ഓസ്കാർ പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി; പ്രവചനങ്ങൾ ഇങ്ങനെ…
സിനിമ ലോകം കാത്തിരിക്കുന്ന ഓസ്കാർ അവാർഡുകൾ പ്രഖ്യാപിക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. പോയ വർഷത്തെ ലോക സിനിമയിലെ മികച്ചവർ ആരൊക്കെയെന്ന് അറിയാനുള്ള പ്രേക്ഷകരുടെ കാത്തിരിപ്പ് അവസാനിക്കുകയാണ്. നാളെ രാവിലെ 5.30 മുതലാണ് ഇന്ത്യയിൽ അവാർഡ് ദാനച്ചടങ്ങിന്റെ തത്സമയ സംപ്രേഷണമുള്ളത്. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ ചടങ്ങ് തത്സമയം കാണാൻ കഴിയും. (Oscar awards 2023)
ഈ അവസരത്തിൽ പ്രധാന വിഭാഗങ്ങളിലെ നോമിനേഷനുകൾ ഏതൊക്കെയെന്ന് നോക്കാം. വിവിധ വിഭാഗങ്ങളിലെ അവാർഡുകളെ പറ്റിയുള്ള പ്രവചനങ്ങളും ഇതോടൊപ്പം ചേർക്കുന്നു.
മികച്ച ചിത്രം
ഓള് ക്വയറ്റ് ഓണ്‍ ദ വെസ്റ്റേണ്‍ ഫ്രണ്ട്, അവതാര്‍: ദ വേ ഓഫ് വാട്ടര്‍, ദി ബാൻഷീസ് ഓഫ് ഇനിഷിറീൻ, എല്‍വിസ്, എവരിതിംഗ് എവെരിവെയര് ഓള് അറ്റ് വണ്‍സ്, ദി ഫാബെല്മൻസ്, താര്, ടോപ് ഗണ്‍: മാവെറിക്ക്, ട്രയാംഗിള്‍സ് ഓഫ് സാഡ്നെസ്സ്, വുമണ്‍ ടോക്കിംഗ് എന്നീ ചിത്രങ്ങൾക്കാണ് മികച്ച ചിത്രത്തിനുള്ള നോമിനേഷനുകൾ ലഭിച്ചിരിക്കുന്നത്.
‘എവരിതിംഗ് എവെരിവെയര് ഓള് അറ്റ് വണ്‍സ്‘ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെടാൻ സാധ്യതയേറെയാണ്. സമാനതകളില്ലാത്ത ജനപ്രീതിയാണ് ചിത്രത്തിന് ലഭിച്ചിട്ടുള്ളത്.
മികച്ച സംവിധായകൻ
മാര്ട്ടിൻ മക്ഡോണഗ് (ദി ബാൻഷീസ് ഓഫ് ഇനിഷിറീൻ), ഡാനിയല്‍സ് (എവരിതിംഗ് എവെരിവെയര് ഓള് അറ്റ് വണ്‍സ്), സ്റ്റീവൻ സ്പീല്‍ബെര്‍ഗ് (ദി ഫാബെല്മൻസ്), ടോഡ്ഡ് ഫീല്‍ഡ് (താര്), റൂബൻ ഓസ്റ്റുലൻഡ് (ട്രയാംഗിള്‍ ഓഫ് സാഡ്നെസ്) എന്നീ സംവിധായകർക്കാണ് മികച്ച സംവിധായകനുള്ള നോമിനേഷൻ ലഭിച്ചിരിക്കുന്നത്.
‘ദി ഫാബെല്മൻസ്’ എന്ന ചിത്രത്തിലൂടെ ലോകപ്രശസ്ത സംവിധായകൻ സ്റ്റീവൻ സ്പീല്‍ബെര്‍ഗ് ഈ വിഭാഗത്തിൽ അവാർഡ് നേടാനാണ് സാധ്യത. ദൃശ്യവിസ്മയമൊരുക്കിയ എവരിതിംഗ് എവെരിവെയര് ഓള് അറ്റ് വണ്‍സിന്റെ ഇരട്ട സംവിധായകരായ ഡാനിയല്‍സ് ഈ വിഭാഗത്തിൽ കടുത്ത മത്സരം കാഴ്ച്ചവെയ്ക്കുമെങ്കിലും സ്പീല്‍ബെര്‍ഗ് തന്നെ അവാർഡ് നേടുമെന്ന് കരുതാൻ ഒട്ടേറെ കാരണങ്ങളുണ്ട്.
മികച്ച നടൻ
ഓസ്റ്റിൻ ബട്ലെര് (എല്‍വിസ്), കോളിൻ ഫാരെല്‍ (ദി ബാൻഷീസ് ഓഫ് ഇനിഷിറീൻ), ബ്രെണ്ടൻ ഫ്രേസെര്‍ ( ദ വെയ്ല്), പോള്‍ മെസ്കല്‍ (ആഫ്റ്റര്‍സണ്‍), ബില്‍ (ലിവിംഗ്) എന്നിവർക്ക് ഈ വിഭാഗത്തിൽ നോമിനേഷൻ ലഭിച്ചിട്ടുണ്ട്.
എൽവിസിൽ അഭിനയിച്ച ഓസ്റ്റിൻ ബട്ലെര് മികച്ച മത്സരം കാഴ്ച്ചവെയ്ക്കുമെങ്കിലും അഭിനയ ജീവിതത്തിലേക്ക് അത്ഭുതപ്പെടുത്തുന്ന തിരിച്ചു വരവ് നടത്തിയ ബ്രെണ്ടൻ ഫ്രേസെര്‍ മികച്ച നടനായേക്കും.
മികച്ച നടി
കേയ്റ്റ് ബ്ലഞ്ചെറ്റ് (താര്), അന ദെ അര്‍മാസ് (ബ്ലോണ്ട്), ആൻഡ്രിയ റൈസ്ബറഗ് (ടു ലെസ്ലീ, മിഷേല്‍ വില്യംസ് (ദ ഫാബെല്‍മാൻസ്), മിഷേല്‍ യോ ( എവരിഗിംത് എവെരിവെയര് ഓള് അറ്റ് വണ്‍സ്) എന്നിവരാണ് നോമിനേഷൻ ലഭിച്ച നടിമാർ.
കടുത്ത മത്സരം നടക്കുന്ന ഒരു വിഭാഗമാണ് ഇത്. ഏറെ അമ്പരപ്പിക്കുന്ന അഭിനയപ്രകടനം കാഴ്ച്ചവെച്ച കേയ്റ്റ് ബ്ലഞ്ചെറ്റ്, മിഷേല്‍ വില്യംസ് എന്നിവർ അവാർഡ് നേടാൻ എന്ത് കൊണ്ടും അർഹരാണെങ്കിലും എവരിതിംഗ് എവെരിവെയര് ഓള് അറ്റ് വണ്‍സിലെ സമാനതകളില്ലാത്ത അഭിനയ പ്രകടനത്തിലൂടെ മിഷേല്‍ യോ മികച്ച നടിയായേക്കും.
മികച്ച സഹനടനുള്ള അവാർഡ് കി ഹൂയ് ഹുവാനും മികച്ച സഹനടിക്കുള്ള പുരസ്ക്കാരം ഏയ്ഞ്ചല ബസ്സെറ്റും സ്വന്തമാക്കിയേക്കും.
ജർമ്മൻ ചിത്രമായ ‘ഓള് ക്വയറ്റ് ഓണ്‍ ദ വെസ്റ്റേണ്‍ ഫ്രണ്ട്‘ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള പുരസ്ക്കാരം സ്വന്തമാക്കുന്നതിനൊപ്പം മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്ക്കാരവും സ്വന്തമാക്കുമെന്നാണ് കരുതപ്പെടുന്നത്.
അതേ സമയം ‘എവരിതിംഗ് എവെരിവെയര് ഓള് അറ്റ് വണ്‍സിന് തിരക്കഥയൊരുക്കിയ ഡാനിയല്‍സ് മികച്ച ഒറിജിനൽ തിരക്കഥയ്ക്കുള്ള ഓസ്കാർ ഏറ്റുവാങ്ങിയേക്കും.
ആർആർആറിലെ “നാട്ടു നാട്ടു..” എന്ന ഗാനം മികച്ച ഗാനമായി തിരഞ്ഞെടുക്കപ്പെട്ടേക്കും. ലോകപ്രശസ്ത ഗായകരായ റിഹാനയും ലേഡി ഗാഗയും ഈ വിഭാഗത്തിൽ മത്സരിക്കാനുണ്ടെങ്കിലും എം.എം കീരവാണി ഓസ്കാർ സ്വന്തമാക്കിയേക്കും. അങ്ങനെ ആണെങ്കിൽ ഇന്ത്യൻ സിനിമയ്ക്ക് ഒരു ചരിത്ര മുഹൂർത്തമായിരിക്കുമത്.
Story Highlights: Oscar 2023 predictions