പ്രതിരോധ ശേഷി വർധിപ്പിച്ച് ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കാൻ ശീലമാക്കാം, ഉള്ളി ചായ

April 21, 2023

ഭക്ഷണ ലോകത്ത് വൈവിധ്യമാർന്ന പരീക്ഷണങ്ങൾ നടത്തുന്നത് പതിവാണ്. കേൾക്കുമ്പോൾ അമ്പരപ്പ് തോന്നുന്ന ഭക്ഷണ സാധനങ്ങളും പാനീയങ്ങളുമെല്ലാം വിപണിയിൽ ഇന്ന് ലഭ്യമാണ്. അങ്ങനെ ഒരു പാനീയമാണ് ഇപ്പോൾ സോഷ്യൽ ലോകത്ത് ചർച്ചയാകുന്നത്. കറികളിൽ ഒഴിവാക്കാൻ സാധിക്കാത്ത ഒന്നാണ് ഉള്ളി, സവാള എന്നിവ. രൂക്ഷ ഗന്ധഗമുണ്ടെങ്കിലും ഇവ ഭക്ഷണത്തിനു രുചി പകരുന്നതാണ്. ഉള്ളി ചായയാണ് ഇപ്പോൾ താരമാകുന്നത്.

പലതരം ചായകളെക്കുറിച്ച് കേട്ടിട്ടുണ്ടാകാം. നീല ചായ, മഞ്ഞൾ ചായ, ഇഞ്ചി ചായ, തുളസി ചായ എന്നിങ്ങനെ ഈ പട്ടിക നീളുന്നു. എന്നാൽ, ഉള്ളി ചായ ഇന്നുവരെ കേട്ടുകേൾവി ഇല്ലാത്ത ഒന്നാണ്. പ്രത്യേകം തയ്യാറാക്കുന്ന ചായകളെ പോലെ പ്രതിരോധ ശേഷി വർധിപ്പിക്കാനാണ് ഉള്ളി ചായയും ആളുകൾ ഉപയോഗിക്കുന്നത്.

ചുമ, ജലദോഷം, രക്തസമ്മർദ്ദം എന്നിവയിൽ നിന്നും നിങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്ന ഒന്നാണ് ഉള്ളിയും സവാളയും.അതിനാൽ തന്നെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന പാനീയമാണ് ഉള്ളി ചായ. വളരെ ലളിതമായി തയ്യാറാക്കാവുന്ന ഉള്ളി ചായ ഗുണത്തിലും ഊർജ്ജത്തിലും മുൻപന്തിയിലാണ്.

യൂറോപ്യൻ ക്ലിനിക്കൽ ന്യൂട്രീഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് പ്രകാരം, ഉള്ളിയിൽ ക്വെർസെറ്റിൻ എന്ന ഫ്ലേവനോയ്ഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ ആന്റിഓക്‌സിഡന്റുകൾ വർധിപ്പിക്കും. കാലാവസ്ഥ മാറുമ്പോൾ ഉണ്ടാകുന്ന ജലദോഷവും ചുമയും തടയുന്നതിനും ഇത് നല്ലതാണ്. രക്തസമ്മർദ്ദം, ജോലി സമ്മർദ്ദം എന്നിവ നിയന്ത്രിക്കാൻ ഈ ചായ സഹായകമാണെന്നും റിപ്പോർട്ടുണ്ട്.

Read also: ഞാൻ ഒരു ഫോട്ടോ എടുത്തോട്ടെ?; ഹൃദയസ്പർശിയായ വീഡിയോ

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഈ ചായ ഉണ്ടാക്കാൻ ഒരു സവാള, മൂന്ന് അല്ലി വെളുത്തുള്ളി, രണ്ടു ടേബിൾ സ്പൂൺ തേൻ, രണ്ടു കപ്പ് വെള്ളം, ഒരു പട്ട ഇല, 2-3 ഗ്രാമ്പൂ എന്നിവയാണ് ആവശ്യം. ഉള്ളി ചായ തയ്യാറാക്കുന്നതിനായി ഒരു സോസ്പാനിൽ വെള്ളം തിളപ്പിച്ച് ഉള്ളിയും വെളുത്തുള്ളിയും അരിഞ്ഞ് ചേർത്ത് തിളപ്പിച്ച ശേഷം ആവശ്യമായ ബാക്കി സാധനങ്ങളും ചേർത്ത് ഇരുണ്ട തവിട്ടുനിറമാകും വരെ തിളപ്പിക്കാം. രുചിക്കായി തേൻ ചേർത്താണ് കുടിക്കേണ്ടത്. ജീവിത ശൈലി രോഗങ്ങൾ നിയന്ത്രിക്കാൻ ഉള്ളി ചായ ശീലമാക്കാം.

Story highlights- onion tea benefits