സാമന്തയ്ക്ക് പിന്നാലെ രശ്‌മികയുടെയും നായകനായി ദേവ് മോഹൻ- തെലുങ്കിൽ തിരക്കേറി ‘സൂഫിയും സുജാതയും’ താരം

April 4, 2023

സൂഫിയും സുജാതയും സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടൻ ദേവ് മോഹൻ തെലുങ്കിൽ തിരക്കേറിയ താരമാകുകയാണ്. താരം കേന്ദ്രകഥാപാത്രമാകുന്ന മറ്റ് ചിത്രങ്ങളും വെള്ളിത്തിരയിൽ ഒരുങ്ങുന്നുണ്ട്. സാമന്തക്കൊപ്പം ദേവ് മോഹൻ അഭിനയിക്കുന്ന ചിത്രമാണ് റിലീസിന് ഒരുങ്ങുന്ന ശാകുന്തളം. ദുഷ്യന്തനായാണ് ദേവ് മോഹൻ ചിത്രത്തിൽ വേഷമിടുന്നത്.

ഇപ്പോഴിതാ, അടുത്ത തെലുങ്ക് ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ് നടൻ. രശ്‌മിക മന്ദാനയുടെ നായകനായാണ് ദേവ് മോഹൻ എത്തുന്നത്. നവാഗത സംവിധായകൻ ശാന്തരൂപൻ ഒരുക്കുന്ന റെയിൻബോ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ഇന്ന് ഹൈദരാബാദിൽ ഔപചാരിക പൂജാ ചടങ്ങുകളോടെ ‘റെയിൻബോ’ ചിത്രീകരണം ആരംഭിച്ചു. രശ്മിക മന്ദാനയുടെ പുതിയ ചിത്രത്തിന് അമല അക്കിനേനി ആദ്യ ക്ലാപ്പ് നൽകി.

കെ.എം. ജസ്റ്റിൻ പ്രഭാകരൻ സംഗീതസംവിധാനം നിർവഹിക്കുമ്പോൾ ഭാസ്കരൻ ക്യാമറ കൈകാര്യം ചെയ്യുന്നു. ദേശീയ അവാർഡ് ജേതാവായ പ്രൊഡക്ഷൻ ഡിസൈനർ ബംഗ്ലനാണ് പ്രൊഡക്ഷൻ ഡിസൈനിന്റെ ചുമതല. അതേസമയം, തൃശ്ശൂര്‍ സ്വദേശിയാണ് ദേവ്. ജയസൂര്യയെ നായകനാക്കി നരണിപ്പുഴ ശ്രീനിവാസ് സംവിധാനം നിര്‍വഹിച്ച ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിൽ സൂഫിയായി വേഷമിട്ടാണ് ചലച്ചിത്രലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ കഥാപാത്രമായിരുന്നു സൂഫി. അദിതി റാവുവാണ് ചിത്രത്തില്‍ നായികയായെത്തിയത്. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിംസ് ഒരുക്കിയ ചിത്രമാണ് ‘സൂഫിയും സുജാതയും’. 

Read Also: ഐസിൽ പമ്പരം പോലെ ചുറ്റിക്കറങ്ങി ഒരു 62 കാരി; അമ്പരപ്പിക്കുന്ന സ്കേറ്റിംഗ് പ്രകടനം-വിഡിയോ

താരം മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന മറ്റൊരു ചിത്രമാണ് ‘പുള്ളി’. ചിത്രം സംവിധാനം ചെയ്യുന്നത് ജിജു അശോകനാണ്. ഉറുമ്പുകൾ ഉറങ്ങാറില്ല, പ്രേമസൂത്രം എന്നീ ചിത്രങ്ങൾക്ക് ശേഷം ദേവ് മോഹൻ ഒരുക്കുന്ന ചിത്രമാണ് ‘പുള്ളി’. കമലം ഫിലിംസിന്റെ ബാനറിൽ ടിബി രഘുനാഥനാണ് ചിത്രം നിർമിക്കുന്നത്.

Story highlights-  Rashmika Mandanna and Dev Mohan at Rainbow’s launch