‘നാട്ടു നാട്ടു’ ഓസ്‌കാർ വേദിയിൽ മുഴങ്ങും; അവാർഡ് ദാനചടങ്ങ് മാർച്ച് 12 ന്

March 1, 2023
RRR oscar song

ലോകപ്രശസ്‌ത ഓസ്‌കാർ വേദിയിൽ വരെ ഇന്ത്യൻ സിനിമയെ എത്തിച്ചിരിക്കുകയാണ് രാജമൗലിയുടെ ‘ആർആർആർ.’ ഇത്തവണത്തെ ഓസ്‌കാർ അവാർഡിൽ മികച്ച ഗാനത്തിനുള്ള നോമിനേഷൻ ആർആർആറിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന് ലഭിച്ചിട്ടുണ്ട്. ഇതോടെ ചിത്രം കൂടുതൽ ലോക സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. സ്‌റ്റീവൻ സ്‌പിൽബെർഗ് അടക്കമുള്ള സംവിധായകർ ചിത്രത്തെ പുകഴ്ത്തി സംസാരിച്ചിരുന്നു. (RRR oscar awards)

അവാർഡ് ദാനചടങ്ങിൽ ഗാനം അവതരിപ്പിക്കുമെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. അക്കാദമി തന്നെയാണ് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ഗായകരായ രാഹുൽ സിപ്ലിഗഞ്ചും കാലഭൈരവയും ചേർന്നായിരിക്കും ഓസ്‌കാർ നടക്കുന്ന ഡോൾബി തിയേറ്ററിൽ ഗാനം അവതരിപ്പിക്കുന്നത്. മാർച്ച് 12 നാണ് ലോസ് ഏഞ്ചൽസിൽ ഓസ്‌കാർ അവാർഡ് ദാനച്ചടങ്ങ് നടക്കുന്നത്.

ഓസ്‌കാർ അവാർഡ് നിശ അടുക്കുന്നതോടെ ‘ആർആർആർ’ വീണ്ടും വാർത്തകളിൽ നിറയുകയാണ്. അപ്രതീക്ഷിതമായ വമ്പൻ വിജയമാണ് രാജമൗലിയുടെ ‘ആർആർആർ’ നേടിയത്. ഓസ്‌കാറിനോട് അനുബന്ധിച്ച് ചിത്രം അമേരിക്കയിൽ ഇപ്പോൾ റീ-റിലീസിനൊരുങ്ങുകയാണ്. നേരത്തെ അവതാർ സിനിമകളുടെ സംവിധായകൻ ജയിംസ് കാമറൂണും ആർആർആറിനെ പുകഴ്ത്തി സംസാരിച്ചിരുന്നു.

Read More: കൈകളിലെ പരുക്കിലും തളരാതെ സാമന്ത- ചിത്രം പങ്കുവെച്ച് നടി

അതേ സമയം സ്‌പിൽബര്‍ഗും രാജമൗലിയും തമ്മിലുള്ള ഒരു കൂടിക്കാഴ്ച്ചയുടെ ചിത്രങ്ങൾ വൈറലായി മാറിയിരുന്നു. ഗോൾഡൻ ഗ്ലോബ് പുരസ്‌ക്കാര ചടങ്ങിൽ പങ്കെടുക്കവെയാണ് അദ്ദേഹം സ്‌പിൽബര്‍ഗിനെ കണ്ടു മുട്ടിയത്. “ഞാൻ ദൈവത്തെ കണ്ടുമുട്ടി” എന്ന് കുറിച്ച് കൊണ്ടാണ് രാജമൗലി സ്‌പിൽബര്‍ഗിനൊപ്പമുള്ള ചിത്രങ്ങൾ ട്വീറ്റ് ചെയ്‌തത്‌. ഗോൾഡൻ ഗ്ലോബ് നേടിയ എം.എം കീരവാണിയും സ്‌പിൽബര്‍ഗിനൊപ്പമുള്ള ചിത്രങ്ങൾ ട്വീറ്റ് ചെയ്‌തിരുന്നു. സിനിമകളുടെ ദൈവത്തെ കാണാനുള്ള ഭാഗ്യമുണ്ടായെന്നും അദ്ദേഹത്തിന്റെ ചിത്രങ്ങൾ എത്രത്തോളം ഇഷ്ടമാണെന്ന് പറഞ്ഞുവെന്നുമാണ് കീരവാണി കുറിച്ചത്. ‘നാട്ടു നാട്ടു’ ഗാനം അദ്ദേഹത്തിന് ഒരുപാട് ഇഷ്ടമായെന്ന് സ്‌പിൽബര്‍ഗ് പറഞ്ഞത് വിശ്വസിക്കാനായില്ലെന്നും കീരവാണി കൂട്ടിച്ചേർത്തു.

Story Highlights: Nattu nattu on oscar stage