അച്ഛനും അമ്മയ്ക്കും ഒപ്പം ഉലകവും ഉയിരും..- വിഡിയോ
തെന്നിന്ത്യൻ സിനിമാലോകത്തെ പ്രിയതാരജോഡികളാണ് നയൻതാരയും വിഘ്നേഷ് ശിവനും. 2015ലെ തമിഴ് ചിത്രമായ നാനും റൗഡി താന്റെ സെറ്റിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. വിഘ്നേഷ് സംവിധാനം ചെയ്ത ചിത്രത്തിൽ നയൻതാരയായിരുന്നു നായിക. ഇരുവരും ആറ് വർഷം മുമ്പ് വിവാഹിതരായിരുന്നു. ഈ വർഷം ജൂണിൽ ഒരു വലിയ ചടങ്ങോടെ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. 2022 ഒക്ടോബറിൽ വാടക ഗർഭധാരണത്തിലൂടെ ഇരുവരും തങ്ങളുടെ ഇരട്ട ആൺകുട്ടികളെ സ്വീകരിച്ചു. ഉയിർ, ഉലഗം എന്നിങ്ങനെയാണ് പേരുകൾ നൽകിയിരിക്കുന്നത്. ഇപ്പോഴിതാ, മക്കൾക്കൊപ്പമുള്ള ഇവരുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരിക്കുകയാണ്.
മക്കളെയും ചേർത്തുപിടിച്ച് എയർപോർട്ടിൽ എത്തിയതാണ് വിഘ്‌നേഷും നയൻതാരയും. ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ വിഘ്‌നേഷ് ശിവനും നടി നയൻതാരയും വർഷങ്ങളായുള്ള പ്രണയത്തിന് ശേഷം ഈ ജൂൺ 9 ന് വിവാഹിതരായിരുന്നു. ഒരു സ്വപ്ന വിവാഹമായിരുന്നു ഇരുവരും ചേർന്ന് ഒരുക്കിയത്. അടുത്ത സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും മാത്രമാണ് വിവാഹത്തിന് ക്ഷണിച്ചത്. അതിഥികളുടെ പട്ടികയിൽ ഷാരൂഖ് ഖാൻ, സൂര്യ, രജനികാന്ത്, വിജയ് സേതുപതി തുടങ്ങിയ സൂപ്പർ താരങ്ങളും ഉണ്ടായിരുന്നു. സംഗീതജ്ഞനും ഗായകനുമായ എആർ റഹ്മാനും വിവാഹത്തിന്റെ ഭാഗമായിരുന്നു.
അതേസമയം, ഷാരൂഖ് ഖാനൊപ്പം ജവാനിലാണ് താരം അടുത്തതായി അഭിനയിക്കുന്നത്. ആറ്റ്‌ലി സംവിധാനം ചെയ്യുന്ന പാൻ-ഇന്ത്യൻ സിനിമയിൽ പ്രിയാമണി, സന്യ മൽഹോത്ര തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 2023 മധ്യത്തോടെ ജവാൻ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Story highlights- nayanthara vikhnesh sivan shares kids video