സന്തോഷം നിറഞ്ഞ നാട്ടിലേക്കൊരു യാത്ര പോകാം; ഫിൻലൻഡ്‌ സൗജന്യമായി സന്ദർശിക്കാൻ 10 പേർക്ക് അവസരം

April 4, 2023

തുടർച്ചയായി ആറാം തവണയും ലോകത്തെ ഏറ്റവും സന്തോഷം നിറഞ്ഞ രാജ്യമായി മാറിയിരിക്കുകയാണ് ഫിൻലൻഡ്‌. 137 രാജ്യങ്ങളെ റാങ്ക് ചെയ്‌തുകൊണ്ട് യുഎൻ സസ്‌റ്റൈനബിൾ ഡെവലപ്മെന്റ് സൊല്യൂഷൻസ് പുറത്തിറക്കിയ പട്ടികയിൽ ആണ് ആറാം തവണയും ഫിൻലൻഡ്‌ ഒന്നാമതെത്തിയിരിക്കുന്നത്. പ്രകൃതി സൗന്ദര്യം കൊണ്ടും ജീവിതനിലവാരം കൊണ്ടും സമ്പന്നതയിലും എന്നും മുന്നിൽ തന്നെയാണ് ഈ രാജ്യം. ഫിൻലൻഡ്‌ സന്ദർശിക്കുക എന്ന സ്വപ്നം യാത്രകളെ പ്രണയിക്കുന്ന ഏവരുടേതുമാണ്. എന്നാൽ ചിലവേറിയ യാത്ര എന്നൊരു കാരണം, എല്ലാവരെയും ഈ സ്വപ്നത്തിൽ നിന്ന് പിന്തിരിപ്പിക്കാറാണ് പതിവ്.

എന്നാലിതാ, ഫിൻലൻഡ്‌ യാത്ര സ്വപ്നം കാണുന്നവർക്ക് ഫിൻലൻഡ്‌ സന്ദർശിക്കുവാൻ സ്വപ്നാവസരം ഒരുക്കുകയാണ് ഈ രാജ്യം. ഈ വർഷം ജൂണിൽ നടക്കാനിരിക്കുന്ന “മാസ്റ്റർ ക്ലാസ് ഓഫ് ഹാപ്പിനെസ്സ്” എന്ന പരിപാടിയിൽ പങ്കെടുക്കുവാനാണ് 10 ഭാഗ്യശാലികൾക്ക് അവസരം ലഭിക്കുക.തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ജൂൺ 12 മുതൽ 15 വരെ നാല് ദിവസത്തെ യാത്ര സൗജന്യമാണ്. കൂടാതെ തന്നെ പ്രകൃതിരമണീയമായ സ്ഥലത്തു സ്ഥിതി ചെയുന്ന ആഡംബര റിസോർട്ടിൽ താമസവും ഒരുക്കും.

Read Also: അച്ഛനും അമ്മയും ജീവിച്ചിരിക്കുമ്പോൾ തന്നെ അനാഥമന്ദിരത്തിൽ എത്തിപ്പെട്ടു; ഒരു ട്രെയിൻ യാത്രയിൽ മാറിമറിഞ്ഞ ജയസൂര്യയുടെ ജീവിതം- വിഡിയോ

പരിപാടിയിൽ പങ്കെടുക്കുന്നതിനായി visitfinland.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് സൈൻ അപ്പ് ഫോം പൂരിപ്പിച്ചശേഷം സോഷ്യൽ മീഡിയ ചലഞ്ചു പൂർത്തിയാക്കണം. ഇന്‍സ്റ്റഗ്രാമില്‍ #Findyourfinn, @ourfinland എന്നിവ ടാഗ് ചെയ്ത് കണ്ടന്‍റ് ഇടുകയാണ് ചെയ്യേണ്ടത്. മാസ്റ്റർ ക്ലാസ് ഓഫ് ഹാപ്പിനെസ്സിൽ എന്തുകൊണ്ട് ഭാഗമാവാൻ ആഗ്രഹിക്കുന്നുവെന്നും സൂചിപ്പിക്കേണ്ടതാണ്. 18 വയസിനു മുകളിലുള്ളവർ മാത്രമാണ് പങ്കെടുക്കേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്നവരുടെ വിവരങ്ങൾ മെയ് മാസത്തിൽ പുറത്തുവിടും.

Story highlights- Finland Is Giving Away Free Trips