വിശ്വാസങ്ങളുടെ നിറവിൽ ഒരു ദുഃഖവെള്ളി കൂടി..
ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഈസ്റ്റർ ഞായറാഴ്ചയ്ക്ക് മുൻപുള്ള വെള്ളിയാഴ്ച ദുഃഖവെള്ളിയായി ആചരിക്കുന്നു. ബൈബിൾ കഥകളെ അടിസ്ഥാനമാക്കിയും ക്രിസ്ത്യൻ മത വിശ്വാസപ്രകാരവും യേശു ക്രിസ്തുവിന്റെ അഭിനിവേശം, ക്രൂശീകരണം, മരണം എന്നിവയെ ഈ ദിനം അനുസ്മരിക്കുന്നു. ദുഃഖവെള്ളി ഗുഡ് ഫ്രൈഡേ എന്നും അറിയപ്പെടുന്നു. ഗോഡ്സ് ഫ്രൈഡേ എന്നതിൽ നിന്നുമാണ് ഗുഡ് ഫ്രൈഡേ എന്ന പേര് ഉരുത്തിരിഞ്ഞതെന്ന് പറയപ്പെടുന്നു.
മനുഷ്യരാശിയുടെ പാപങ്ങൾക്കുള്ള വില നൽകുന്നതിനായി യേശു മരണം വരിച്ചതാണെന്നും ആ ദിനത്തിന്റെ ഓർമപ്പെടുത്തലാണ് ഓരോ ദുഃഖവെള്ളിയുമെന്നും കരുതപ്പെടുന്നു. ക്രൈസ്തവ വിശ്വാസികളിൽ ഒരു വിഭാഗം ഈ ദിനത്തെ ഗ്രേറ്റ് ഫ്രൈഡേ എന്ന് വിളിക്കുന്നു. ബ്ലാക്ക് ഫ്രൈഡേ, സോറോഫുൾ ഫ്രൈഡേ അല്ലെങ്കിൽ ലോങ്ങ് ഫ്രൈഡേ എന്നും ഈ ദിനം അറിയപ്പെടുന്നു. ഏറ്റവും പഴയ ക്രൈസ്തവ അവധി ദിനങ്ങളിൽ ഒന്നാണ് ദുഃഖവെള്ളി. ഈ ദിനം വിശ്വാസികൾ പ്രാർഥനയ്ക്കയും ഉപവാസത്തിനായും മാറ്റി വെയ്ക്കുന്നു. പല രാജ്യങ്ങളിലും ഈ ദിനം പല വിധത്തിലാണ് ആചരിക്കുന്നത്.
READ ALSO: ചില്ലുപാളികൾ കൊണ്ടൊരു ബീച്ച് ; വ്യത്യസ്താനുഭവമായി കാലിഫോർണിയയിലെ ഗ്ലാസ് ബീച്ച്
ഇന്ത്യ, ഇറ്റലി,ഫിലിപ്പൈൻസ്, സ്പെയിൻ തുടങ്ങി നിരവധി രാജ്യങ്ങളിൽ ഘോഷയാത്രകൾ നടത്തപ്പെടുന്നു. യേശുവിന്റെ കുരിശു യാത്രയെ അനുസ്മരിപ്പിക്കും വിധമാകും ഇത്തരം ഘോഷയാത്രകൾ. ബർമുഡയിൽ യേശുവിന്റെ കുരിശുയാത്രയുടെയും സ്വർഗ്ഗാരോഹണത്തിന്റെയും പ്രതീകമായി കൈകൊണ്ട് നിർമിച്ച പട്ടങ്ങൾ പറത്തുന്നു. പത്തൊൻപതാം നൂറ്റാണ്ടു മുതലേ ഇത്തരമൊരു ആചാരം ഈ നാട്ടിൽ നിലവിലുണ്ട്. ബെൽജിയം മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിലെ ദേവാലയങ്ങൾ യേശു അനുഭവിച്ച പീഡാനുഭവങ്ങളെ അനുസ്മരിപ്പിക്കും വിധം കറുത്ത തുണി പുതച്ചിരിക്കും. പോളണ്ടിലെ ഭൂരിഭാഗം ക്രൈസ്തവ വിശ്വാസികളും ഉണങ്ങിയ റൊട്ടിയും വറുത്ത ഉരുളക്കിഴങ്ങും മാത്രമാണ് ഈ ദിനം ഭക്ഷണമാക്കുക. ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി ഈസ്റ്റർ മുട്ട അലങ്കരിക്കുവാനും ഈ ദിനം ഉപയോഗിക്കുന്നു.
Story highlights- good friday 2023