മകന്റെ പേരിന് പിന്നിൽ ഒരു കഥയുണ്ട്- പങ്കുവെച്ച് ഷംന കാസിം

April 5, 2023

മലയാളത്തിലും തമിഴിലും അവിസ്മരണീയമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടി ഷംന കാസിമിനും ഭർത്താവും വ്യവസായിയുമായ ഷാനിദ് ആസിഫ് അലിക്കും കുഞ്ഞു പിറന്നു. കഴിഞ്ഞ ദിവസമാണ് ഷംനയെ ദുബായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ നടി ഒരു ആൺകുഞ്ഞിന് ജന്മം നൽകി. ഇപ്പോഴിതാ, മകന്റെ പേരും പേരിന് പിന്നിലെ കഥയും പങ്കുവയ്ക്കുകയാണ് നടി.

ഹംദാൻ എന്നാണ് കുഞ്ഞിന് പേര് നൽകിയത്. ഷംന തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ദുബായിലെ ആസ്റ്റർ ആശുപത്രിയിൽ വച്ചായിരുന്നു ഷംനയുടെ പ്രസവം. ആശുപത്രിയിലെ ഡോക്ടർ ഫാത്തിമ സഫയ്ക്കും ടീമിനും ഷംന നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഷംനയുടെ ഭർത്താവ് ഷാനിദിന്റെ 24 വർഷത്തെ ദുബായ് ജീവിതത്തിന്റെ ആദരവായി ദുബായ് കിരീടാവകാശിയുടെ പേരാണ് കുട്ടിക്ക് നൽകിയിരിക്കുന്നത്.

ഡിസംബർ അവസാനം ഷംന തന്റെ യൂട്യൂബ് ചാനലിലൂടെ അമ്മയാകാൻ പോകുന്നുവെന്ന സന്തോഷവാർത്ത പങ്കുവെച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറിലായിരുന്നു താരത്തിന്റെ വിവാഹം. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭർത്താവ്.

കോളേജ് കുമാരൻ, മകരമഞ്ഞ്, ചട്ടക്കാരി, ഒരു കുട്ടനാടൻ വ്ലോഗ്, മധുരരാജ, ദൃശ്യം 2, തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടിയാണ് ഷംന കാസിം. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവമാണ് ഷംന. മറ്റു ഭാഷകളിൽ പൂർണ എന്ന പേരിൽ അറിയപ്പെടുന്നു. നാനിയും കീർത്തി സുരേഷും അഭിനയിച്ച ദസറയാണ് ഷംനയുടെ ഏറ്റവും പുതിയ ചിത്രം. മാർച്ച് 30ന് തിയറ്ററുകളിൽ എത്തിയ ചിത്രം മികച്ച നിരൂപണങ്ങളുമായി പ്രദർശനം തുടരുകയാണ്.

Read Also: വിഷാദരോഗവും അൽസ്ഹൈമേഴ്‌സും ബാധിച്ച മുതിർന്നവർക്ക് ആശ്വാസമാവുന്ന മൃഗങ്ങൾ; ഹൃദയം തൊടുന്ന കാഴ്ച്ച-വിഡിയോ

അതേസമയം, 2022 ജൂൺ 2 ന് നടി ഷംന കാസിം ബിസിനസുകാരനായ ഷാനിദ് ആസിഫലിയെ വിവാഹം കഴിക്കുകയാണെന്ന് തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ അറിയിച്ചത്. പ്രഖ്യാപന വേളയിൽ, ഷംന കാസിം തന്റെ പ്രതിശ്രുതവരനോടൊപ്പമുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്യുകയും കുടുംബത്തിന്റെ അനുഗ്രഹത്തോടെ ജീവിതത്തിന്റെ അടുത്ത ഭാഗത്തേക്ക് ചുവടുവെക്കുന്നു എന്ന് കുറിക്കുകയും ചെയ്തു.

Story highlights- shamna kasim about son’s name