‘എമ്പുരാൻ ലോഡിങ്’; ലൊക്കേഷൻ അന്വേഷിച്ച് പൃഥ്വിരാജ് വിദേശത്ത്

പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ വിജയത്തിന് ശേഷം രണ്ടാം ഭാഗമായ എമ്പുരാനായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. എമ്പുരാന്റെ ഓരോ അപ്ഡേറ്റുകളും സോഷ്യൽ മീഡിയിൽ ഹിറ്റ് ലിസ്റ്റിലാണ് ഇടംപിടിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ സംവിധായകൻ പൃഥ്വിരാജും തിരക്കഥാകൃത്ത് മുരളി ഗോപിയും കൃത്യമായി പ്രേക്ഷകരിലേയ്ക്ക് എത്തിക്കാറുണ്ട്. മോഹൻലാലിൻറെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്.
ചിത്രത്തിന്റെ പുതിയ വിശേഷങ്ങളാണ് ഇപ്പോൾ പൃഥ്വിരാജ് പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന്റെ ലൊക്കേഷൻ കണ്ടെത്താനായി യു.കെയിലാണെന്നാണ് താരം അറിയിച്ചിരിക്കുന്നത്. മൂന്ന് ദിവസമായി യു.കെയിൽ തുടരുന്ന പൃഥ്വിരാജ് ഫെയ്സ്ബുക്കിൽ തന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
ആരാധകർക്ക് വിഷു ആശംസകളും താരം നേർന്നിട്ടുണ്ട്. ഓഗസ്റ്റിൽ എമ്പുരാന്റെ ചിത്രീകരണം തുടങ്ങുമെന്നാണ് വിവരങ്ങൾ. പൃഥ്വിരാജ് സുകുമാരന്റെ ആദ്യസംവിധാന സംരംഭമായിരുന്നു ലൂസിഫർ. ബോക്സ്ഓഫീസിൽ വൻവിജയം കാഴ്ച്ചവെച്ച ചിത്രത്തിൽ ഇന്ദ്രജിത്ത്, മഞ്ജു വാര്യർ, വിവേക് ഒബ്റോയി, ടൊവിനോ, സായ്കുമാർ, ഷാജോൺ തുടങ്ങി വമ്പൻ താരനിരയാണ് അണിനിരന്നത്.
2019-ൽ തിയേറ്ററുകളിലെത്തിയ ലൂസിഫർ മലയാളത്തിലെ ഏറ്റവും വലിയ ബോക്സോഫീസ് വിജയം നേടിയ ചിത്രമാണ്. 250 കോടി ക്ലബ്ബിൽ കയറിയ ആദ്യ മലയാള ചിത്രമാണ് ലൂസിഫർ. ചിത്രത്തിന്റെ തെലുങ്ക് റീമക്ക് നേരത്തെ റിലീസ് ചെയ്തിരുന്നു. മെഗാ താരം ചിരഞ്ജീവിയാണ് ലൂസിഫറിന്റെ തെലുങ്ക് റീമേക്കിൽ മോഹൻലാൽ ചെയ്ത കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.
Story Highlights: Empuraan to commence shooting in august