‘ആദ്യമായി മഞ്ഞ് കണ്ടപ്പോൾ..’- വിഡിയോ പങ്കുവെച്ച് അനു സിതാര
മലയാളത്തിൽ ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ ഇടം നേടിയ ചുരുക്കം ചില നടിമാരിൽ ഒരാളാണ് അനു സിതാര. ‘പൊട്ടാസ് ബോംബ്’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന അനു സിതാര , 2017-ൽ പുറത്തിറങ്ങിയ ‘രാമന്റെ ഏദൻ തോട്ടം’ എന്ന ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബന്റെ നായികയായി അഭിനയിച്ചതോടെ ശ്രദ്ധനേടുകയായിരുന്നു. ജയസൂര്യ നായകനായ ‘ക്യാപ്റ്റൻ’ എന്ന ചിത്രത്തിലെ കഥാപാത്രവും പ്രശംസ പിടിച്ചുപറ്റി. സിനിമാതിരക്കുകൾക്കിടയിൽ സമൂഹമാധ്യമങ്ങളിലും സജീവമാണ് നടി.
ഇപ്പോൾ ഇസ്താംബൂളിൽ അവധി ആഘോഷിക്കുകയാണ് അനു സിതാര. ഇപ്പോഴിതാ, ആദ്യമായി മഞ്ഞുകണ്ട സന്തോഷം പങ്കുവയ്ക്കുകയാണ് നടി. ഒരു വിഡിയോയ്ക്കൊപ്പം ഹൃദ്യമായി ഒരു കുറിപ്പും നടി പങ്കുവെച്ചിരിക്കുന്നു. ‘ആദ്യമായി മഞ്ഞ് കണ്ടപ്പോൾ ഒരു കുഞ്ഞിനെ പോലെ തോന്നി. ഞാൻ വളരെ വികാരാധീനയായതിനാൽ കരയാൻ ആഗ്രഹിച്ചു. ലോകത്തെവിടെയും വെളുത്ത പൂക്കൾ വിരിയട്ടെ..’- അനു സിതാര കുറിക്കുന്നു.
അതേസമയം,അനു സിതാര നായികയാകുന്ന പുതിയ ചിത്രമാണ് ‘ദുനിയാവിന്റെ ഒരറ്റത്ത്’. ആലപ്പുഴയിൽ നിന്നും മട്ടാഞ്ചേരിയിലേക്ക് വിവാഹം കഴിഞ്ഞെത്തുന്ന കഥാപത്രമാണ് അനു സിതാരയുടേത്. ടോം ഇമ്മാട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസി, പ്രശാന്ത് മുരളി, സുധി കോപ്പ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മലയാള സിനിമയിൽ ശാലീനതയുടെ പര്യായമായി മാറിയ നടി കൂടിയാണ് അനു സിതാര. നാടൻ ഭംഗിയാണ് താരത്തിന്റെ ആകർഷണീയത. വിവാഹ ശേഷം സിനിമയിൽ നിന്നും നടിമാർ വിട്ടുനിൽക്കുമ്പോൾ അനു സിതാരയുടെ കാര്യം നേരെ മറിച്ചാണ്. ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുവുമായുള്ള വിവാഹ ശേഷമാണ് അനു സിതാര സിനിമയിൽ സജീവമായത്.
Story highlights- anu sithara’s first snow experience