ഫഹദ് ഫാസിൽ നായകനാകുന്ന ‘ധൂമം’; ശ്രദ്ധനേടി ഫസ്റ്റ് ലുക്ക് പോസ്റ്റർ

April 17, 2023

മലയാളികളുടെ പിയപ്പെട്ട താരമാണ് ഫഹദ് ഫാസിൽ. താരത്തിന്റേതായി ഒട്ടേറെ ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങുന്നത്. ഇപ്പോഴിതാ, ഫഹദ് ഫാസിലിനെ നായകനാക്കി ഹോംബാലെ ഫിലിംസ് നിർമിക്കുന്ന പുതിയ ചിത്രം “ധൂമം” ത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഹോംബാലെ ഫിലിംസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്. വളരെ ആകാംക്ഷ ജനിപ്പിക്കുന്ന പോസ്റ്ററാണ് ചിത്രത്തിന്റേത്.

‘എല്ലാ പുകചുരുളുകളിലും ഒരു രഹസ്യം മറഞ്ഞിരിപ്പുണ്ടാവും. മറഞ്ഞുപോവാൻ പാടില്ലാത്ത രഹസ്യങ്ങൾ. ഈ സസ്‌പെൻസ്ഫുൾ ത്രില്ലിങ് ഡ്രാമക്കൊപ്പം ഹൃദയമിടിപ്പ് കൂട്ടുന്ന ഒരു സാവാരിക്കായി ഒരുങ്ങിക്കോളൂ’ എന്നാണ് പോസ്റ്റർ പങ്കുവെച്ച് ഫഹദ് ഫാസിൽ ഫേസ്ബുക്കിൽ കുറിച്ചത്. പവൻ കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അപർണ ബാലമുരളിയാണ് നായികയാകുന്നത്. ‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തിനു ശേഷം ഫഹദും,അപർണയും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് ‘ധൂമം’ . റോഷൻ മാത്യുവും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

വിജയ് കിരഗണ്ടൂരിന്റെ നേതൃത്വത്തിലുള്ള ഹോം ബാലെ ഫിലിംസിന്റെ കെജിഎഫ് 1& 2, കാന്താര എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം മാജിക് ഫ്രയിംസ് വിതരണത്തിന് എത്തിക്കുന്ന ചിത്രമാണ് ‘ധൂമം’.ഈ രണ്ട് ചിത്രങ്ങളും പൃഥ്വിരാജ് പ്രൊഡക്ഷൻസുമായി ചേർന്നാണ് ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് വിതരണം ചെയ്തത്.കന്നടയിൽ യൂ-ടേൺ, ലൂസിയ എന്നീ ചിത്രങ്ങൾ ഒരുക്കിയ പവൻകുമാർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ധൂമം’. മലയാളം,തമിഴ്,തെലുങ്ക്, കന്നട എന്നീ നാല് ഭാഷകളിലായി റിലീസ് ചെയ്യുന്ന ത്രില്ലർ മോഡലിൽ ഒരുങ്ങുന്ന ധൂമത്തിൽ അച്യുത് കുമാർ, ജോയ് മാത്യു, ദേവ് മോഹൻ, നന്ദു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

Read Also: വിഷാദരോഗവും അൽസ്ഹൈമേഴ്‌സും ബാധിച്ച മുതിർന്നവർക്ക് ആശ്വാസമാവുന്ന മൃഗങ്ങൾ; ഹൃദയം തൊടുന്ന കാഴ്ച്ച-വിഡിയോ

പ്രീത ജയരാമൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. പൂർണചന്ദ്ര തേജസ്വിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.ക്രിയേറ്റീവ് പ്രൊഡ്യൂസർ കാർത്തിക് വിജയ് സുബ്രഹ്മണ്യം. ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ രംഗനാഥ് രവി,ആർട്ട് അനീസ് നാടോടി, കോസ്റ്റ്യൂം പൂർണിമ രാമസ്വാമി, പ്രൊഡക്ഷൻ കൺട്രോളർ ഷിബു സുശീലൻ, പി ആർ ഓ മഞ്ജു ഗോപിനാഥ്, ഡിസ്ട്രിബൂഷൻ കോർഡിനേറ്റർ ബബിൻ ബാബു, മാർക്കറ്റിംഗ് കോർഡിനേറ്റർ ബിനു ബ്രിങ്ഫോർത്ത്.

Story highlights- dhoomam first look poster out now