാനൊരുങ്ങി AIFF-FSDL സംയുക്ത സമിതി..!

ഇതുപോലൊരു മികച്ച പരിശീലകനെ നഷ്ടമാവുന്നത് ഇന്ത്യൻ ഫുട്ബോളിനും ബ്ലാസ്റ്റേഴ്സിനും ഗുണം ചെയ്യില്ല എന്നിരിക്കെ പ്രതികാര നടപടി ചിലരുടെ നിശ്ചിത താല്പര്യങ്ങൾ സംരക്ഷിക്കാനെന്നുവേണം കരുതാൻ. ഇതുതന്നെയാണ് നമ്മുടെ കോച്ചിനോടുള്ള പിന്തുണ അറിയിക്കേണ്ട സമയം എന്നുള്ളതുകൊണ്ട് നമ്മൾ ഒരു പുതിയ പോരാട്ടമുഖത്തേക്ക് കടക്കുകയാണ്.- ‘#ISupportIvan

നിങ്ങളുടെ കാഴ്ചപ്പാടുകൾ വിഡിയോ/ഫോട്ടോ രൂപത്തിൽ സോഷ്യൽ മീഡിയയിലും അതോടൊപ്പം ഫുട്ബോൾ ലോകത്തും എത്തട്ടെ..അധികാരികളുടെ കണ്ണുകൾ തുറപ്പിക്കട്ടെ..

വീഡിയോയോ ‘ISupportIvan’ എന്ന ഹാഷ്ടാഗ് എഴുത്ത് കയ്യിൽ പിടിച്ചുള്ള ഫോട്ടോയോ, #ISupportIvan എന്ന ഹാഷ്‌ടാഗോടുകൂടി പോസ്റ്റ് ചെയ്തു മഞ്ഞപ്പടയെയും AIFF നേയും ISL നേയും ടാഗ് ചെയ്യുക

നിങ്ങളുടെ പ്രതികരണങ്ങൾ മഞ്ഞപ്പട ഇൻസ്റ്റാഗ്രാം/ഫേസ്ബുക് സ്റ്റോറിയിൽ ഷെയർ ചെയ്യുന്നതായിരിക്കും”- മഞ്ഞപ്പട കുറിച്ചു.

Read More: “കോച്ചിനൊപ്പം നിൽക്കും, ബലിയാടാക്കാൻ അനുവദിക്കില്ല..”; നിലപാട് വ്യക്തമാക്കി ‘മഞ്ഞപ്പട’

അതേ സമയം സമീപകാലത്ത് ഇന്ത്യൻ ഫുട്‌ബോൾ ലോകം ഏറ്റവും ചർച്ച ചെയ്‌ത മത്സരമായി ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സും ബെംഗളൂരു എഫ്‌സിയും തമ്മിൽ നടന്ന സെമിഫൈനൽ പോരാട്ടം മാറിയിരുന്നു. നിർണായക സമയത്ത് ബെംഗളൂരു താരം സുനിൽ ഛേത്രി നേടിയ വിവാദ ഗോൾ അനുവദിച്ചതോടെ ബ്ലാസ്റ്റേഴ്‌സ് മത്സരം ബഹിഷ്‌കരിക്കുകയായിരുന്നു. ലീഗിൽ ആദ്യമായാണ് ഒരു ടീം മത്സരം ബഹിഷ്‌കരിക്കുന്നത്. എന്നാൽ തിരികെ കേരളത്തിലെത്തിയ ബ്ലാസ്റ്റേഴ്‌സിനും കോച്ച് ഇവാൻ വുകോമനോവിച്ചിനും വമ്പൻ സ്വീകരണമാണ് ആരാധകർ നൽകിയത്.

Story Highlights: Manjappada’s campaign in support of coach ivan