ലോകസിനിമയിലെ മികച്ചവരെ അറിയാൻ ഇനി ഒരു ദിനം കൂടി; ‘നാട്ടു നാട്ടു’വിൽ ഓസ്കർ പ്രതീക്ഷയർപ്പിച്ച് ഇന്ത്യൻ സിനിമ ലോകം

March 11, 2023

ഓസ്കർ അവാർഡുകൾ പ്രഖ്യാപിക്കാൻ ഇനി ഒരു ദിനം മാത്രമാണ് ബാക്കിയുള്ളത്. ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിൽ ഞായറാഴ്ച്ച രാത്രി 8 മണിക്കാണ് അവാർഡ് ദാനച്ചടങ്ങ് നടക്കുന്നത്. ഇന്ത്യൻ സമയം തിങ്കളാഴ്ച്ച രാവിലെ 5.30 നാണ് ഇന്ത്യയിൽ ലൈവ് സംപ്രേഷണമുള്ളത്. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിൽ ചടങ്ങ് തത്സമയം കാണാൻ കഴിയും. (Oscar awards 2023)

ഇത്തവണ ഇന്ത്യൻ സിനിമ ആരാധകരും വലിയ ആവേശത്തിലാണ്. ഗോൾഡൻ ഗ്ലോബ് അടക്കമുള്ള പുരസ്‌ക്കാരങ്ങൾ സ്വന്തമാക്കിയ ആർആർആറിലെ “നാട്ടു നാട്ടു..” എന്ന ഗാനത്തിന് ഓസ്കർ നാമനിർദേശം ലഭിച്ചിട്ടുണ്ട്. ഗാനം പുരസ്ക്കാരം ഏറ്റുവാങ്ങുമെന്നാണ് ഇന്ത്യൻ സിനിമ ലോകം പ്രതീക്ഷിക്കുന്നത്. ഷൗനക് സെൻ സംവിധാനം ചെയ്ത All that breaths, കാർത്തികി ഗോൺസാൽവസിന്റെ The elephant whisperers എന്നീ ഡോക്യുമെന്ററികളാണ് ഇന്ത്യയുടെ മറ്റ് പ്രതീക്ഷകൾ. ഇന്ത്യൻ സിനിമയ്ക്ക് അഭിമാനമായി ദീപിക പദുക്കോൺ തൊണ്ണൂറ്റിയഞ്ചാം ഓസ്കാർ ചടങ്ങിനെത്തും. വിജയികൾക്ക് പുരസ്കാരം സമ്മാനിക്കുന്ന ഇരുപത്തിയെട്ട് പേരിൽ ഒരാളാണ് ദീപിക.

അതേ സമയം മികച്ച ചിത്രത്തിനായി കടുത്ത മത്സരമാണ് ഇത്തവണയുള്ളത്. ജയിംസ് കാമറൂണിന്റെ Avatar the way of water, സ്‌റ്റീവൻ സ്‌പിൽബെർഗിന്റെ The Fablemans, Elvis, Everything Everywhere All at Once, The Banshees of Insherin, ടോം ക്രൂസിന്റെ Top Gun:Maverick എന്നീ ചിത്രങ്ങളാണ് മികച്ച സിനിമയ്ക്കുള്ള അവാർഡ് നേടാൻ ഏറെ സാധ്യത കൽപ്പിക്കപ്പെടുന്ന ചിത്രങ്ങൾ.

Read More: ‘നാട്ടു നാട്ടു’ ഓസ്‌കാർ വേദിയിൽ മുഴങ്ങും; അവാർഡ് ദാനചടങ്ങ് മാർച്ച് 12 ന്

സ്‌റ്റീവൻ സ്‌പിൽബെർഗ്, ഡാനിയേൽസ്, ജയിംസ് കാമറൂൺ എന്നിവർ മികച്ച സംവിധാനത്തിനും മിഷേൽ യോ, കേറ്റ് ബ്ലാൻഷെറ്റ്, മിഷേൽ വില്യംസ് എന്നിവർ മികച്ച അഭിനയത്തിനും അവാർഡ് സ്വന്തമാക്കാൻ ഏറെ സാധ്യത കൽപ്പിക്കപ്പെടുന്നവരാണ്. ‘എൽവിസ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് ഓസ്റ്റിൻ ബട്ലർ എന്ന നടൻ മികച്ച നടനായി തിരഞ്ഞെടുക്കപ്പെടുമെന്ന് കരുതുന്നവരും ഏറെയാണ്.

Story Highlights: Oscar awards 2023 announcement on sunday