78 ഗ്രാമങ്ങളിലായി പതിനായിരത്തിലധികം മാളികകൾ നിറഞ്ഞ ചെട്ടിനാടിന്റെ മനോഹാരിത

April 21, 2023

തലയെടുപ്പുള്ള മാളികകളുടെ നാടാണ് തമിഴ്‌നാട്ടിലെ ചെട്ടിനാട്. മനോഹരമായ കാഴ്ചകൾക്ക് അപ്പുറം, ഈ മാളികകളാണ് ചെട്ടിനാട്ടിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. ഒരുകാലത്ത് വ്യാപാര കേന്ദ്രങ്ങളുടെയും ഉപ്പ് മുതൽ രത്നങ്ങൾ വരെ വില്പന നടത്തിയിരുന്ന കഥകളുടെയും നാടാണ് ചെട്ടിനാട്. ബിസിനസുകാരായ നാട്ടുകോട്ടൈ ചെട്ടിയാർ സമൂഹം ആധിപത്യം പുലർത്തിയിരുന്ന സ്ഥലമാണ് ചെട്ടിനാട്. 78 ഗ്രാമങ്ങൾ നിറഞ്ഞ ചെട്ടിനാട് മാളികകൾ കാണാൻ ഒട്ടേറെ സഞ്ചാരികൾ എത്താറുണ്ട്.

ഇന്ന് 11,000 മാളികകളുണ്ട് ഇവിടെ. 100 വർഷം മുമ്പ് നിലവിലുണ്ടായിരുന്നതാണ് പകുതിയോളം മാളികകളും. ആദരവോടെ നാട്ടുകാർ കണ്ടിരുന്ന ചെട്ടിയാർ സമൂഹം ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ചെന്നൈ പോലുള്ള നഗരങ്ങളിലേക്ക് മാറിത്താമസിച്ചു. കൊട്ടാര സദൃശ്യമായ ഭവനങ്ങൾ കെയർടേക്കർമാരെ ഏൽപ്പിച്ച് വിവാഹങ്ങൾ അല്ലെങ്കിൽ പൊങ്കൽ പോലുള്ള അപൂർവ സന്ദർഭങ്ങളിൽ മാത്രം നാട്ടിലേക്ക് മടങ്ങിയെത്തി. ചില മാളികകൾ ഹോട്ടലുകളായി രൂപം മാറി. ടൂറിസം സാധ്യത വർധിച്ചതോടെ ഇവിടെ ഹോട്ടലുകളുടെ ബിസിനസ്സിനും വലിയ സ്വീകാര്യതയാണുള്ളത്.

ആഡംബരത്തിന്റെയും സമ്പന്നതയുടെയും നേർക്കാഴ്ച്ചയാണ് ചെട്ടിനാട് ഗ്രാമം. ഓരോ ഗ്രാമത്തിലെയും തെരുവുകളിലേക്ക് പ്രവേശന കവാടവുമുണ്ട്. കൊട്ടാരം പോലെയുള്ള വീടുകളുടെ വരാന്തയിലേക്ക് എത്താൻ പഠിപ്പുരയും കടന്ന് നീളത്തിൽ ഒരു പാതയുണ്ട്. പണ്ടൊക്കെ ആഘോഷസമയത്ത് ഈ പാതകൾ അലങ്കരിച്ചിടുന്നത് പതിവാണ്. അകത്തേക്ക് കടന്നാലും കാഴ്ചകൾ കൊണ്ട് സമ്പന്നമാണ്. വാതിലുകളിൽ മികച്ച കൊത്തുപണികൾ, ബർമയിൽ നിന്നുള്ള തേക്ക് കൊണ്ടുള്ള തൂണുകൾ, ഇറ്റലിയിൽ നിന്നുള്ള മാർബിൾ ടൈലുകൾ, സ്പെയിനിൽ നിന്നുള്ള സീലിംഗ് ടൈലുകൾ എന്നിവയൊക്കെയാണ് മാളികകളിൽ ഉപയോഗിച്ചിരിക്കുന്നത്.

Read More: കരൾരോഗത്തെ തോൽപ്പിച്ചു പുഞ്ചിരിയോടെ ബാല; ചിത്രം പങ്കുവെച്ച് താരം..

ചെട്ടിനാട്ടെ പ്രധാന പട്ടണമായ കാരൈകുടിയിൽ നിന്ന് 50 കിലോമീറ്റർ ചുറ്റളവിലുള്ള പല്ലത്തൂർ, ദേവകോട്ടൈ, കോത്തമംഗലം ഗ്രാമങ്ങളും അവരുടെ മഹത്തായ മാളികകൾക്ക് പേരുകേട്ടതാണ്. ചെട്ടിനാട് പാചകരീതി സമൃദ്ധവും പേരുകേട്ടതുമാണ്. ചെട്ടിനാട് ചിക്കൻ, മട്ടൻ കോല ഉറുണ്ടായ്, ചെട്ടിനാട് ബിരിയാണി ഇവയെല്ലാം ഈ പ്രദേശത്തിന്റെ പേരിൽ ശ്രദ്ധ നേടിയതാണ്.

Story highlights- chettinadu palace village