അച്ഛനും അമ്മയും ജീവിച്ചിരിക്കുമ്പോൾ തന്നെ അനാഥമന്ദിരത്തിൽ എത്തിപ്പെട്ടു; ഒരു ട്രെയിൻ യാത്രയിൽ മാറിമറിഞ്ഞ ജയസൂര്യയുടെ ജീവിതം- വിഡിയോ
ഓരോ ജീവിതങ്ങളും ഒരോ അനുഭവങ്ങളാണ്. വഴിത്തിരിവുകൾ നിറഞ്ഞ ഇത്തരം കഥകളുമായി ഫ്ളവേഴ്സ് ഒരുകോടിയിൽ എത്തുന്നവർ അനേകമാണ്. അത്തരത്തിൽ പൊള്ളുന്ന ജീവിതപാഠങ്ങൾകൊണ്ട് പ്രേക്ഷകരിൽ നൊമ്പരവും അതോടൊപ്പം ആശ്വാസവും നിറയ്ക്കുകയാണ് ജയസൂര്യ എന്ന മിടുക്കൻ. ഫ്ളവേഴ്സ് ഒരുകോടിയുടെ 471-മത്തെ എപ്പിസോഡിൽ മത്സരാർത്ഥിയായി എത്തിയ ജയസൂര്യയുടെ ബാല്യകാല അനുഭവങ്ങൾ വളരെ ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നു.
ആറാം വയസിൽ തെങ്കാശിയിൽ നിന്നും കേരളത്തിലേക്ക് എത്തിയതാണ് ജയസൂര്യ. അമ്മൂമ്മയുടെ ഒപ്പമാണ് തെങ്കാശിയിൽ ജയസൂര്യ വളർന്നത്. അച്ഛനും അമ്മയും ഉണ്ടായിരുന്നെങ്കിലും അവർ തമ്മിലുള്ള അസ്വാരസ്യങ്ങൾ മൂലം അന്ന് സൂര്യനാരായണൻ ആയിരുന്ന ജയസൂര്യ, അമ്മൂമ്മയ്ക്കൊപ്പമാണ് വളർന്നത്. എന്നാൽ, പ്രായാധിക്യത്തിന്റെ അവശതകൾ അമ്മൂമ്മയെ അലട്ടിയപ്പോൾ അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് അവന് തിരികെയെത്തേണ്ടി വന്നു. പക്ഷെ, ആ ജീവിതം വേണ്ട എന്ന് തീരുമാനിച്ച ജയസൂര്യ, അമ്മൂമ്മയുടെ വീട്ടിലേക്ക് മടങ്ങി പോകുന്നതിനായി തെങ്കാശിയിൽ നിന്നും ഒരു ട്രെയിനിൽ കയറി.
അന്ന് തെങ്കാശി- വിശാഖപട്ടണം – പുനലൂർ വഴി ഓടിയിരുന്ന ട്രെയിനിൽ കേരളത്തിൽ എത്തിപെടുകയായിരുന്നു ജയസൂര്യ. ട്രെയിനിൽ കയറിയിരുന്നാൽ അമ്മൂമ്മയുടെ വീടെത്തും എന്ന് കരുതിയ ആ ആറുവയസുകാരൻ അവസാന സ്റ്റോപ്പായ കൊല്ലത്താണ് ഇറങ്ങിയത്. വളരെയധികം കഷ്ടതകൾ അനുഭവിച്ച് അലറുടെയും കൂടെ അലഞ്ഞുതിരിഞ്ഞും പലവീടുകളിൽ കഴിഞ്ഞുമെല്ലാം ജീവിതം തള്ളിനീക്കുകയായിരുന്നു ജയസൂര്യ. ആദ്യം റെയിൽവേ സ്റ്റേഷനിൽ ചായക്കട നടത്തിയിരുന്ന ആളുടെ സഹായിക്കൊപ്പമായിരുന്നു. രാത്രിയിൽ പോലീസ് ചെക്കിങ്ങിന് വരുമ്പോൾ ഒളിഞ്ഞിരുന്ന് കഴിഞ്ഞുകൂടി. പിന്നീട് ആ സഹായിയെ കാണാതായി. അപ്പോൾ അവിടെയുള്ള ഒരു ഓട്ടോക്കാരൻ വീട്ടിലേക്ക് മകനായി കൊണ്ടുപോയി. അവിടെ ചെന്നപ്പോൾ സന്തുഷ്ടമായ ഒരു ജീവിതമാണ് ജയസൂര്യ സ്വപ്നം കണ്ടത്. എന്നാൽ, ഭാര്യക്ക് ഇഷ്ടമില്ലാത്തതിനാൽ അവനെ അയാൾ തിരികെ റെയിൽവേ സ്റ്റേഷനിൽ തന്നെ എത്തിച്ചു.
read Also: ഹോളിവുഡ് താരങ്ങൾക്കൊപ്പം അതിഥിയായി ദുൽഖർ സൽമാനും അമാലും- അംബാനി കുടുംബത്തിന് നന്ദി പറഞ്ഞ് താരം
പിന്നീട് പല ഇടപെടലുകളിലൂടെ കൊല്ലാത്തുള്ള ഷെൽട്ടർ ഹോമിൽ എത്തുകയായിരുന്നു ജയസൂര്യ. സൂര്യനാരായണൻ എന്ന യഥാർത്ഥ പേര് അന്ന് അവിടെയുണ്ടായിരുന്ന അധ്യാപകർ പ്രസിദ്ധ ക്രിക്കറ്റ് താരം സനത് ജയസൂര്യയുടേതാക്കി മാറ്റി. അങ്ങനെയാണ് അച്ഛനും അമ്മയും ജീവിച്ചിരിക്കുമ്പോൾ തന്നെ ജയസൂര്യ അനാഥമന്ദിരത്തിൽ എത്തപ്പെട്ടത്. അവിടെയും ജീവിതം മെച്ചപ്പെട്ടില്ല എന്നതാണ് ശ്രദ്ധേയം.
Story highlights- flowers orukodi contestant jayasurya life story