ബാഹുബലിയുടെ എക്കാലത്തെയും വലിയ റെക്കോർഡ് തകർത്ത് ‘പഠാന്‍’; അഭിനന്ദനവുമായി നിർമ്മാതാവ്

March 5, 2023
pathan

ബോളിവുഡ് ഇൻഡസ്ട്രി ഒരു വലിയ തിരിച്ചു വരവിന്റെ പാതയിലാണ്. വമ്പൻ പരാജയത്തിലേക്ക് കൂപ്പുകുത്തിയിരുന്ന ഹിന്ദി സിനിമ മേഖല ‘ബ്രഹ്മാസ്ത്ര’, ‘ദൃശ്യം 2’ എന്നീ ചിത്രങ്ങളിലൂടെ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചിരുന്നു. എന്നാൽ പഠാന്റെ വമ്പൻ വിജയം ബോളിവുഡിന് പുതുജീവൻ നൽകിയിരിക്കുകയാണ്. ഇന്ത്യൻ ബോക്‌സോഫിസിനെ ഇളക്കിമറിക്കുകയാണ് ചിത്രം. (Pathan becomes the highest grossing hindi movie)

ഇപ്പോൾ എക്കാലത്തെയും മികച്ച ബോക്സോഫീസ് കളക്ഷൻ നേടിയ ഹിന്ദി ചിത്രമായിരിക്കുകയാണ് പഠാന്‍. ‘ബാഹുബലി 2’ വിന്റെ ഹിന്ദി പതിപ്പിന്റെ റെക്കോർഡാണ് ചിത്രം മറികടന്നത്. പഠാന്റെ ഹിന്ദി പതിപ്പിന്റെ കളക്ഷൻ 510 കോടി കടന്നപ്പോഴാണ് റെക്കോർഡ് നേട്ടം ഉണ്ടായത്. പഠാനും ബാഹുബലിക്കുമൊപ്പം ‘കെജിഎഫ് 2’, ‘ദംഗല്‍’ എന്നീ ചിത്രങ്ങളാണ് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയിട്ടുള്ളത്.

അതേ സമയം പഠാന്റെ നേട്ടത്തിൽ അഭിനനന്ദനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബാഹുബലിയുടെ നിർമ്മാതാവായ ഷോബു യര്‍ലഗഡ്ഡ. “ഷാരൂഖ് സര്‍, സിദ്ധാര്‍ഥ് ആനന്ദ്, വൈആര്‍എഫ് കൂടാതെ പഠാന്‍റെ മുഴുവന്‍ അണിയറക്കാര്‍ക്കും അഭിനന്ദനങ്ങള്‍, ബാഹുബലി 2 ഹിന്ദി പതിപ്പിന്‍റെ ഇന്ത്യന്‍ നെറ്റ് കളക്ഷനെ മറികടന്നതിന്. റെക്കോര്‍ഡുകള്‍ എപ്പോഴും തകര്‍ക്കപ്പെടാന്‍ ഉള്ളതാണ്. അത് ഷാരൂഖ് ഖാന്‍ തന്നെ നിര്‍വ്വഹിച്ചു എന്നതില്‍ എനിക്ക് സന്തോഷമുണ്ട്”- അദ്ദേഹം ട്വീറ്റ് ചെയ്‌തു.

Read More: ഒരു ടിക്കറ്റ് വാങ്ങിയാൽ മറ്റൊന്ന് ഫ്രീ; അപ്രതീക്ഷിത ഓഫറുമായി പഠാന്റെ അണിയറ പ്രവർത്തകർ

അതേ സമയം പഠാന്റെ കളക്ഷൻ 1000 കോടി കടന്നിരിക്കുകയാണ്. റിലീസ് ചെയ്‌ത്‌ രണ്ടാം ദിനം തന്നെ ചിത്രം 200 കോടി നേടിയിരുന്നു. ഷാരൂഖ് ഖാന്റെ എക്കാലത്തെയും മികച്ച ഓപ്പണിങ് കളക്ഷനാണ് ‘പഠാൻ’ സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം ആദ്യ ദിനം തന്നെ ലോകമെമ്പാട് നിന്നും 100 കോടി നേടിയിരുന്നു. ഹിന്ദി സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കളക്ഷനാണിത്. അഞ്ച് ദിവസം കൊണ്ട് ചിത്രത്തിന്റെ ആഗോള കളക്ഷൻ 500 കോടിയിലെത്തിയിരുന്നു.

Story Highlights: Pathan breaks bahubali’s record