റഫറിയിങ്ങിനെതിരെ വിമർശനവുമായി ബെംഗളൂരു എഫ്സി ഉടമ; രസകരമായ മറുപടിയുമായി ബ്ലാസ്റ്റേഴ്സ് ആരാധകർ
ഇന്നലെ നടന്ന ഫൈനലിൽ ബെംഗളൂരു എഫ്സിയെ തകർത്ത് എടികെ മോഹൻ ബഗാൻ ഈ സീസണിലെ ഐഎസ്എൽ ചാമ്പ്യന്മാരായി. നിശ്ചിത സമയത്തും അധിക സമയത്തും 2-2 ന് സമനില പാലിച്ച മത്സരത്തിൽ ബെംഗളൂരു എഫ്സിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3 ന് പരാജയപ്പെടുത്തിയാണ് എടികെ കിരീടം നേടിയത്. വിശാൽ കെയ്ത്ത് എന്ന ഗോൾകീപ്പർ എടികെയുടെ രക്ഷകനാവുകയായിരുന്നു. ഇത് നാലാം തവണയാണ് എടികെ ഐഎസ്എൽ കിരീടം സ്വന്തമാക്കുന്നത്. എടികെ മോഹൻ ബഗാനെന്ന് പേര് മാറ്റിയതിന് ശേഷം നേടുന്ന ആദ്യ കിരീടമെന്ന പ്രത്യേകതയും ഇതിനുണ്ട്. (Kerala blasters fans’ reply to bengaluru fc owner’s tweet)
അതേ സമയം മത്സരശേഷം റഫറിയിങ്ങിനെതിരെ വിമർശനവുമായി ബെംഗളൂരു എഫ്സി ഉടമ പാർത്ഥ് ജിൻഡാൽ രംഗത്ത് വന്നിരുന്നു. മത്സരത്തിൽ ബെംഗളൂരു ലീഡ് ചെയ്തു നിൽക്കുമ്പോൾ നടന്ന ഒരു സംഭവത്തിനെതിരെയാണ് അദ്ദേഹം പ്രതികരിച്ചത്. പന്തുമായി ബോക്സിലേക്ക് കുതിച്ച എടികെ മോഹൻ ബഗാന്റെ യുവതാരം കിയാൻ നസിരിയെ ബെംഗളൂരു താരം പാബ്ലോ പെരെസ് ബോക്സിനു തൊട്ട് പുറത്തു ഫൗൾ ചെയ്യുന്നു. തുടർന്ന് റഫറി എടികെ മോഹൻ ബഗാന് പെനാൽറ്റി അനുവദിച്ചു. അവരത് സ്കോർ ചെയ്തതോടെ മത്സരം സമനിലയിലായി. തുടർന്നാണ് മത്സരം അധികസമയത്തേക്കും പെനാൽറ്റി ഷൂട്ടൗട്ടിലേക്കും നീങ്ങിയത്.
ഇതിനെ തുടർന്നാണ് പാർത്ഥ് ജിൻഡാൽ ട്വിറ്ററിൽ വിമർശനവുമായി എത്തിയത്. ഇന്ത്യൻ സൂപ്പർ ലീഗിൽ ‘വാർ’ സാങ്കേതിക വിദ്യ കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കാരണം റഫറിമാരെടുക്കുന്ന തീരുമാനങ്ങൾ വലിയ മത്സരങ്ങളെ ബാധിക്കുന്നു. മത്സരത്തിൽ റഫറിമാർ എടുത്ത തീരുമാനം വേദനിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
I’m sorry this league @IndSuperLeague definitely needs to introduce VAR – some of these decisions ruin big games and influence big games – I am very proud of the boys @bengalurufc – you didn’t lose today – this one hurts because the decisions were just shocking. @IndianFootball
— Parth Jindal (@ParthJindal11) March 18, 2023
Read More: “കോച്ചിനൊപ്പം നിൽക്കും, ബലിയാടാക്കാൻ അനുവദിക്കില്ല..”; നിലപാട് വ്യക്തമാക്കി ‘മഞ്ഞപ്പട’
ഇപ്പോൾ അദ്ദേഹത്തിന്റെ ട്വീറ്റിന് താഴെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ നൽകിയ രസകരമായ മറുപടികളാണ് ശ്രദ്ധേയമാവുന്നത്. ഈ പ്രശ്നം പരിഹരിക്കാൻ റഫറി ക്രിസ്റ്റൽ ജോണിനെ തിരികെ കൊണ്ട് വന്നാലോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ക്രിസ്റ്റൽ ജോണാണ് ബ്ലാസ്റ്റേഴ്സും ബെംഗളൂരുവും തമ്മിൽ നടന്ന നിർണായക മത്സരത്തിൽ വിവാദ തീരുമാനത്തിലൂടെ ബെംഗളൂരു താരം സുനിൽ ഛേത്രിയുടെ ഗോൾ അനുവദിച്ചത്.
Story Highlights: Parth Jindal criticises refereeing in the final match