ഫറവോന്മാരുടെ നാട്ടിലേക്കൊരു യാത്ര പോകാം; 5 വർഷത്തേക്ക് മൾട്ടിപ്പിൾ എൻട്രി വിസയുമായി ഈജിപ്ത്

April 10, 2023

എന്നും ലോക സഞ്ചാരികൾ വിസ്മയത്തോടെ അതിലേറെ അത്ഭുതത്തോടെ നോക്കിക്കാണുന്ന ഒരു രാജ്യമാണ് ഈജിപ്ത്. നിഗൂഢതകൾ ഒളിഞ്ഞു കിടക്കുന്ന ഈജിപ്ഷ്യൻ പിരമിഡുകളും നിധികുംഭങ്ങളായ മമ്മിയുടെ ലോകവും അതിലേറെ കാഴ്ചകളും ഈ രാജ്യത്തെ വ്യത്യസ്തമാക്കുന്നു. ഈജിപ്തിന്റെ സാമ്പത്ത് വ്യവസ്ഥയിൽ വിനോദ സഞ്ചാരം ഒരു സുപ്രധാന പങ്കു തന്നെ വഹിക്കുന്നുണ്ട്.

നൈൽ നദിയുടെ മനോഹാരിതയും പിരമിഡുകളും മമ്മികളും ഫറവോന്മാരുടെ കഥകളും എന്നും സഞ്ചാരികൾക്ക് പ്രിയങ്കരമാണ്. കൊറോണ കാലഘട്ടത്തിനു മുൻപ് വരെ വിനോദ സഞ്ചാരമേഖലയിൽ മുൻപന്തിയിൽ തന്നെ നിലനിന്നിരുന്ന രാജ്യം പിന്നീട് ആ മേഖലയിൽ പിന്നോട്ട് പോകുകയായിരുന്നു. കൊവിഡ് വ്യാപിച്ച 2020 മുതലുള്ള കാലയളവിൽ ഏകദേശം എഴുപത് ശതമാനത്തോളം നഷ്ടം ഈ മേഖലയിൽ രാജ്യം നേരിട്ടു.

ഇന്ത്യൻ മണി ഏകദേശം 57500 രൂപയോളം (700 ഡോളർ) ചിലവുണ്ട് വിസയ്ക്ക്. ഇപ്പോളിതാ സഞ്ചാരികളെ ആകർഷിക്കുന്നതിനായി അഞ്ചു വർഷത്തേക്ക് മൾട്ടിപ്പിൾ എൻട്രി വിസ നൽകുമെന്ന പ്രഖ്യാപനവുമായി രാജ്യം മുന്നോട്ട് വന്നിരിക്കുകയാണ്. ഇത് കൂടാതെ തന്നെ വിവിധ തരത്തിലുള്ള വിസ ഇളവുകൾ നൽകാനും ആലോചനയുണ്ട് എന്നും ഈജിപ്ഷ്യൻ വിനോദ സഞ്ചാര മന്ത്രി അഹ്‌മദ്‌ ഇസ പറഞ്ഞു. ഇന്ത്യ അടക്കം 180 രാജ്യങ്ങൾക്കാവും ഈ ഇളവുകൾ ലഭിക്കുക. നിലവിൽ സഞ്ചാരികളുടെ വരവിൽ കാണുന്ന ഉയർച്ച രാജ്യത്തിന് നൽകുന്നത് വൻ പ്രതീക്ഷകളാണ്. കഴിഞ്ഞ വർഷം ഒരു കോടിയിലധികം സഞ്ചാരികൾ രാജ്യം സന്ദർശിച്ചുവെന്നും അതിനേക്കാൾ 30 ശതമാനം വർദ്ധന ഇക്കൊല്ലം കുറഞ്ഞ മാസങ്ങൾക്കൊണ്ട തന്നെ ഉണ്ടായിട്ടുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. വരും വർഷങ്ങളിൽ കാഴ്ചാവസന്തം തേടി എത്തുന്ന സഞ്ചാരികളുടെ എണ്ണം മൂന്ന് കോടിയിൽ അധികം ആക്കാം എന്നാണ് പ്രതീക്ഷ.

Story highlights- Egypt to offer 5-year multiple entry visa