മാർച്ച് 28ന് രാത്രിയിൽ ഭൂമിയിൽ നിന്നും അഞ്ച് ഗ്രഹങ്ങളെ ഒന്നിച്ചുകാണാം

March 20, 2023

ബഹിരാകാശ വിഷയങ്ങളിൽ താല്പര്യമുള്ളവർക്ക് ഇത് വളരെ മികച്ചൊരു മാസമാണ്. കാരണം, ഏപ്രിലിലേക്ക് കടക്കുംമുൻപ് ആകാശത്ത് ഒരുങ്ങുന്നത് വിസ്മയക്കാഴ്ചകളാണ്. ജ്യോതിശാസ്ത്ര ആപ്പ് ‘സ്റ്റാർ വാക്ക്’ അനുസരിച്ച്, സൗരയൂഥത്തിനുള്ളിൽ അഞ്ച് ഗ്രഹങ്ങൾ ഈ മാസം ഒരേ സമയം ദൃശ്യമാകും. താരതമ്യേന അപൂർവമായ ഈ കാഴ്ച മാസാവസാനമുണ്ടാകുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. അഞ്ചു ഗ്രഹങ്ങളെ ഒന്നിച്ചുകാണാനുള്ള ഏറ്റവും നല്ല ദിവസം മാർച്ച് 28, ചൊവ്വാഴ്ച ആയിരിക്കും. സ്റ്റാർ വാക്ക് പറയുന്നതനുസരിച്ച് അവ ആ ദിവസത്തിന് മുമ്പും ശേഷവും നിരവധി ദിവസം ദൃശ്യമാകുമെന്നാണ്.

ഒരു നേർരേഖയ്ക്ക് പകരം, ഗ്രഹങ്ങൾ രാത്രി ആകാശത്ത് ഒരു അർദ്ധവളയമായി കാണാൻ സാധിക്കും. നക്ഷത്ര നിരീക്ഷകർക്ക് ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, യുറാനസ് എന്നിവ കാണാനുള്ള മികച്ച അവസരമാണിത്. എങ്കിലും എല്ലാ ഗ്രഹങ്ങളും ഒരേ രീതിയിൽ കാണാൻ സാധിച്ചെന്ന് വരില്ല. ചിലത്, മറ്റുള്ളവയേക്കാൾ കൂടുതൽ ദൃശ്യമാകും.നിങ്ങളുടെ ലൊക്കേഷനെ ആശ്രയിച്ച്, അഞ്ചെണ്ണവും കാണുന്നതിന് ചില ഉപകരണങ്ങൾ ആവശ്യമായി വന്നേക്കാം.

ബൈനോക്കുലറുകൾ ഉപയോഗിച്ച് കാണാൻ ശ്രമിക്കുന്നതാണ് ഉചിതം. നിങ്ങളുടെ ബഹിരാകാശ നിരീക്ഷണ അനുഭവം പരമാവധി പ്രയോജനപ്പെടുത്തുന്നതിന് പരന്നതും ഇരുണ്ടതുമായ സ്ഥലങ്ങൾ തെരഞ്ഞെടുക്കണം.നക്ഷത്ര ജ്യോതിശാസ്ത്ര വിഷയങ്ങളിൽ താൽപ്പര്യമുള്ള ഏതൊരാൾക്കും, സൂര്യാസ്തമയത്തിനു ശേഷം നിരീക്ഷണങ്ങൾ ആരംഭിക്കാം. ശോഭയുള്ള ഗ്രഹങ്ങളായ വ്യാഴവും ബുധനും ചക്രവാളത്തിന് സമീപം, പീസസ് നക്ഷത്രസമൂഹത്തിൽ ദൃശ്യമാകും. അഞ്ച് ഗ്രഹങ്ങളിലും ഏറ്റവും തിളക്കമുള്ള ശുക്രനെപ്പോലെ അവ എളുപ്പത്തിൽ കാണാൻ കഴിയില്ല.

Read Also: ‘സിനിമയുടെ ഈ ഘട്ടത്തെ രഘു വളരെയധികം ഇഷ്ടപ്പെടുമായിരുന്നു..’- രഘുവരന്റെ പതിനഞ്ചാം ചരമവാർഷികത്തിൽ ഓർമ്മകുറിപ്പുമായി രോഹിണി

ശുക്രനിൽ നിന്ന് വളരെ അകലെയല്ലാത്ത യുറാനസ്, ഒരുപക്ഷേ കണ്ടെത്താൻ ഏറ്റവും പ്രയാസമുള്ളതായിരിക്കും. അതിനാണ് ബൈനോക്കുലർ ഉപയോഗിക്കേണ്ടി വരുന്നത്. ചൊവ്വ, ജെമിനി രാശിയിലെ ആദ്യ പാദമായ ചന്ദ്രനു സമീപം ആകാശത്ത് ഉയർന്ന നിലയിൽ കാണാം.

Story highlights- See 5 Planets in the Night Sky All at Once This Month