സിനിമ മാത്രമായിരുന്നു എന്റെ സ്വപ്നവും ലോകവും; വിശേഷങ്ങളുമായി മാളവിക ശ്രീനാഥ്
\സിനിമ എന്നും സ്വപ്നങ്ങളുടെ സാക്ഷാത്കാരമാണ്. കഠിന പ്രയത്നവും നെയ്തു കൂട്ടിയ ഒരു പിടി സ്വപ്നങ്ങളും കലയോടുള്ള അഭിനിവേശവും എന്നും സിനിമ മേഖലയിലെ വിജയങ്ങൾക്കു പിന്നിൽ ഉണ്ടാകും . സിനിമ മാത്രം സ്വപ്നം കണ്ട് ,പഠിത്തവും ജോലിയും സിനിമയ്ക്ക് മുൻപിൽ തനിക്കു വലുതല്ല എന്ന് ഉറച്ചു വിശ്വസിച്ച ഒരു യുവ നടി ഇന്ന് മലയാള സിനിമയുടെ ഭാഗമാണ്. തന്റെ സ്വപ്നസാക്ഷാത്കാരത്തിനായി പ്രയത്നിച്ചു ഇന്ന് ആ സ്വപ്നങ്ങൾ നേടിക്കൊടുത്ത വെള്ളിവെളിച്ചം ആസ്വദിക്കുകയാണ് പുതുമുഖ നടി മാളവിക ശ്രീനാഥ്. സിനിമയിൽ ഒരു കൊച്ചു കഥാപത്രം മാത്രം സ്വപ്നം കണ്ടു നടന്ന പെൺകുട്ടിയിൽ നിന്ന് നിവിൻ പോളിയുടെ നായികയായാണ് മാളവിക മലയാള സിനിമയിൽ നായികയായി അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. 2022 ൽ പുറത്തിറങ്ങിയ സാറ്റർഡേ നൈറ്റ്സ് എന്ന റോഷൻ ആൻഡ്രൂസ് ചിത്രത്തിലൂടെയാണ് മലയാള സിനിമയ്ക്ക് മാളവിക ശ്രീനാഥ് എന്ന നായികയെ ലഭിക്കുന്നത്.
24 ന്യൂസിന്റെ ഹാപ്പി ടു മീറ്റ് യൂ എന്ന എക്സ്ക്ല്യൂസീവ് ഇന്റർവ്യൂവിൽ തന്റെ ഇതുവരെയുള്ള ജീവിതം തുറന്നു പറയുകയാണ് മാളവിക. സിനിമ എന്ന മോഹം യാഥാർഥ്യമാക്കി എടുക്കുക പാലക്കാട് പട്ടാമ്പിയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച മാളവിക എന്ന പെൺകുട്ടിക്ക് ഒട്ടും എളുപ്പമായിരുന്നില്ല. കുട്ടിക്കാലം മുതൽ തന്റെ സ്വപ്നങ്ങൾ മുഴുവൻ സിനിമയുമായി ബന്ധപ്പെട്ടതായിരുന്നു. അതിനു പിന്നാലെ നടന്ന തനിക്ക് സ്കൂളിലോ കോളേജിലോ പറയത്തക്ക സൗഹൃദങ്ങൾ പോലും ഉണ്ടാക്കാൻ സാധിച്ചില്ല . ഓരോ തവണ അവസരങ്ങൾ നഷ്ടമാകുമ്പോളും വീണ്ടും വീണ്ടും ശ്രമിച്ചുകൊണ്ടേയിരുന്നു. MBA പഠനം പൂർത്തിയാക്കിയെങ്കിലും സിനിമാക്കപ്പുറം മറ്റൊന്നും സ്വപ്നങ്ങളിൽ പോലും ഇല്ലാതിരുന്നതിനാൽ ഒരു ജോലിക്കു പോലും ശ്രമിച്ചിരുന്നില്ലെന്ന് മാളവിക തുറന്നു പറഞ്ഞു.
സിനിമമോഹി എന്ന പേരിൽ ഒരുപാട് പരിഹാസങ്ങൾ ചുറ്റുമുള്ളവരിൽ നിന്നും കേൾക്കേടി വന്നു. പക്ഷെ തളർന്നില്ല. മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ചിന് താനും വേണമെങ്കിൽ ഒരു ഇര ആണ് എന്ന് പറയാൻ എന്ന് പറഞ്ഞാണ് മാളവിക തന്റെ ജീവിതത്തിലെ ഒരു ദുരനുഭവം ഇന്റർവ്യൂവിലൂടെ പങ്കു വെച്ചത്. മഞ്ജു വാര്യരുടെ മകളായി അഭിനയിപ്പിക്കാം എന്ന വാഗ്ദാനം നൽകി ഓഡിഷനായി വിളിക്കുകയും അവിടെ വെച്ചു തന്നോട് മോശമായി പെരുമാറിയെന്നും നടി തുറന്നു പറഞ്ഞു .സമാനമായ ഒന്ന് രണ്ടു അനുഭവങ്ങളിൽ കൂടെ താൻ കടന്നു പോയിട്ടുണ്ടെന്നും അത്തരം അവസ്ഥകളിൽ കുടുംബം മാത്രമാണ് തനിക്കു കൂട്ടായുണ്ടായിരുന്നതെന്ന് നടി കൂട്ടിച്ചേർത്തു.
സിനിമയ്ക്ക് അപ്പുറം തനിക്ക് മറ്റൊരു സ്വപ്നമില്ലന്നും സിനിമ മാത്രമാണ് തന്റെ ലോകമെന്നും മാളവിക പറയുന്നു. താൻ വെയിൽ കൊണ്ട് ഓഡിഷനായി ക്യു നിന്ന റോഡിൽ തന്റെ സിനിമയുടെ പോസ്റ്റർ കണ്ടു പൊട്ടിക്കരഞ്ഞ നിമിഷം മറ്റെന്ത് അവാർഡ് കിട്ടുന്നതിലും മികച്ചതാണെന്ന് പറഞ്ഞു ആ നിമിഷങ്ങൾ പങ്കു വെക്കുകയാണ് താരം. ആസിഫ് അലിയുടെ കൂടെയാണ് പുറത്തിറങ്ങാനിരിക്കുന്ന മാളവികയുടെ അടുത്ത ചിത്രം. ധനുഷിന്റെ കൂടെ അഭിനയിക്കുക എന്നതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം എന്നും മാളവിക പറയുന്നു.
Read Also: സൗദി അറേബ്യയുടെ ആഡംബരം വിളിച്ചോതാൻ ‘ഡ്രീം ഓഫ് ദി ഡെസേർട്ട്’ എന്ന 5 സ്റ്റാർ ആഡംബര ട്രെയിൻ വരുന്നു
സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും , WCC പോലുള്ള സംഘടനകളുടെ ആവശ്യകതയെക്കുറിച്ചും താരം തുറന്നു പറഞ്ഞു. സ്ത്രീയുടെ വസ്ത്രധാരണ രീതിയല്ല മറിച്ചു സമൂഹത്തിന്റെ ചിന്തയാണ് മാറ്റേണ്ടതെന്നും താരം അഭിപ്രായപ്പെട്ടു.
Story highlights- malavika sreenath exclusive interview