‘ഡെഡിക്കേഷൻ വേറെ ലെവൽ’; തങ്കലാനിൽ പുതിയ പകർന്നാട്ടവുമായി വിക്രം- വിഡിയോ

പാ.രഞ്ജിത്ത് സംവിധാനം ചെയ്യുന്ന തങ്കലാൻ സിനിമയുടെ മേക്കിങ് വിഡിയോ പുറത്തിറങ്ങിയതോടെ സിനിമ പ്രേമികൾ ഒന്നടങ്കം ആകാംഷയുടെ മുൾമുനയിലാണ്. ചിയാൻ വിക്രം നായകനാകുന്ന ഈ ചിത്രം താരത്തിന്റെ അഭിനയജീവിതത്തിലെ മറ്റൊരു നാഴികക്കല്ലാകുമെന്നാണ് വിക്രം ആരാധകരുടെ പ്രതീക്ഷ. താരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് സിനിമയുടെ മേക്കിങ് വിഡിയോ പുറത്തിറക്കിയിരിക്കുന്നത്.
പതിവ് പോലെ തന്നെ തന്റെ പുതിയ രൂപത്തിലും ഭാവത്തിലും ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് വിക്രം. കർണാടകയിലെ കോലാർ ഗോൾഡ് ഫീൽഡിലെ (കെ.ജി.എഫ്) ഖനി തൊഴിലാളികളുടെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ ആണ് വിക്രത്തിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം.
സ്റ്റുഡിയോ ഗ്രീനിന്റെയും നീലം പ്രൊഡക്ഷൻസിന്റെയും ബാനറിൽ കെ.ഇ. ജ്ഞാനവേൽ രാജയാണ് ചിത്രം നിർമിക്കുന്നത്. സംഗീതം ജിവി പ്രകാശ് കുമാറും കിഷോർ കുമാർ ഛായാഗ്രഹണവും ആർകെ സെൽവ എഡിറ്റിംഗും നിർവ്വഹിക്കുന്നു. പാ.രഞ്ജിത്തിന്റേയും തമിഴ് പ്രഭയുടെയുമാണ് കഥ. ചിയാൻ വിക്രം, പാർവതി തിരുവോത്ത്, മാളവിക മോഹനൻ, പശുപതി, ഹരികൃഷ്ണൻ അൻബുദുരൈ തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങൾ.
Story highlights- thangalaan making video