മെസിയും സൗദിയിലേക്കോ; താരത്തിന് വമ്പൻ ഓഫറുമായി സൗദി ക്ലബ്
ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ശേഷം ലയണൽ മെസിയും സൗദിയിലേക്ക് എത്താൻ സാധ്യതയേറുന്നു. താരത്തിന് വമ്പൻ ഓഫറുമായി രംഗത്ത് എത്തിയിരിക്കുകയാണ് സൗദി ക്ലബ്ബായ അൽ-ഇത്തിഹാദ്. ഒരു സീസണിന് മെസിക്ക് 94 മില്യൻ ഡോളറാണ് (ഏകദേശം 770 കോടി രൂപ) അൽ-ഇത്തിഹാദിന്റെ ഓഫർ. എന്നാൽ ക്രിസ്റ്റ്യാനോയ്ക്ക് ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ തുകയാണിത്. (Messi receives huge offer from saudi club)
ഈ സീസണോടെ മെസി പിഎസ്‌ജിയുമായുള്ള കരാർ അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ്. അതിനാൽ തന്നെ സൗദി ക്ലബ്ബിന്റെ ഓഫറിനോടുള്ള മെസിയുടെ പ്രതികരണം അറിയാൻ കാത്തിരിക്കുകയാണ് ഫുട്‌ബോൾ ലോകം. രണ്ടു വർഷത്തെ കരാറാണ് ടീം ലക്ഷ്യമിടുന്നത്. 2008-09 ന് ശേഷം സൗദി ദേശീയ കിരീടം സ്വന്തമാക്കുകയാണ് മുൻ പോർച്ചുഗീസ് താരം ന്യൂനോ എസ്പിരിറ്റോ പരിശീലിപ്പിക്കുന്ന ഇത്തിഹാദിന്റെ ലക്ഷ്യം. മെസി എത്തുന്നതോടെ ടീമിന്റെ പ്രകടനം തന്നെ ഒന്നാകെ മാറുമെന്ന പ്രതീക്ഷയിലാണ് ക്ലബ്. മെസിയെ നേരത്തെ മറ്റൊരു സൗദി ക്ലബ്ബായ അൽഹിലാലും നോട്ടമിട്ടിരുന്നു.
അതേ സമയം ഖത്തർ ലോകകപ്പ് നേട്ടത്തോടെ കരിയറിൽ ഇനി ഒന്നും നേടാൻ ബാക്കിയില്ല എന്ന് മെസി തെളിയിച്ചിരിക്കുകയാണ്. താരത്തിന്റെ വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ടാണ് അർജന്റീന ഇത്തവണത്തെ ലോക കിരീടത്തിൽ മുത്തമിട്ടത്. മെസിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ഫുട്‌ബോൾ കരിയറിന് പൂർണത നൽകിയ നിമിഷമായിരുന്നു ലോകകപ്പ് കിരീട നേട്ടം. നായകനായി മുൻപിൽ നിന്ന് ടീമിനെ നയിച്ചതിനൊപ്പം ലോകകപ്പിലെ ഏറ്റവും മികച്ച താരമായും മെസി തിരഞ്ഞെടുക്കപ്പെട്ടു. എല്ലാ രീതിയിലും സമ്പൂർണമായി മെസിക്കവകാശപ്പെട്ട ലോകകപ്പായിരുന്നു ഇത്.
Story Highlights: Messi receives huge offer from saudi club